തിരുവനന്തപുരം: തലസ്ഥാനത്തെ മേയർ ചർച്ചകൾ രണ്ടു ദിവസത്തേക്കു മാറ്റിവെച്ച് ബിജെപി. ബെംഗളൂരുവിലേക്കു പോയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ച തലസ്ഥാനത്തെത്തും. അതിനുശേഷമാവും അന്തിമ തീരുമാനമുണ്ടാവുക. 21-നാണ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ. 26-നാണ് മേയർ തിരഞ്ഞെടുപ്പ്. മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷ്, ആർ. ശ്രീലേഖ, കരമന അജിത് തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം ബിജെപി പരിഗണിക്കുന്നുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആർ. ശ്രീലേഖ, സിമി ജ്യോതിഷ് തുടങ്ങിയവർ പരിഗണനയിലുണ്ട്.

To advertise here,

ബിജെപി ജില്ലാ കോർ കമ്മിറ്റി ആദ്യം കൗൺസിലർമാരുടെ അഭിപ്രായം തേടും. ഇതിനുശേഷം സ്ഥാനങ്ങളിലെത്തേണ്ടവരുടെ പേര് സംസ്ഥാന കോർ കമ്മറ്റിക്ക് കൈമാറും. സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തിന്റെകൂടി അഭിപ്രായം തേടിയശേഷമാവും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

മുന്നണികൾ കണക്കെടുപ്പ് തുടരുന്നു

തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ ജില്ലയിലെ നിയമസഭാമണ്ഡലങ്ങളിൽ എൽഡിഎഫിന് മുൻതൂക്കം. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 11-ലും എൽഡിഎഫിനാണ് ഭൂരിപക്ഷം. ജില്ലയിലെ യുഡിഎഫിന്റെ ഏക നിയമസഭാ സീറ്റായ കോവളത്ത് എൽഡിഎഫിനാണ് വോട്ട് കൂടുതൽ. പകരം നെയ്യാറ്റിൻകരയിൽ യുഡിഎഫ് മുന്നിലെത്തി.

വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിൽ എൻഡിഎയാണ് മുന്നിൽ. രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് എൻഡിഎയ്ക്ക് രണ്ടു മണ്ഡലങ്ങളിലും ലഭിച്ചത്. രണ്ടിടത്തും തൊട്ടു പിന്നിലുള്ളത് എൽഡിഎഫാണ്. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 2020-നെക്കാൾ കുറച്ചു പിന്നോട്ടുപോയി. 2010-നു സമാനമായ മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിനുമായില്ല.

ഇത്തവണ കോർപ്പറേഷനിൽ ബിജെപി നടത്തിയ തേരോട്ടമാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വെല്ലുവിളിയാകുന്നത്. ജില്ലയിലെ ന്യൂനപക്ഷ മേഖലകളിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവു നടത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ അനുകൂലമായതാണ് നേമത്തെ ബിജെപിയുടെ നേമം അക്കൗണ്ട് പൂട്ടാൻ എൽഡിഎഫിനെ സഹായിച്ചത്.

നഗരത്തിനുള്ളിലെ നാലു മണ്ഡലങ്ങളും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്നത് കണ്ടറിയേണ്ടതാണ്. സെമിഫൈനലായ തദ്ദേശം കഴിഞ്ഞതോടെ നിയമസഭാ തിരഞ്ഞെടുപ്പെന്ന ഫൈനലിലേക്കുള്ള കരുനീക്കങ്ങളും മുന്നൊരുക്കങ്ങളും മുന്നണികൾ തുടങ്ങിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങളും വോട്ടായി മാറുന്നുണ്ട്. വിമതന്മാരും സ്വതന്ത്രന്മാരും പിടിക്കുന്ന വോട്ടുകളും മുന്നണികളെ ബാധിക്കും. അതിനാൽ തദ്ദേശത്തിലെ വോട്ടിങ് നിലയും നിയമസഭയിലെ നിലയും കൃത്യമായ രാഷ്ട്രീയതാരമ്യത്തിനു സാധിക്കില്ല. പക്ഷേ, മിക്കപ്പോഴും തദ്ദേശത്തിലെ വോട്ടുകൾ നിയമസഭയിലേക്കുള്ള തരംഗത്തിന്റെ കൃത്യമായ സൂചന നൽകാറുണ്ട്.

2010-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ വൻ വിജയം നേടിയ യുഡിഎഫ്, 2011-ൽ നിയമസഭയിൽ എട്ടു സീറ്റുകളാണ് നേടിയത്. 2010-ൽ ആദ്യമായി ജില്ലാ പഞ്ചായത്ത് ഭരണം വരെ യുഡിഎഫിനൊപ്പമായിരുന്നു. എഴ് ബ്ലോക്ക് പഞ്ചായത്തുകളും നേടി.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാറശ്ശാല ഒഴിച്ചുള്ള മണ്ഡലങ്ങളിൽ യുഡിഎഫിന് ശക്തമായ ലീഡുമുണ്ടായിരുന്നു. എൽഡിഎഫിന് ആറ് സീറ്റും ലഭിച്ചു. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചുവന്നു. ജില്ലാ പഞ്ചായത്തിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം പിടിച്ച് ശക്തി തെളിയിച്ചു.

47 പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷവും നേടി. ഈ തിരഞ്ഞെടുപ്പിലാണ് ബിജെപി തിരുവനന്തപുരം കോർപ്പറേഷനിൽ 35 വാർഡുകൾ ജയിച്ച് പ്രധാന പ്രതിപക്ഷമായത്. രണ്ട് പഞ്ചായത്തുകളിൽ ഒന്നാമതുമെത്തി. ഇതിനു സമാനമായിരുന്നു 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് തരഗം.

2016-ൽ ബിജെപി ആദ്യമായി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നു. ഇതിന്റെ മുന്നോടിയായിരുന്നു കോർപ്പറേഷനിലുണ്ടാക്കിയ നേട്ടം. അതുപോലെ എൽഡിഎഫിന്റെ തദ്ദേശത്തിലെ തിരിച്ചുവരവ് നിയമസഭയിലും പ്രതിഫലിച്ചു. ഒൻപത് മണ്ഡലങ്ങൾ എൽഡിഎഫ് പിടിച്ചെടുത്തു. ഇതിൽ കാട്ടാക്കട ഒഴിച്ചുള്ള മണ്ഡലങ്ങളിൽ നല്ല ഭൂരിപക്ഷവുമുണ്ടായിരുന്നു. യുഡിഎഫ് നാലായി ചുരുങ്ങി.

ഇതേ വിജയം 2020-ലെ തദ്ദേശത്തിൽ എൽഡിഎഫ് നിലനിർത്തി. ജില്ലാ പഞ്ചായത്ത് നിലനിർത്തിയതിനൊപ്പം 10 ബ്ലോക്ക്‌ പഞ്ചായത്തുകളും ഒപ്പം കൂട്ടി. 51 ഗ്രാമപ്പഞ്ചായത്തുകളും എൽഡിഎഫിനൊപ്പമായിരുന്നു. അതേസമയം, ബിജെപി കോർപ്പറേഷനിൽ പ്രതീക്ഷച്ചതുപോലെ ഉയർന്നില്ല. 35 സീറ്റുകൾ നിലനിർത്തിയെങ്കിലും 2015-ൽ ലഭിച്ച 11 വാർഡുകൾ നഷ്ടമായിരുന്നു. മറ്റ് 11 വാർഡുകളിൽക്കൂടി ജയിച്ചതിനാൽ എണ്ണം താഴാതെ നിലനിന്നു.

2020-ൽ തദ്ദേശത്തിലെ എൽഡിഎഫിന്റെ മികച്ച പ്രകടനം അതുപോലെ 2021-ലെ നിയമസഭയിലും നിലനിർത്തി. 14-ൽ 13 നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിനൊപ്പം നിന്നു.

യുഡിഎഫിൽ കോവളം മണ്ഡലത്തിലെ വിൻസെന്റ് മാത്രമാണ് പിടിച്ചുനിന്നത്. നേമത്തെ ബിജെപിയുടെ അക്കൗണ്ടും എൽഡിഎഫ് പൂട്ടിച്ചു.