നെടുമങ്ങാട്: നെടുമങ്ങാട്‌ നഗരസഭ പിടിക്കാൻ ഇത്തവണ എല്ലാ ആയുധങ്ങളും എടുത്ത്‌ പോരാട്ടത്തിനിറങ്ങുകയാണ്‌ മുന്നണികൾ. ഭരണനേട്ടങ്ങളുയർത്തി എൽഡിഎഫും സംസ്ഥാനസർക്കാരിന്റെ അഴിമതികൾ ഉയർത്തിക്കാട്ടി യുഡിഎഫും ഇരുമുന്നണികളെയും കടന്നാക്രമിച്ച് എൻഡിഎയും മത്സരരംഗത്ത് സജീവമായുണ്ട്.

To advertise here,

നഗരസഭയുടെ 30 വർഷത്തെ ഇടതുപാരമ്പര്യം നിലനിർത്തിക്കൊണ്ടാണ് എൽഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 42 സീറ്റിൽ എട്ടിടത്ത് സിപിഐയും 34 സീറ്റിൽ സിപിഎമ്മുമാണ് മത്സരിക്കുന്നത്. നഗരസഭാ സാരഥികളായിരുന്ന സി.എസ്.ശ്രീജയും, ആർ.മധുവും മാത്രമല്ല യുവനിരയ്ക്കും പരിചയസമ്പന്നർക്കും ഒരുപോലെ അവസരം നൽകിക്കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർഥികളെ കളത്തിലിറക്കിയത്. വിമതശല്യങ്ങളില്ലാത്തതും നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ.

മൂന്നു പതിറ്റാണ്ടു മുൻപ്‌ കൈവിട്ടുപോയ നഗരഭരണം തിരികെപ്പിടിക്കാനുള്ള അടവുനയങ്ങളിലാണ് യുഡിഎഫിന്റെ പരിപൂർണ ശ്രദ്ധ. സ്ഥാനാർഥിനിർണയത്തിൽ നിലവിലെ കൗൺസിലർമാർക്കും പരമാവധി യുവതയ്ക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. സ്ഥാനാർഥിനിർണയം പഴുതുകളടച്ചുള്ളതായിരുന്നു. എന്നാൽ, ഘടകകക്ഷികൾക്ക് സീറ്റു നൽകാത്തത് തുടക്കത്തിലേ കല്ലുകടിയായിട്ടുണ്ട്. എല്ലാ വാർഡുകളിലും മൂന്നുവട്ടം സ്ഥാനാർഥിപര്യടനവും അനുബന്ധപ്രചാരണങ്ങളിലും മുന്നിലെത്താനായിട്ടുണ്ടെന്ന് യുഡിഎഫ് അവകാശപ്പെടുന്നു.

ഓരോ തിരഞ്ഞെടുപ്പിലും വർധിക്കുന്ന വോട്ട് നല്കുന്ന ശുഭപ്രതീക്ഷയിലൂന്നിയാണ് എൻഡിഎയുടെ പടയൊരുക്കം. പുതുമുഖങ്ങളും പരിചയസമ്പന്നരും പട്ടികയിലുണ്ട്. നിലവിലെ നാല് അംഗങ്ങളും ബിജെപിക്കുവേണ്ടി മത്സരിക്കുന്നുണ്ട്. ശബരിമല പ്രശ്നങ്ങൾക്കുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19 വാർഡുകളിൽ വോട്ടിങ് ശതമാനത്തിൽ വലിയ പുരോഗതിയാണ് ബിജെപിക്ക്‌ ഉള്ളത്. ഇത് പുതിയ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിൽ ഗുണംചെയ്യുമെന്നും ബിജെപി വിലയിരുത്തുന്നു.

ചരിത്രം ഇങ്ങനെ

കാർഷിക സമരങ്ങൾക്കും ചന്തസമരങ്ങൾക്കും പേരുകേട്ട മണ്ണാണ് നെടുമങ്ങാടിന്റേത്. 1978 ഏപ്രിൽ മുതലാണ് പഞ്ചായത്തിന്റെ പേര് മാറി നെടുമങ്ങാട് നഗരസഭ രൂപവത്‌കരിച്ചത്. 1980-ഒക്ടോബർ 1-ന് ആർ.കേശവൻനായർ ചെയർമാനായി ആദ്യത്തെ നഗരസഭാ ഭരണസമിതി അധികാരത്തിൽ വന്നു.

1982 ജനുവരി 22 വരെ അദ്ദേഹം ചെയർമാനായി തുടർന്നു. 1982 ഫെബ്രുവരിയിൽ അഡ്വ. മുല്ലശ്ശേരി ഗോപാലകൃഷ്ണൻനായർ ചെയർമാനായി.

തുടർന്നങ്ങോട്ട് വി.പ്രഫുല്ലചന്ദ്രൻനായർ, ആർ.മധു, കൊല്ലങ്കാവ് ചന്ദ്രൻ, ലേഖാ സുരേഷ്, ചെറ്റച്ചൽ സഹദേവൻ, സി.എസ്.ശ്രീജ എന്നിവർ ചെയർമാന്റെ കസേരയിലെത്തി. നഗരസഭാ അധ്യക്ഷപദവിയിലേക്ക്‌ ആദ്യമായെത്തിയ വനിത പ്രൊഫ. നബീസാ ഉമ്മാളായിരുന്നു. 1995-ൽ നബീസാ ഉമ്മാൾ കെട്ടിയുയർത്തിയ ഇടതുകോട്ടയാണ് മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും തകരാതെ തുടരുന്നത്.

പ്രതീക്ഷകൾ, കണക്കുകൂട്ടലുകൾ

2015-ൽ 13 സീറ്റാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. 2020-ൽ അത് എട്ടായി കുറഞ്ഞു. ഇക്കുറി 25 മുതൽ 35 സീറ്റുകൾ വരെ നേടാൻകഴിയുമെന്ന് യുഡിഎഫ് ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ പറഞ്ഞു.

2015-ൽ നാലുസീറ്റുകളാണ് ബിജെപിക്ക്‌ ഉണ്ടായിരുന്നത്. 2020-ലും അത് നിലനിർത്താനായി. ഇത്തവണ 18 മുതൽ 24 സീറ്റുകൾ നേടാൻകഴിയുമെന്നും അത്രയേറെ അനുകൂലസാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും മണ്ഡലം പ്രസിഡന്റ് സുനിലാൽ പറയുന്നു.

സംസ്ഥാനസർക്കാരും നഗരസഭയും നടപ്പിലാക്കിയ ക്ഷേമപദ്ധതികൾമാത്രം പരിഗണിച്ചാൽമതി 35 സീറ്റിനുമുകളിൽ നേടുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി കെ.പി.പ്രമേഷ് പറഞ്ഞു.

2015-ൽ 25-ഉം 2020-ൽ 27-ഉം സീറ്റുകളിൽ വിജയം ഉയർത്തിയാണ് എൽഡിഎഫ് ഭരണം നേടിയത്.