പാറശ്ശാല: കാരോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വടൂർക്കോണം വാർഡിലേക്കു നൽകിയ നാമനിർദേശ പത്രിക വരണാധികാരി സൂക്ഷ്മ പരിശോധനയിൽ തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയ ഉത്തരവ് നിലവിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സൂസിമോളുടെ പത്രിക തള്ളിയത്. കാരോട് ഗ്രാമപ്പഞ്ചായത്തിലെ നിലവിലെ ഭരണ സമിതിയിലെ വടൂർക്കോണം വാർഡ് അംഗവും കാരോട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് സൂസിമോൾ.
2023 ഡിസംബറിൽ കാരോട് പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും കോൺഗ്രസ് ജില്ലാ നേതൃത്വം നൽകിയ വിപ്പ് ലംഘിച്ച് സൂസിമോൾ എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമാവുകയും തുടർന്നുവന്ന ഭരണസമിതിയിൽ സൂസിമോൾക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമപ്രകാരം പഞ്ചായത്ത് അംഗം കാന്തള്ളൂർ സജിയുടെ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കഴിഞ്ഞ മാസം സൂസി മോളെയും കൂറുമാറിയ മറ്റ് നാലു പേരെയും അയോഗ്യരാക്കിയിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരേ ഇവർ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ ഉത്തരവ് നേടുകയും ചെയ്തു. എന്നാൽ ഈ സ്റ്റേ ഉത്തരവ് നിലവിലുള്ള സ്ഥാനം തുടരുന്നതിനു മാത്രമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അയോഗ്യത നിലനിൽക്കുകയുമാണെന്നു ചൂണ്ടിക്കാട്ടിയാണ് സൂസിമോളുടെ നാമനിർദേശ പത്രിക തള്ളിയത്. ഇത്തവണ ഇരുപാർട്ടികളും സീറ്റ് നൽകാൻ തയ്യാറാകാതെ വന്നതോടെ സൂസി മോൾ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദേശ പത്രിക നൽകുകയായിരുന്നു.
ഇടവയിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളി
വർക്കല: ഇടവ ഗ്രാമപ്പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. മൂന്നാം നമ്പർ അംബേദ്കർ വാർഡിലെ ബിജെപി സ്ഥാനാർഥി വിനീതയുടെ പത്രികയാണ് തള്ളിയത്.
പത്രികയിൽ പോസ്റ്റ് ഓഫീസിൽ ജീവനക്കാരിയാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനയെത്തുടർന്നാണ് പത്രിക തള്ളിയത്. ഒരു സെറ്റ് പത്രികയാണ് നൽകിയത്. ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയുമില്ലായിരുന്നു. ഇതോടെ വാർഡിൽ ബിജെപിക്ക് സ്ഥാനാർഥിയില്ലാതായി.
ഇവർ പോസ്റ്റ് ഓഫീസിൽ സഹായിയായി നിൽക്കുകയാണ് ചെയ്തിരുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പത്രിക തള്ളിയതിനെതിരേ കോടതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു.
ചിറയിൻകീഴ് ബ്ലോക്ക് ഡിവിഷനിൽ എൽഡിഎഫിന്റെ പത്രിക തള്ളി
ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കു മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ച എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. ശനിയാഴ്ച ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിശോധനയിൽ ചിറയിൻകീഴ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി എൽഡിഎഫിലെ ബീജാ സുരേഷിന്റെ പത്രികയാണ് വരണാധികാരി സാങ്കേതികപ്രശ്‌നം ചൂണ്ടിക്കാട്ടി തള്ളിയത്. പ്രീപ്രൈമറി അധ്യാപികയായി ജോലിചെയ്യുന്ന സ്ഥാനാർഥി ഓണറേറിയം കൈപ്പറ്റുന്നത് സംബന്ധിച്ച സാങ്കേതികപ്രശ്‌നമാണ് പത്രിക തള്ളിയതിനു കാരണം.
സ്ഥാനാർഥിയെയും മാധ്യമപ്രവർത്തകനെയും ഇടതു സ്ഥാനാർഥി മർദിച്ചതായി പരാതി
തിരുവനന്തപുരം: നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്‌ക്കെത്തിയ കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയെയും മാധ്യമപ്രവർത്തകനായ സുഹൃത്തിനെയും ഇടതുപക്ഷ സ്ഥാനാർഥി ആക്രമിച്ചതായി പരാതി. സ്ഥാനാർഥി എം. രാധാകൃഷ്ണനും തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പി.ആർ.പ്രവീണിനുമാണ് വികാസ്ഭവനിലുള്ള ലേബർ കമ്മിഷണർ ഓഫീസിൽവെച്ച് മർദനമേറ്റതെന്നാണ് പരാതി. വഞ്ചിയൂർ വാർഡിലെ സിപിഎം സ്ഥാനാർഥി വഞ്ചിയൂർ ബാബുവും കൂട്ടാളികളുമാണ് മർദിച്ചതെന്ന് ഇരുവരും ആരോപിച്ചു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പരാതിയിൽ വഞ്ചിയൂർ ബാബുവിനെതിരേ മ്യൂസിയം പോലീസ് കേസെടുത്തു.
അതേസമയം രാധാകൃഷ്ണനും പ്രവീണും തന്നെയും ആക്രമിച്ചു എന്ന വഞ്ചിയൂർ ബാബുവിന്റെ പരാതിയിൽ ഇരുവർക്കുമെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രസ്‌ക്ലബ് സെക്രട്ടറി പി.ആർ. പ്രവീണിനെ മർദിച്ചതിൽ തിരുവനന്തപുരം പ്രസ്‌ക്ലബ്ബും കെയുഡബ്ള്യുജെ സംസ്ഥാന കമ്മിറ്റിയും പ്രതിഷേധിച്ചു. ഇവർക്കെതിരേ നടപടിയെടുക്കാൻ സിപിഎം നേതൃത്വവും പോലീസും തയ്യാറാകണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
യുഡിഎഫ് ഏജന്റിനും മർദനം
വഞ്ചിയൂരിലെ വഞ്ചിയൂർ ബാബുവിന്റെ നേതൃത്വത്തിൽ വഞ്ചിയൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചീഫ് ഏജന്റിനേയും മർദിച്ചതായി പരാതി. പത്രികയുടെ സൂക്ഷ്മപരിശോധനയ്‌ക്കെത്തിയപ്പോൾ ഷാഹിൻ എന്നയാൾ മർദിച്ചതായി കാണിച്ച് യുഡിഎഫ് സ്ഥാനാർഥി ഗിരീഷ്‌കുമാറിന്റെ ഏജന്റ് എ.കെ.നിസാർ റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി.
Content Highlights: Several nomination papers rejected in Kerala local body elections due to technical issues, disqualifications, and violations
Published: 23 Nov 2025, 05:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented