
ജില്ലയിലെ പല സ്ഥലങ്ങളിലായി താമസിക്കുന്ന വോട്ടര്മാരെ സന്ദര്ശിക്കുന്ന വിവിധ പാര്ട്ടിയിലെ സ്ഥാനാര്ഥികള്.
മേപ്പാടി: ദുരന്തഭൂമിയായ ചൂരല്മല വാര്ഡിലെ സ്ഥാനാര്ഥികള് വോട്ടര്മാരെ കാണാന് ജില്ലമുഴുവന് നെട്ടോട്ടമോടുകയാണ്. ഒരു കൊച്ചുവാര്ഡിലെ മുഴുവന് വോട്ടര്മാരെയും കാണാന് മൂന്ന് നിയമസഭാ മണ്ഡലങ്ങളും കടന്ന് യാത്രചെയ്യേണ്ട ദുരവസ്ഥ.
പക്ഷേ, സ്ഥാനാര്ഥികള് എല്ലാവരും ദുരന്തമുഖത്തുണ്ടായിരുന്നവരോ ദുരന്തമേഖലയില് പ്രവര്ത്തിച്ച് പരിചയമുള്ളവരോ ആയതിനാല് വോട്ടര്മാരെ തേടിയുള്ള ഈ അലച്ചില് അവര്ക്ക് വിഷമത്തേക്കാളേറെ സാന്ത്വനമാണ് നല്കുന്നത്. ഒരേനാട്ടില് പരസ്പരം കണ്ടും കേട്ടും വളര്ന്നവരെ വീണ്ടും കാണുവാനും അവരെ അനുഭാവപൂര്വം കേള്ക്കുവാനും പ്രശ്നങ്ങള് പഠിക്കുവാനും കിട്ടിയ അവസരമായിട്ടാണ് ഇതിനെ എല്ലാ സ്ഥാനാര്ഥികളും കാണുന്നത്. 2024 ജൂലായ് 30-നുണ്ടായ ദുരന്തശേഷം സുരക്ഷിതസ്ഥാനങ്ങള് തേടി ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പ്രദേശങ്ങളിലേക്ക് പലായനം ചെയ്തവരുണ്ട്.
പുല്പള്ളി, മാനന്തവാടി, പനമരം, കമ്പളക്കാട്, സുല്ത്താന്ബത്തേരി, കല്പറ്റ പടിഞ്ഞാറത്തറ, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില് ചിതറിക്കിടക്കുകയാണ് ദുരന്തഭൂമിയിലെ വോട്ടര്മാര്. അതിജീവിതരുടെ അടുത്ത് വോട്ട് തേടിയെത്തുമ്പോള്, രാഷ്ട്രീയത്തേക്കാളേറെ അവരനുഭവിക്കുന്ന പ്രശ്നങ്ങള് കേള്ക്കുവാനും സമാശ്വാസിപ്പിക്കുവാനുമാണ് സ്ഥാനാര്ഥികള് ശ്രമിക്കുന്നത്.
മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്ഡായ ചൂരല്മലയില് 2336 വോട്ടര്മാരുണ്ട്. 980 കുടുംബങ്ങളുണ്ടായിരുന്ന വാര്ഡില് ഇന്ന് അവശേഷിക്കുന്നത് 270 കുടുംബങ്ങള് മാത്രം. ബാക്കിയുള്ളവരൊക്കെ ജില്ലയുടെ വിവിധ ഭാഗങ്ങളിലും പുറത്തുമാണ് താമസിക്കുന്നത്. 10-ാം വാര്ഡായ അട്ടമലയില് 906 വോട്ടര്മാരാണുള്ളത്. ഇവരില് 156 കുടുംബങ്ങള് സുരക്ഷിത ഇടങ്ങള് തേടി മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറി.
സ്ഥാനാര്ഥികളില് ബഹുഭൂരിപക്ഷം പേര്ക്കും ഇതുവരെ മുഴുവന് വോട്ടര്മാരെയും നേരില്ക്കാണാന് സാധിച്ചിട്ടില്ല. 'ഒരുദിവസം പരമാവധി എട്ടോ പത്തോ വോട്ടര്മാരെ നേരില്ക്കണ്ടാലായി. കിലോമീറ്ററുകള് വാഹനങ്ങളില് സഞ്ചരിച്ചും നടന്നും അതിജീവിതരുടെ വാടകവീടുകളിലെത്തുമ്പോഴായിരിക്കും വീട് പൂട്ടിയിട്ടിരിക്കുന്നതായി കാണുന്നത്. പിന്നെയും കിലോമീറ്ററുകള് സഞ്ചരിച്ചാല്മാത്രമേ മറ്റുള്ളവര് താമസിക്കുന്ന പ്രദേശങ്ങളിലെത്താന് കഴിയൂ' -പത്താം വാര്ഡിലെ എല്ഡിഎഫ് സ്ഥാനാര്ഥി ഷൈജ ബേബിയും 11-ാം വാര്ഡിലെ ബിജെപി സ്ഥാനാര്ഥി വിജയന് മീത്തിലും പറഞ്ഞു.
പുനരധിവാസപദ്ധതിയില് ഉള്പ്പെടാത്ത ദുരന്തബാധിതരുടെ ആകുലതകളും ആശങ്കകളും കണ്ണുനനയിക്കുന്നതാണെന്ന് 11-ാം വാര്ഡിലെ എല്ഡിഎഫ് സ്ഥാനാര്ഥിയും മുന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. സഹദ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില് ചിതറിക്കിടക്കുന്ന അതിജീവിതരായ വോട്ടര്മാരെ നേരില്ക്കണ്ടപ്പോള് ഏറ്റവും കൂടുതല് അഭിമുഖീകരിക്കേണ്ടിവന്നത് പുനരധിവാസപദ്ധതിയില് ഉള്പ്പെടാത്തവരുടെ പരിദേവനങ്ങളാണ്. മാത്രമല്ല, ദുരന്തമേഖലയില് താമസിക്കുന്ന കുടുംബങ്ങള്ക്കും ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ട്. ഒരിക്കല്ക്കൂടി ദുരന്തമുണ്ടാകുകയാണെങ്കില് തങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് അവര് ചോദിക്കുന്നത്.
ടൗണുകളില്നിന്ന് അകന്ന് ഒറ്റപ്പെട്ട ഇടങ്ങളില് വാടകവീടുകളില് കഴിയുന്ന അതിജീവിതര് അഭിമുഖീകരിക്കുന്ന ഏറ്റവുംവലിയ പ്രശ്നം ഒറ്റപ്പെടലാണെന്ന് 11-ാം വാര്ഡിലെ യുഡിഎഫ് സ്ഥാനാര്ഥി കെ. മന്സൂര് പറഞ്ഞു. പുനരധിവാസപദ്ധതി വൈകുന്നതിലുള്ള ആശങ്കയും അവര് പങ്കുവെച്ചു -അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Candidates campaign across Kerala, visiting voters displaced by recent disasters. Discover their unique challenges and voter outreach efforts
Published: 29 Nov 2025, 10:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented