
വർക്കല: മൂന്നു മുന്നണികളും ശക്തമായി മത്സര രംഗത്തുള്ള വർക്കല നഗരസഭയിൽ സ്ഥാനാർഥികളുടെ അന്തിമചിത്രം വ്യക്തമായതോടെ വീറുറ്റ പോരാട്ടത്തിന് കളമൊരുങ്ങി. എൽഡിഎഫിൽ സിപിഎം 29 വാർഡുകളിലും സിപിഐ അഞ്ചു വാർഡുകളിലുമാണ് മത്സരിക്കുന്നത്. യുഡിഎഫിൽ കോൺഗ്രസ് 33 വാർഡുകളിലും ആർഎസ്‌പി ഒരു വാർഡിലും മത്സരിക്കുന്നു. എൻഡിഎയിൽ ബിജെപി 32-ഉം ബിഡിജെഎസ് രണ്ടും വാർഡുകളിലും ജനവിധി തേടുന്നു.
കോൺഗ്രസ് ആറു വാർഡുകളിലും സിപിഎമ്മും ബിജെപിയും ഓരോ വാർഡിലും വിമതഭീഷണി നേരിടുന്നു. ഭൂരിഭാഗം വാർഡുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ചുവരെഴുത്തും പ്രചാരണ ബോർഡ് സ്ഥാപിക്കലും പോസ്റ്റർ പതിക്കലും നടന്നുവരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളും റീലുകളുമായി സ്ഥാനാർഥികൾ കളംനിറയുകയാണ്. സ്ഥാനാർഥിത്വം നേരത്തേ ഉറപ്പായ പലരും വീടുകൾ കയറി വോട്ടർമാരെ നേരിൽ കണ്ടുകഴിഞ്ഞു.
33 വാർഡുകളുണ്ടായിരുന്ന കഴിഞ്ഞ നഗരസഭയിൽ എൽഡിഎഫ്-12, ബിജെപി-11, കോൺഗ്രസ്-7, സ്വതന്ത്രർ-3 എന്നിങ്ങനെയായിരുന്നു കക്ഷിനില. മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽഡിഎഫ് അഞ്ചു വർഷവും നഗരസഭ ഭരിച്ചത്. നഗരസഭാ ചെയർമാൻ കെ.എം.ലാജി ഇത്തവണ മത്സരിക്കുന്നില്ല. മുൻ ചെയർമാൻ കെ.സൂര്യപ്രകാശ് മത്സരിക്കുന്നുണ്ട്. നിലവിലെ ഭരണസമിതിയിലെ 19 കൗൺസിലർമാർ വീണ്ടും ജനവിധി തേടുന്നുണ്ട്. എൻഡിഎയുടെ ഒൻപതും എൽഡിഎഫിലെ ആറും യുഡിഎഫിലെ നാലും കൗൺസിലർമാരാണ് വീണ്ടും മത്സരിക്കുന്നത്. മുൻ ആക്ടിങ് ചെയർമാൻ, മുൻ വൈസ് ചെയർപേഴ്‌സൺമാർ, മുൻ കൗൺസിലർമാർ തുടങ്ങിയവരും മത്സരിക്കാനുണ്ട്. വ്യാപാരി വ്യവസായി ജില്ലാ നേതാവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മത്സരിക്കാനുണ്ട്.
34 വാർഡുകളിൽ 127 സ്ഥാനാർഥികൾ
വർക്കല: നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ വർക്കല നഗരസഭയിൽ 34 വാർഡുകളിൽ മത്സരിക്കാൻ 127 സ്ഥാനാർഥികൾ.
254 പേരാണ് നഗരസഭയിലേക്കു പത്രിക നൽകിയിരുന്നത്. സൂക്ഷ്മപരിശോധനയ്ക്കു ശേഷം 237 പേരുടെ പത്രികകളാണ് സ്വീകരിച്ചത്. അവസാനദിവസം ആറു പേർ പത്രിക പിൻവലിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് 47 സ്ഥാനാർഥികൾ മത്സരിക്കും.
ശക്തമായ ത്രികോണ മത്സരം
ആറ്റിങ്ങൽ: നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവാസനദിവസം പിന്നിടുമ്പോൾ നഗരസഭയിലെ 32 വാർഡിലേക്ക് 102 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് എല്ലാ വാർഡിലും സ്ഥാനാർഥികളുണ്ട്. അതുകൊണ്ടുതന്നെ എല്ലാ വാർഡിലും ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. നഗരസഭയിൽ നിലവിൽ എൽഡിഎഫ്-20, കോൺഗ്രസ്-6, ബിജെപി-5 എന്നിങ്ങനെയാണ് കക്ഷിനില.
2020-ലെ തിരഞ്ഞെടുപ്പിൽ സിപിഎം-15, സിപിഐ-മൂന്ന്, ബിജെപി-ഏഴ്, കോൺഗ്രസ് ആറ് എന്നിങ്ങനെയായിരുന്നു സീറ്റുനില. 2024-ൽ ബിജെപിയിലെ രണ്ട് വനിതാ പ്രതിനിധികൾ കൗൺസിലർ സ്ഥാനം രാജിവെച്ചു. ചെറുവള്ളിമുക്ക് വാർഡിൽനിന്നു വിജയിച്ച വി.പി.സംഗീതാറാണി, തോട്ടവാരം വാർഡിൽനിന്നും വിജയിച്ച എ.എസ്.ഷീല എന്നിവരായിരുന്നു രാജിവെച്ചത്. ഇവരിൽ സംഗീതാറാണി പിന്നീട് സിപിഎമ്മിലേക്ക് പോവുകയും ചെയ്തു. ഈ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധികളായ മഞ്ജു, ലേഖ എന്നിവർ വിജയിച്ചു. അതോടെ സിപിഎമ്മിന്റെ അംഗബലം 17 ആയി ഉയർന്നു. ബിജെപിക്ക് രണ്ടാമത്തെ വലിയ കക്ഷിയെന്ന സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
വാർഡ് വിഭജനത്തെത്തുടർന്ന് നഗരസഭയിൽ ഒരു വാർഡ് പുതുതായി വന്നിട്ടുണ്ട്. അതോടെ മൊത്തം വാർഡ് 32 ആയി. കുഴിമുക്ക് എന്ന വാർഡാണ് പുതുതായി വന്നത്. പച്ചംകുളം, പാലസ്, തോട്ടവാരം, കൊട്ടിയോട് വാർഡുകൾ വിഭജിച്ചാണ് പുതിയ വാർഡിന് രൂപംനല്കിയത്. ജനസംഖാനുപാതികമായി മറ്റു വാർഡുകളുടെ അതിർത്തികളിലും വ്യത്യാസം വന്നിട്ടുണ്ട്. പഴയ ശീവേലിക്കോണം വാർഡിന്റെ പേര് കോസ്‌മോ ഗാർഡൻ എന്നും മൂന്നുമുക്കിനു മാമം എന്നും അട്ടക്കുളത്തിന് ഐടിഐ എന്നും കുന്നത്ത് വാർഡിന് എസിഎസി നഗർ എന്നും പുതിയ പേരുകളും നല്കിയിട്ടുണ്ട്.
എൽഡിഎഫിനുവേണ്ടി സിപിഎമ്മും സിപിഐയുമാണ് മത്സരരംഗത്തുള്ളത്. അഞ്ചുവാർഡിൽ സിപിഐയും 27 വാർഡിൽ സിപിഎമ്മും മത്സരിക്കുന്നു. ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. മുൻ അധ്യക്ഷനും സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയുമായ എം.പ്രദീപിന്റെ നേതൃത്വത്തിലാണ് എൽഡിഎഫ് മത്സരരംഗത്തെത്തിയിട്ടുള്ളത്. വാർഡുവിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലുമെല്ലാം എൽഡിഎഫ് ഐക്യത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളത്. ഓരോ വാർഡിലും രണ്ടുവട്ടം ഭവനസന്ദർശനം സ്ഥാനാർഥികൾ പൂർത്തിയാക്കിക്കഴിഞ്ഞു. നഗരഭരണത്തിന്റെയും സംസ്ഥാനസർക്കാരിന്റെയും നേട്ടങ്ങളും വികസനപദ്ധതികളും ഉയർത്തിക്കാട്ടിയാണ് എൽഡിഎഫിന്റെ വോട്ടുചോദ്യം. കേന്ദ്രസർക്കാരിനെതിരേയുള്ള ശക്തമായ വിമർശനമാണ് എൽഡിഎഫിന്റെ പ്രധാന ആയുധം. പെൻഷൻ വർധനയുൾപ്പെടെ സാധാരണജനങ്ങൾക്കുവേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികൾ തങ്ങൾക്കനുകൂലമാകുമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു. മുന്നണിക്കുള്ളിൽ ഭിന്നതയും വിമതശല്യവും ഉണ്ടെങ്കിലും ഭരണം പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സ്ഥാനാർഥിനിർണയ പ്രക്രിയകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ യുഡിഎഫ് ഇത്തവണയും പിന്നിലായി. അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് നേതാക്കൾ ഉറപ്പിച്ചു പറയുന്നു. മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളതെന്നും പകുതിയിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരം പിടിക്കുമെന്നും നേതാക്കൾ പറയുന്നു.
നഗരഭരണത്തിലെ വീഴ്ചകളും സംസ്ഥാനസർക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് വോട്ടുതേടുന്നത്. ഭരണവിരുദ്ധവികാരം നിലവിലുണ്ടെന്നും അത് തങ്ങൾക്കനുകൂലമാകുമെന്നും യുഡിഎഫ് വിശ്വസിക്കുന്നു. യുവാക്കളുടെ നേതൃത്വത്തിൽ മികച്ച ഭരണസമിതി അധികാരത്തിൽ വരുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പ്രാരംഭനടപടികളെല്ലാം അടുക്കുംചിട്ടയോടുംകൂടി ചെയ്തുകൊണ്ടാണ് ബിജെപി മത്സരരംഗത്തേക്കിറങ്ങിയിട്ടുള്ളത്. ഏറ്റവുമാദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങാനായത് തങ്ങളുടെ നേട്ടമായി ബിജെപി വിലയിരുത്തുന്നു. ആർഎസ്എസിന്റെ ശക്തമായ പിൻതുണ ഇത്തവണ ബിജെപി സ്ഥാനാർഥികൾക്കുണ്ട്. മുൻനിരനേതാക്കളെ രംഗത്തിറക്കി പ്രചാരണം നടത്തി എല്ലാ രംഗത്തും മേൽക്കൈ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. നഗരത്തിലെ ഓരോ വാർഡിലെയും പ്രധാനപ്പെട്ട വ്യക്തികളെയും ജനസ്വാധീനമുള്ള ആളുകളെയും ആർഎസ്എസ് ബിജെപി നേതാക്കൾ വ്യക്തിപരമായി സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിനതീതമായ സന്ദർശനം എന്നനിലയിലാണ് ഇത്തരം കാര്യങ്ങൾ നടപ്പാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും പറയാതെയും വോട്ടുചോദിക്കാതെയും ആളുകളെ തങ്ങളിലേക്കു ചേർത്തുനിർത്താനുള്ള തന്ത്രപരമായ നീക്കമാണ് ബിജെപി ആസൂത്രണം ചെയ്തിട്ടുള്ളത്. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ തങ്ങൾക്ക് അനുകൂലഘടകങ്ങളാകുമെന്നും നഗരഭരണം ബിജെപിക്കായിരിക്കുമെന്നും നേതാക്കൾ പറയുന്നു.
Content Highlights: Varkala and Attingal Municipality gears up for a heated election with major fronts fielding strong candidates
Published: 25 Nov 2025, 09:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented