തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാപ്പഞ്ചായത്ത് ഒരിക്കലൊഴിച്ച് എല്ലാ സമയത്തും ഇടതിനൊപ്പമായിരുന്നു. 2010-ലാണ് യുഡിഎഫ് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം പിടിച്ചത്. 2015-ൽ ബിജെപി ആദ്യമായി ഒരു ഡിവിഷനിൽ വിജയിക്കുകയും ചെയ്തു. പക്ഷേ അത് നിലനിർത്താൻ ഇരു കക്ഷികൾക്കും കഴിഞ്ഞില്ല.

To advertise here,

ഇത്തവണ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നാണ് യുഡിഎഫും ബിജെപിയും ചൂണ്ടിക്കാട്ടുന്നത്. ജില്ലയിൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് ഭരണം വ്യാപിപ്പിക്കാനാവുമെന്നും ഇരുമുന്നണികളും പ്രതീക്ഷിക്കുന്നു.

നിയമസഭ മണ്ഡലത്തിന്റെ പകുതിയോളം വരുന്നവയാണ് ജില്ലാപ്പഞ്ചായത്ത് ഡിവിഷനുകൾ. അതുകൊണ്ടുതന്നെ വ്യക്തിബന്ധങ്ങളെക്കാൾ രാഷ്ട്രീയ വോട്ടാണ് ജില്ലാ ഡിവിഷനുകളിൽ വരുന്നത്.

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് മിക്കപ്പോഴും എൽഡിഎഫ് ജില്ലാപ്പഞ്ചായത്തിൽ വിജയിക്കുന്നത്. 2015 -ലും 2020-ലും എൽഡിഎഫ് 19, യുഡിഎഫ് 6 എന്നതായിരുന്നു കക്ഷിനില. യുഡിഎഫിന്റെ വെള്ളനാട് ശശി എൽഡിഎഫിലേക്ക് മാറി വീണ്ടും മത്സരിച്ച് ജയിച്ചതോടെ ഇപ്പോൾ ഇത് 20-5 എന്നായിട്ടുണ്ട്. പൊതു രാഷ്ട്രീയവിഷയങ്ങൾ തന്നെയാണ് ജില്ലാ പഞ്ചായത്തിൽ ചർച്ചയാവുന്നത്. ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്.

കോർപ്പറേഷൻ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ജില്ലാപ്പഞ്ചായത്ത് സ്ഥാനാർഥികളേയും മുന്നണികൾ തീരുമാനിച്ചു കഴിഞ്ഞു. ഘടകകക്ഷികൾ ചില വാർഡുകൾ മാറ്റി ആവശ്യെപ്പട്ടതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. കഴിഞ്ഞ തവണ 26 ഡിവിഷനുകൾ പുതിയ വിഭജനപ്രകാരം 28 ഡിവിഷനുകളാണുള്ളത്.