തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ തുടര്‍ഭരണം ഉറപ്പാക്കാനുള്ള സജീവശ്രമങ്ങളിലാണ് എല്‍ഡിഎഫ്. പരിചയ സമ്പന്നരും യുവത്വവും അടങ്ങുന്ന നിരതന്നെ ഇത്തവണയുണ്ടാകും. ബിജെപിയുടെ ശക്തമായ വെല്ലുവിളിക്ക് ഒപ്പം കോണ്‍ഗ്രസും ഇത്തവണ ഒരുങ്ങിത്തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. മുന്‍ എംഎല്‍എ ശബരീനാഥനെ മുന്‍നിര്‍ത്തി ഇറങ്ങുന്ന കോണ്‍ഗ്രസിനെ നിസാരമായി എല്‍ഡിഎഫ് കണ്ടേക്കില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുമോയെന്നാണ് അറിയേണ്ടത്.

To advertise here,

സ്ഥാനാർഥികളെ തീരുമാനിക്കാൻ വ്യാഴാഴ്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്‌ കൂടുന്നുണ്ട്. വലിയ രീതിയിൽ പ്രഖ്യാപനം നടത്താനാണ് സിപിഎം തീരുമാനം.

മേയര്‍ സീറ്റ് ഇത്തവണ ജനറല്‍ വിഭാഗത്തിലാണ്. നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ്‌ സൂചനകള്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ളതില്‍ ആര്യ രാജേന്ദ്രന്‍ വിട്ടുനിന്നേക്കും. പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ഖ്യാതി നേടിയ ആര്യ നിയമസഭയില്‍ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ജനങ്ങള്‍ക്കിടയില്‍ ആര്യയ്ക്കുള്ള സ്വീകാര്യതയും പാര്‍ട്ടി കണക്കിലെടുക്കുന്നുണ്ടെന്നാണ് സിപിഎം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ്.പി. ദീപക്കിനാണ് ഇത്തവണ മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള പട്ടികയില്‍ പ്രാഥമിക പരിഗണനയെന്നാണ് വിവരങ്ങള്‍. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എ. സുന്ദര്‍, ആര്‍.പി. ശിവജി എന്നിവരും നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.

മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ എ. സമ്പത്തിന്റെ പേരും മേയര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പരിചയസമ്പന്നനായ സമ്പത്തിനെ മുന്‍നിര്‍ത്തി തുടര്‍ഭരണം ഉറപ്പാക്കാനുള്ള എല്‍ഡിഎഫ് സാധ്യത തള്ളാനാവില്ല.

മേയര്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരില്‍ മറ്റൊരു പ്രധാന പേര് എസ്. ജയില്‍ കുമാറിന്റേതാണ്. സിപിഎം ചാല ഏരിയ സെക്രട്ടറിയായ ജയില്‍ കുമാറിന്റെ പരിചയസമ്പത്ത് ഗുണകരമാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. മുന്‍ മേയര്‍ കെ. ശ്രീകുമാര്‍, ചാല സുന്ദര്‍, വഞ്ചിയൂര്‍ ബാബു എന്നീ പേരുകളും പരിഗണനയില്‍ ഉണ്ടെന്ന് സൂചനകളുണ്ട്.