കുമളി(ഇടുക്കി): തിരുവനന്തപുരം എം.പി. ശശി തരൂരിനൊപ്പം ചിത്രം എടുക്കാൻ ശ്രമിച്ച അംഗപരിമിതനായ കോൺഗ്രസ് പ്രവർത്തകനെ വേദിയിൽനിന്ന് ബലംപ്രയോഗിച്ച് ഇറക്കിവിട്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. മറ്റ് കോൺഗ്രസ് പ്രവർത്തകർ ഇതിനെതിരെ ശക്തമായി പ്രതികരിച്ചതോടെ രംഗം ശാന്തമാക്കാൻ മാത്യുതന്നെ ഇടപെടുകയും ശശി തരൂരുമായി വേദിയിൽവെച്ച് ചിത്രം പകർത്താൻ അവസരമൊരുക്കുകയും ചെയ്തു.

To advertise here,

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ കുമളി ഒന്നാം മൈലിലാണ് സംഭവം. പീരുമേട് നിയോജക മണ്ഡലം സ്ഥാനാർഥിയായ സിറിയക് തോമസിന്റെ പ്രചരണാർഥം കുമളിയിൽ റോഡ് ഷോ നടത്തിയിരുന്നു. തുടർന്ന് ഒന്നാംമൈലിൽ ക്രമീകരിച്ച വേദിയിൽ പ്രസംഗിക്കാനെത്തിയപ്പോൾ വണ്ടിപ്പെരിയാർ സ്വദേശിയും അംഗപരിമിതനുമായ മഹേഷ് ഉൾപ്പടെയുള്ളവർ വേദിയിലേക്കെത്തി.

ഈസമയം തരൂരിനൊപ്പം വേദിയിലുണ്ടായിരുന്ന സി.പി. മാത്യു, മഹേഷിനെ വേദിയിൽ കയറുന്നതിൽനിന്ന് തടയുകയും ചെറിയ ബലപ്രയോഗത്തിലൂടെ വേദിയുടെ പുറത്തേക്ക് ഇറക്കിവിടുകയും ചെയ്തു. ഈസമയം വേദിക്ക് സമീപമുണ്ടായിരുന്ന പ്രവർത്തകർ പ്രതിഷേധിച്ചതോടെ മഹേഷിന് ചിത്രമെടുക്കാൻ മാത്യു അവസരമൊരുക്കുകയുമായിരുന്നു.

അതേസമയം, വേദിയിൽ തിരക്കിനിടയിൽ ശശി തരൂരിനൊടൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചതാണ് സി.പി. മാത്യു തടഞ്ഞതെന്ന് മഹേഷ് പറഞ്ഞു. തിരക്ക് കുറഞ്ഞപ്പോൾ തന്നെ തനിക്ക് വേദിയിൽനിന്ന് അദ്ദേഹത്തോടൊപ്പം ചിത്രമെടുക്കാൻ അവസരമൊരുക്കിയെന്നും മാത്യു തന്നെ ഒരുതരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നും മഹേഷ് കൂട്ടിച്ചേർത്തു.