തിരുവനന്തപുരം: മലയാളനാട്ടിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷനായ തിരുവനന്തപുരത്തെ വലിയ പ്രതീക്ഷയോടെയാണ് മറ്റ് നാടുകൾ കണ്ടിരുന്നത്. മുൻപ്‌ നാട്ടുരാജ്യങ്ങളിൽ ഉണ്ടായിരുന്നത് മുനിസിപ്പൽ കൗൺസിലുകളായിരുന്നു. പരിമിതമായ അധികാരമേ അന്ന്‌ അതിലെ അംഗങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ.

To advertise here,

തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ മേയർ സർക്കാർ നാമനിർദേശംചെയ്ത റിട്ട. ചീഫ് സെക്രട്ടറി സി.ഒ. മാധവനും കമ്മിഷണർ സി.പി. ഗോപാല പണിക്കരുമാണ്. കോർപ്പറേഷന്റെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചട്ടക്കൂടുകൾ നിർമിച്ചതവരാണ്. മദ്രാസ് കോർപ്പറേഷന്റെ നിർലോഭമായ സഹകരണവും ഇതിനു ലഭിച്ചു. 1942-ൽ നടന്ന തിരഞ്ഞെടുപ്പോടുകൂടി നഗരസഭയ്ക്ക് ആദ്യത്തെ ‌മേയർ വന്നു. എം. ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്ത തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മേയർ. 1942-സെപ്റ്റംബർ 28 മുതൽ 43 ഏപ്രിൽ 17 വരെ അദ്ദേഹം നഗരം ഭരിച്ചു. ഒരുവർഷത്തെ കാലാവധി കഴിഞ്ഞതോടെ അദ്ദേഹം രാജിവെച്ചു. ഏപ്രിൽ 17 മുതൽ 1944 ഏപ്രിൽ 22 വരെ കെ. ജോർജ് മേയർ ആയി. കാലാവധി തീരുന്നതിനു മുമ്പുതന്നെ അദ്ദേഹം ഒരു വർഷംകൂടി മേയർ ആകാനുള്ള രഹസ്യനീക്കം തുടങ്ങി. മറ്റു കൗൺസിലർമാർ ഇതിനെ എതിർത്തു. തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്ത മേയർ സി.ലക്ഷ്മണ ശാസ്ത്രി ആയിരുന്നു. അടുത്ത മേയർ സിനിമാ നിർമിതാവായ പി.സുബ്രഹ്മണ്യം (1945 ഏപ്രിൽ 24 മുതൽ 1947 ഏപ്രിൽ 22 വരെ) ആയിരുന്നു. തുടർന്ന് ജോർജ് വീണ്ടും മത്സരരംഗത്ത് എത്തി. അദ്ദേഹത്തിനെതിരേ ചാലയിൽനിന്നുള്ള എസ്.നടരാജപിള്ള മത്സരിച്ചു. രണ്ടുപേർക്കും വോട്ട് സമമായിരുന്നു.

വിജയിയെ നിശ്ചയിക്കാൻ നറുക്കിടാൻ തീരുമാനിച്ചപ്പോൾ താൻ മത്സര രംഗത്തനിന്നു പിൻമാറുന്നതായി ജോർജ്‌ അറിയിച്ചു. അതോടെ നടരാജപിള്ളയെ മേയർ ആയി പ്രഖ്യാപിച്ചു. എന്നാൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചില കൗൺസിലർമാർ നടരാജപിള്ളയ്ക്ക് എതിരേ കേസ് കൊടുത്തു. വിധി നടരാജപിള്ളയ്ക്ക് എതിരായിരുന്നു.