
ജഷീർ പള്ളിവയൽ കളക്ടർ ഡി.ആർ. മേഘശ്രീക്ക് നാമനിർദേശപ്പത്രിക സമർപ്പിക്കുന്നു.|Photo: MBI
കല്പറ്റ: തദ്ദേശതിരഞ്ഞെടുപ്പിലെ നാമനിര്ദേശപത്രികസമര്പ്പണം പൂര്‍ത്തിയായപ്പോള്‍ വിമതശല്യത്തില്‍ വീര്‍പ്പുമുട്ടി കോണ്‍ഗ്രസ്. വ്യാഴാഴ്ച രാത്രി സമവായമുണ്ടാക്കി പ്രഖ്യാപിച്ച ജില്ലാപഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിപ്പട്ടികയില്‍ അഭിപ്രായവ്യത്യാസമുള്ള നേതാക്കളില്‍ പലരും വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിക്കാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറിയും കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ജഷീര്‍ പള്ളിവയല്‍ ജില്ലാപഞ്ചായത്തിലേക്ക് നാമനിര്‍ദേശപത്രിക നല്കി. അദ്ദേഹം ആദ്യംമുതലേ താത്പര്യപ്പെട്ടിരുന്ന തോമാട്ടുചാല്‍ സീറ്റിലേക്കാണ് പത്രികനല്കിയത്.
മത്സരത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നാമനിര്‍ദേശപത്രിക നല്കിയതിനുശേഷം ജഷീര്‍ പള്ളിവയല്‍ പറഞ്ഞു. പാര്‍ട്ടിയിലെ ചിലയാളുകള്‍ സ്ഥാനാര്‍ഥിത്വം ഇല്ലാതാക്കാനായി ശ്രമിച്ചു. ജന്മനാട്ടില് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിലയിരുത്തിയത് വേദനിപ്പിച്ചു. പാര്‍ട്ടി തീരുമാനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ മറ്റൊരുപാര്ട്ടിയിലേക്കും പോകില്ലെന്നും ജഷീര്‍ പള്ളിവയല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് ജഷീര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ മത്സരിക്കുന്ന പനമരം ബ്ലോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനില്‍ വിമതനായി കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന ബിനു ജേക്കബ് ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിലവില്‍ സ്ഥിരംസമിതിയധ്യക്ഷനാണ് ബിനു. നേരത്തെ സീറ്റ് നല്‍കാമെന്ന് ഡിസിസി നേതൃത്വം ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ ഗ്രൂപ്പ് കളിച്ച് സംസ്ഥാന നേതൃത്വത്തെ സ്വാധീനിച്ചാണ് സംഷാദ് മരക്കാര്‍ സീറ്റ് തട്ടിയെടുത്തതാണ് ബിനു ജേക്കബിന്റെ ആരോപണം.
വാര്‍ഡുകളില്‍ ഒരു പണിയും എടുക്കാതെ ഒരുവിഭാഗം സീറ്റിനുവേണ്ടി മാത്രം നോക്കി നടക്കുകയാണെന്ന് ബിനു ജേക്കബ് പറഞ്ഞു. വാര്‍ഡുകളില്‍ ഒരു വോട്ട് പോലും ഇവരാരും പുതിയതായി ചേര്‍ത്തിട്ടില്ല. പാര്‍ട്ടി പരിപാടികള്‍ക്ക് ആളെ എത്തിക്കാറുമില്ല. ഇങ്ങനെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചും ഭീഷണിപ്പെടുത്തിയും സീറ്റുകള്‍ തട്ടിയെടുക്കുകയാണ്. കഴിഞ്ഞ രണ്ടുതവണയും ഗ്രാമപ്പഞ്ചായത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തനിക്ക് സീറ്റ് നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണ്. പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് പോലും ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ബിനു ജേക്കബ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിലെ ചിലരുടെ അപ്രമാദിത്വമാണ് ഇവിടെയെന്നും ബിനു ജേക്കബ് പറഞ്ഞു. നേരത്തെ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ വരദൂര്‍ ഉള്‍പ്പെടെയുള്ള വാര്‍ഡ് ഉണ്ടായിരുന്നിട്ടും പാര്‍ട്ടി നേതൃത്വം ബ്ലോക്ക് സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പിന്മാറിയത്. ഡിസിസി വൈസ് പ്രസിഡന്റ് കൂടിയാണ് സംഷാദ് മരയ്ക്കാര്‍.
തദ്ദേശതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനനാളിലും കണിയാമ്പറ്റയിലെ യുഡിഎഫില്‍ മുസ്ലിംലീഗും കോണ്‍ഗ്രസുംതമ്മില്‍ സീറ്റില്‍ ധാരണയായില്ല. ഇതോടെ, മുസ്ലിംലീഗ് മത്സരിക്കുന്ന നാല് വാര്‍ഡില്‍ യുഡിഎഫിലെ ഒരുവിഭാഗം ആളുകള്‍ചേര്‍ന്ന് വിമതസ്ഥാനാര്‍ഥികളെ നിര്‍ത്തി.
മൂന്നുവാര്‍ഡ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട് 21 വാര്‍ഡുള്ള ഗ്രാമപ്പഞ്ചായത്തില്‍ പത്തുസീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഒന്പതുസീറ്റുമാത്രമേ നല്കാന് സാധിക്കൂവെന്നാണ് ലീഗ് നിലപാട്. നേരത്തേ 18 സീറ്റുണ്ടായിരുന്ന പഞ്ചായത്തില്‍ ഒന്‍പതുസീറ്റില്‍ മുസ്ലിംലീഗും എട്ടുസീറ്റില്‍ കോണ്‍ഗ്രസും ഒരു പൊതുസ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇക്കുറി 12 സീറ്റും ലീഗ് ഏറ്റെടുക്കുകയായിരുന്നു. ഒരുസീറ്റുകൂടി വിട്ടുതരണമെന്ന് ജില്ലാനേതൃത്വത്തെ ഉള്‍പ്പെടെ കണ്ട് ചര്‍ച്ചചെയ്തെങ്കിലും പരിഹാരമാവാത്തതിനാലാണ് പ്രഗല്ഭരായ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ വിമതരായി മത്സരരംഗത്തെത്തിയത്.
പുല്‍പ്പള്ളി പാടിച്ചിറ ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് മുരിയന്കാവിനെതിരേ മൂന്ന് കോണ്‍ഗ്രസ് നേതാക്കളാണ് വിമതസ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ പത്രിക നല്‍കിയത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി.ടി. തോമസ്, മുള്ളന്‍കൊല്ലി മണ്ഡലം മുന്‍ ട്രഷറര്‍ മനോജ് കടുപ്പില്‍, മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ പുകുടിയില്‍ എന്നിവരാണ് വിമതരായി മത്സരിക്കുന്നത്.
കേണിച്ചിറ ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസിലെ അതുല്‍ തോമസിനെതിരേ ഇരുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റും പൂതാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.എസ്. പ്രഭാകരന് നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്. വനിതാ സംവരണ ഡിവിഷനുകളായ ഇരുളത്ത് ശ്രീദേവി മുല്ലക്കലിനെതിരേ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ലൗലി സാജുവും മുള്ളന്‍കൊല്ലിയില്‍ സുമ വിനിഷിനെതിരേ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം രജനി ചന്ദ്രനും നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്. മുള്ളന്‍കൊല്ലി സീറ്റില്‍ മണ്ഡലം കമ്മിറ്റി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത് രജനി ചന്ദ്രനെയായിരുന്നു.
പനമരം ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫിലെ ഘടകക്ഷിയായ കേരള കോണ്‍ഗ്രസിന്(ജേക്കബ്) നല്കാന് ധാരണയിലെത്തിയ പാക്കം ഡിവിഷനിലും വിമതസ്ഥാനാര്ഥിയെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി. കേരള കോണ്‍ഗ്രസ്(ജേക്കബ് ) സംസ്ഥാന വര്‍ക്കിങ് ചെയര്മാന് എം.സി. സെബാസ്റ്റ്യനാണ് പാര്‍ട്ടിക്കുവേണ്ടി ഇവിടെ മത്സരിക്കുന്നത്. എന്നാല്‍, മുന്‍ മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസ്, ഷിനോ പാറക്കാലായില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ പാക്കം ബ്ലോക്ക് ഡിവിഷനില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്കി. 12 സ്ഥാനാര്‍ഥികളാണ് ഈ സീറ്റില്‍ മത്സരത്തിനുള്ളത്. കെപിസിസി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ സീറ്റ് തങ്ങള്‍ക്ക് നല്കാന് ധാരണയിലായിരുന്നതാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം നേതാക്കള്‍ പറഞ്ഞു.
പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വീട്ടിമൂലയിലും കോണ്‍ഗ്രസിന് വിമതഭീഷണിയുണ്ട്. കഴിഞ്ഞ ഭരണസമിതിയിലെ ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന ജോമറ്റ് കോതവഴിക്കലാണ് ഇവിടത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. ഈ സീറ്റില്‍ കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി മധു ജോയി മാങ്കോട്ടിലും മത്സരത്തിനായി നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്. വാര്‍ഡ് കമ്മിറ്റിയിലെ ഭൂരിപക്ഷംപേരും മധുവിന്റെ പേരാണ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിരുന്നതെന്നും പാര്‍ട്ടി നേതൃത്വം ഇതിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് വിമത സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയതെന്നുമാണ് ഒരുവിഭാഗം പറയുന്നത്.
Content Highlights: Congress struggles with internal dissent as rebel candidates emerge in Wayanad local body elections.
Published: 22 Nov 2025, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented