തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപിക്ക് കൈ അകലത്തില്‍ ഭരണം. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ മാത്രം കുറവ്. എങ്കിലും ഭരണമുറപ്പിക്കുന്നതില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നിലപാട് നിര്‍ണായകമാവും.
വിഴിഞ്ഞത്തെ സ്വതന്ത്രസ്ഥാനാര്‍ഥിയുടെ മരണത്തേത്തുടര്‍ന്ന് കോര്‍പ്പറേഷനില്‍ 100 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 50 ഇടത്ത് ബിജെപി വിജയമുറപ്പിച്ചു. 29 സീറ്റുമായി എല്‍ഡിഎഫ് രണ്ടാമതും 19 സീറ്റുമായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി മൂന്നാമതുമുണ്ട്. വിജയിച്ച രണ്ടുപേര്‍ സ്വതന്ത്രരാണ്.
കണ്ണമൂലയില്‍ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റായിരുന്ന പാറ്റൂര്‍ രാധാകൃഷ്ണനാണ് വിജയിച്ചത്. പൗണ്ടുകടവ് വാര്‍ഡില്‍ യുഡിഎഫ് വിമതന്‍ സുധീഷ് കുമാറും. ഇരുവരുടെ നിലപാട് നിര്‍ണായകമാവും. ഇതിന് പുറമേ തിരഞ്ഞെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞത്തേക്കും ബിജെപിക്ക് ഉറ്റുനോക്കേണ്ടിവരും.
50 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരണം കൈയാളുന്ന എല്‍ഡിഎഫിനെ സംബന്ധിച്ച് വലിയ നാണക്കേടാണ് തോല്‍വി. ദയനീയ വീഴ്ചയാണ് എല്‍ഡിഎഫിന്റേത്. കോര്‍പ്പറേഷനില്‍ നിലവിലെ സ്ഥിതിയില്‍ പ്രതീക്ഷ തീരെ കുറവായിരുന്ന കോണ്‍ഗ്രസ് ഗൃഹപാഠംചെയ്തിറങ്ങിയപ്പോള്‍ സീറ്റുകള്‍ ഇരട്ടിയാക്കി. ഇവിടെയാണ് എല്‍ഡിഎഫ് 54-ല്‍നിന്ന് 29-ലേക്ക് കൂപ്പുകുത്തിയത്.
കോര്‍പ്പറേഷന്‍ ഭരണത്തിലെ വീഴ്ചകള്‍ക്കും വിവാദങ്ങള്‍ക്കും പുറമേ ബിജെപി മുന്നോട്ടുവെച്ച മാറ്റത്തിന്റെ മുദ്രാവാക്യം വോട്ടര്‍മാര്‍ ഏറ്റെടുത്തുവെന്നുവേണം കരുതാന്‍. പ്രായം കുറഞ്ഞ മേയറെ മുന്‍നിര്‍ത്തിയുള്ള ഭരണത്തില്‍ എല്‍ഡിഎഫിന് തൊട്ടതെല്ലാം പൊള്ളി. ഭരണത്തിനെതിരേ വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത വിരുദ്ധവികാരമുണ്ടെന്ന് വേണം അനുമാനിക്കാന്‍.
തോല്‍വി ജില്ലയിലെ സിപിഎം നേതൃത്വം മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് സൂചനയുണ്ട്. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കമ്മിറ്റിയോഗത്തില്‍ രൂക്ഷമായ വാക്കേറ്റമാണുണ്ടായതായാണ് റിപ്പോര്‍ട്ട്.
ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നാണ് ബിജെപി വിലയിരുത്തല്‍. കഴിഞ്ഞ തവണ 10 ലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസിന് വാര്‍ഡുകള്‍ ഇരട്ടിയാക്കാന്‍ സാധിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ ഫലം പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവുള്ളതിനാല്‍ ശ്രദ്ധയോടെയാണ് ഓരോ മുന്നണികളും തുടങ്ങിയത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചടക്കാന്‍ ഇതിലും മികച്ച അവസരമില്ലെന്ന ധാരണയോടെയായിരുന്നു എന്‍ഡിഎയുടെ വരവ്. പക്ഷേ, തുടക്കം മുതല്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. തിരുമല അനിലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തനകനായിരുന്ന ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല.
മൂന്നു മുന്നണികള്‍ക്കും പാര്‍ട്ടി ആസ്ഥാനങ്ങളില്‍ വിജയം കണ്ടെത്താനായില്ല എന്നുള്ളത് പ്രത്യേകതയാണ്. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന തമ്പാനൂര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍. ഹരികുമാര്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താണ് എത്തിയത്. കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്‍ സ്ഥിതിചെയ്യുന്ന ശാസ്തമംഗലത്ത് ബിജെപി സ്ഥാനാര്‍ഥി ശ്രീലേഖ വിജയിച്ചു. എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന കുന്നുകുഴിയിലും പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന പാളയം വാര്‍ഡിലും എല്‍ഡിഎഫ് പരാജയം രുചിച്ചു, രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയം സ്വന്തമാക്കി.
നിലവിലെ മേയര്‍ ആര്യ രാജേന്ദ്രനെതിരെയും കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെയും അഴിമതി ആരോപണം ഉന്നയിച്ചു കൊണ്ടായിരുന്നു ബിജെപിയുടെ പ്രചരണരീതി. വികസനം പറഞ്ഞു വോട്ടുനേടാനുള്ള ശ്രമവും പാര്‍ട്ടി നടത്തി.
Content Highlights: BJP to get next mayor at Thiruvananthapuram
Published: 13 Dec 2025, 03:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented