കൊച്ചി: കൊച്ചി കോർപറേഷനിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. യുവത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഇത്തവണ യുഡിഎഫ് മത്സര രംഗത്തേക്കിറങ്ങുന്നത്. നാല്പത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്ന് യുഡിഎഫ് പ്രസിദ്ധീകരിച്ചത്.മൂന്ന് ജനറൽ സീറ്റുകളിലടക്കം 22 ഡിവിഷനുകളിൽ സ്ത്രീകളെയാണ് യുഡിഎഫ് മത്സരത്തിനിറക്കുന്നത്.

To advertise here,

ദീപ്തി മേരി വർഗീസ്, ഷൈനി മാത്യു, മിനി മോൾ എന്നിവരുടെ പേരുകളാണ് മേയർ സ്ഥാനത്തേക്ക് യുഡിഎഫ് ഉയർത്തുന്ന സ്ഥാനാർഥികൾ.  തര്‍ക്കമുള്ള ഡിവിഷനുകൾ ബാക്കിനിർത്തിയാണ് യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം. 

കഴിഞ്ഞ തവണ എൽഡിഎഫ് ഭരണം പിടിച്ചെടുത്തത് യു.ഡി.എഫ് വിമതനായ ടി.കെ. അഷ്റഫിന്റെ പിന്തുണയോടുകൂടിയാണ്. എന്നാൽ, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുകയാണ് ടി.കെ. അഷ്റഫ്. കഴിഞ്ഞ തവണ പശ്ചിമകൊച്ചിയിലെ കൽവത്തിയില്‍നിന്ന് കൗൺസിലറായ അഷ്റഫ് ഇത്തവണ കലൂർ നോർത്തിൽ നിന്നായിരിക്കും മത്സരിക്കുക. കൂടാതെ സിപിഎം മുൻ കൗൺസിലറും പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായിരുന്ന വി.പി. ചന്ദ്രൻ കേരള കോണ്‍ഗ്രസിന്റെ നോമിനിയായി യു‍ഡിഎഫ് സ്ഥാനാർഥിയാകും. അതേസമയം, വിവാദങ്ങളും കൂടുമാറ്റവും നടക്കുന്ന ‍ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

മുസ്ലീം ലീഗിന് ഏഴും കേരള കോൺഗ്രസിന് മൂന്നും സീറ്റുകളാണ് നൽകിയിട്ടുള്ളത്. ഇതിൽ കേരള കോൺഗ്രസ് രണ്ട് വാർഡുകളിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. സ്ത്രീ സംവരണ വാർഡ് ആക്കിയതിനെതിരെ ഹൈക്കോടതി കയറിയ ദേവൻകുളങ്ങര ഡിവിഷനിൽ വീണ്ടും മുൻ കൗൺസിൽ കെ.എ. വിജയകുമാർ തന്നെ മത്സരിക്കും.

കോർപറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, സിറ്റിങ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, കെ.എ. മനാഫ് തുടങ്ങിയവരെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. കൂടാതെ സിറ്റിങ് കൗൺസിലർമാരായ ബാസ്റ്റിൻ ബാബു, അഭിലാഷ് തോപ്പിൽ തുടങ്ങിയവരെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യ ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചിട്ടില്ല.

കൊച്ചി കോർപറേഷൻ തിരികെ പിടിക്കാനായി അരയുംതലയും മുറുക്കിയാണ് ഇത്തവണ യുഡിഎഫ് മത്സര രംഗത്തേക്കിറങ്ങുന്നത്. റിബലുകൾ വർധിച്ചതിനാലാണ് കഴിഞ്ഞ തവണ കോൺഗ്രസിന് കോർപ്പറേഷൻ നഷ്ടപ്പെട്ടതെന്ന വിലയിരുത്തലിലായിരുന്നു പാർട്ടി. അതുകൊണ്ടുതന്നെ റിബല്‍ ശല്യം ഒഴിവാക്കി പടലപ്പിണക്കങ്ങൾക്ക് വഴിവെക്കാതെയും സ്ഥാനാർഥി നിർണയം നടത്താനാണ് യുഡിഎഫിന്റെ ശ്രമം. അതുകൊണ്ടുതന്നെ ചെറുപാർട്ടികളെയടക്കം പരിഗണിച്ചും ചർച്ചകൾ ചെയ്തുമാണ് നിലവിലെ സ്ഥാനാർഥി പ്രഖ്യാപനം.