
തിരുവനന്തപുരം: ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും നാവായിക്കുളം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് വിമതർ എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടി.
ആകെയുള്ള 24 സീറ്റിൽ യുഡിഎഫ്-12 എൽഡിഎഫ്-6 എൻഡിഎ-6 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് നാവായിക്കുളത്ത് രണ്ടു വിഭാഗങ്ങളായാണ് നിലകൊണ്ടത്. ഇതിനെത്തുടർന്ന് ആദ്യ രണ്ടര വർഷം കല്ലമ്പലത്തുനിന്നു വിജയിച്ച എ.ജെ.ജിഹാദിനും ശേഷിച്ച രണ്ടര വർഷം കുടവൂരിൽനിന്നുള്ള കുടവൂർ നിസാമിനും പ്രസിഡന്റ് സ്ഥാനം നൽകാൻ ധാരണയായിരുന്നു.
എന്നാൽ, നിസാമിന് ആദ്യം അവസരം നൽകണമെന്ന് ഒരു വിഭാഗം നേതാക്കൾ വീണ്ടും ആവശ്യപ്പെട്ടു. ഇത് മറുവിഭാഗം അംഗീകരിച്ചില്ല. തുടർന്ന് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി ജിഹാദ് മത്സരിച്ചു. മറുവിഭാഗത്തിൽനിന്ന് നിസാമിനു പകരം മുക്കുകടയിൽനിന്നു വിജയിച്ച ആസിഫ് കടയിൽ മത്സരിച്ചു. ഇദ്ദേഹത്തെ എൽഡിഎഫ് പിന്താങ്ങി.
എൽഡിഎഫ് പിന്തുണയോടെ 10 വോട്ടുകൾ നേടി ആസിഫ് കടയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്ക് എട്ട് വോട്ടുകൾ കിട്ടി. എൻഡിഎയുടെ ഒരു വോട്ട് അസാധുവായി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ഇതേ അവസ്ഥയായിരുന്നു. കോൺഗ്രസിൽനിന്നുതന്നെയുള്ള സി.സന്ധ്യ, റീനാ ഫസൽ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത്. ആസിഫ് കടയിലിനെ പിന്തുണച്ച വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്നു റീനാ ഫസൽ. 10 വോട്ടുകൾ നേടി റീന വൈസ് പ്രസിന്റായി തിരഞ്ഞെടുക്കപ്പെട്ടു. സന്ധ്യക്ക് എട്ട് വോട്ടുകൾ ലഭിച്ചു.തങ്ങളാണ് ഔദ്യോഗികപക്ഷമെന്ന് ഇരു വിഭാഗവും അവകാശപ്പെടുന്നുണ്ട്. സിപിഎമ്മിന്റെ പിന്തുണ തേടിയിട്ടില്ലെന്നും അവർ വോട്ടുചെയ്തതാണെന്നുമാണ് വിജയിച്ചവരും പറയുന്നത്.
Content Highlights: Navayikkulam Panchayat: UDF, despite being the largest single party, loses power to rebels backed by LDF. Know the full story and seat distribution.
Published: 28 Dec 2025, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented