
വി.വി. രാജേഷ് | Photo: Facebook/ Adv.VV. Rajesh
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ കഴിഞ്ഞ രണ്ടുതവണയായി പ്രതിപക്ഷത്ത് തുടരുന്ന ബിജെപി ഇക്കുറി ഭരണം പിടിക്കാന്‍ ഉറച്ചുതന്നെയാണ് ഇറങ്ങുന്നത്. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവരെ രംഗത്തിറക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ഒരുങ്ങുന്നത്.
നഗരസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് ആറു നേതാക്കന്മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദയാത്രയ്ക്ക് ബുധനാഴ്ച തുടക്കമാവുകയാണ്. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ആയേക്കുമെന്ന അഭ്യൂഹങ്ങളുള്ള സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ല പ്രസിഡന്റുമായ വി.വി. രാജേഷാണ് വട്ടിയൂര്‍ക്കാവിലെ പദയാത്ര നയിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ അഞ്ചുവര്‍ഷം മുന്നേ തുടങ്ങിയെന്ന് പറയുകയാണ് വി.വി രാജേഷ്. നഗരസഭയിലെ ബിജെപിയുടെ സാധ്യതകളെക്കുറിച്ച് വി.വി രാജേഷ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചു, ബിജെപിയുടെ മുന്നൊരുക്കള്‍ ഏതുവരെയായി?
ബിജെപിയുടെ പദയാത്ര ഇന്ന് ആരംഭിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള പദയാത്രയ്ക്ക് തുടക്കമാകുന്നത്. കോണ്‍ഗ്രസ് ഇത്ര നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങുന്നതില്‍ എല്ലാവര്‍ക്കും അത്ഭുതമാണ്. ഒരു മുന്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഇറക്കുന്നു, സിപിഎം ആവട്ടെ മുന്‍ എംപിയായ സമ്പത്തിനെ രംഗത്തിറക്കുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മേയര്‍ സ്ഥാനാര്‍ഥി ആയേക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ ഒരു മാധ്യമം കൊടുത്തു. കോണ്‍ഗ്രസില്‍ സാധാരണ കെപിസിസി പ്രസിഡന്റുമാര്‍ എംഎല്‍എ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുന്നത്. ഇത്തവണ ഒരു മുന്‍ കെപിസിസി പ്രസിഡന്റ് വന്നിരുന്ന് നേതൃത്വം ഏറ്റെടുത്ത് നഗരസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയാണ്. തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ ആദ്യമാണ്. തിരഞ്ഞെടുപ്പ് കൂടുതല്‍ ചലനാത്മകമാവുകയാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇവിടെയാണ് ബിജെപിയുടെ പ്രസക്തി തിരിച്ചറിയാന്‍ സാധിക്കുന്നത്. പ്രതിപക്ഷം എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഞങ്ങള്‍ നടത്തിയ ഇടപെടലുകളാണ് ഭരണമാറ്റം വേണം എന്ന തരത്തിലേയ്ക്ക് ചര്‍ച്ചകള്‍ കൊണ്ടുവന്നത്. തെരുവ് നായ പ്രശ്‌നം, വെള്ളക്കെട്ട് മുതലായ പ്രശ്‌നങ്ങള്‍ക്കൊക്കെ ആര് ഭരിച്ചാലും അറുതി വേണമെന്ന് ചിന്തിക്കാത്തവര്‍ ഉണ്ടാകുമോ. വീട്ടുകരം തട്ടിപ്പില്‍ ഞങ്ങള്‍ 30 ദിവസമാണ് സത്യാഗ്രഹം കിടന്നത്. പല സംഭവങ്ങളിലും ഞങ്ങളുടെ നിരന്തര ഇടപെടലുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനെ ഇത്ര സജീവമാക്കിയത്.
2015- ല്‍ പ്രതിപക്ഷത്ത് എത്തിയത് ശേഷമുള്ള അഞ്ചുവര്‍ഷം ഞങ്ങള്‍ കാര്യങ്ങളൊക്കെ പഠിച്ചു. 2020 മുതല്‍ നടത്തിയ ശക്തമായ സമരങ്ങള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ശേഷമല്ല ഞങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങുന്നത്. 2020 മുതല്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു.
2015-ല്‍നിന്ന് 2020- ലെത്തുമ്പോള്‍ സീറ്റുകളില്‍ വര്‍ധനവുണ്ടായിട്ടില്ലല്ലോ?
2015- ല്‍ കിട്ടിയ 35 സീറ്റുകള്‍ 2020- ലും ഞങ്ങള്‍ നിലനിര്‍ത്തി. കോണ്‍ഗ്രസ് 21- ല്‍ നിന്ന് 10- ലേയ്ക്ക് ചുരുങ്ങി. കോണ്‍ഗ്രസ് പല സീറ്റുകളിലും സിപിഎമ്മിന് വോട്ട് ചെയ്തതാണ് ഞങ്ങളുടെ സീറ്റ് വര്‍ധിക്കാത്തതിന് കാരണം. 10 സീറ്റുകളില്‍ കോണ്‍ഗ്രസ് തൃപ്തരാണ്. പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട് നിരവധി സമരങ്ങള്‍ ഞങ്ങള്‍ സംഘടിപ്പിച്ചു. സിപിഎമ്മിനെതിരെ സമരം ചെയ്തതിന് ഞങ്ങളുടെ പല കൗണ്‍സിലര്‍മാരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ സമരം ചെയ്തതിന് 3000 ക്രിമിനല്‍ കേസുകള്‍ ഞങ്ങളുടെ പേരിലുണ്ട്.
സഹകരണ ബാങ്ക് തട്ടിപ്പും തിരുമല അനിലിന്റെ ആത്മഹത്യയും തിരിച്ചടിയാകുമെന്ന് ഭയമുണ്ടോ?
അതൊരു ബാങ്കിലെ മാത്രം പ്രശ്‌നമാണല്ലോ. സഹകരണ സ്ഥാപനങ്ങളില്‍ പൊതുവേയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. തിരുമല അനില്‍ കുറെ പേര്‍ക്ക് ലോണ്‍ കൊടുത്തു. ഒരുപാട് പേര്‍ തിരിച്ചടച്ചില്ല. അദ്ദേഹത്തിന് മാനസിക സമ്മര്‍ദം സഹിക്കാന്‍ കഴിഞ്ഞില്ല. കേരളത്തിലെ സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്‌നമാണിത്. അത് സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം.
ഇത്തവണ മേയര്‍ സ്ഥാനാര്‍ഥി ആയേക്കുമെന്നുള്ള ചര്‍ച്ചകള്‍ സജീവമാണല്ലോ?
എന്റെ അറിവില്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടില്ല. പാര്‍ട്ടി ഫോറങ്ങളില്‍ അത്തരത്തിലുള്ള ചര്‍ച്ചകളൊന്നുമില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. ഓരോ ബിജെപി പ്രവര്‍ത്തകനും പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ അനുസരിക്കേണ്ട ചുമതലയുണ്ട്. നിലവില്‍ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നോക്കാനാണ് എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്റെ ഭാഗം ഞാന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വാര്‍ഡുകളില്‍നിന്ന് വന്ന സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ച് വരികയാണ്. സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ പട്ടിക എത്തിയതിന് ശേഷമാണ് അന്തിമതീരുമാനം വരുന്നത്. ഈ പ്രക്രിയയില്‍ ഞങ്ങളെ ഏല്‍പ്പിച്ച ദൗത്യങ്ങള്‍ ചെയ്ത് വരികയാണ്. ബാക്കിയെല്ലാം മാധ്യമസൃഷ്ടിയാണ്. എന്റെ പേര് സ്ഥാനാര്‍ഥി സാധ്യതയില്‍ വരുന്നതൊക്കെ സ്വാഭാവികമാണ്.
കഴിഞ്ഞ തവണ നഗരസഭയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ മടിയുണ്ടായിരുന്നോ?
പാര്‍ട്ടി പറഞ്ഞപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചയാളാണ് ഞാന്‍. കഴിഞ്ഞ തവണ സീനിയര്‍ ആളുകള്‍ മത്സരിക്കണമെന്ന് പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ അത് അനുസരിച്ചു. മേയര്‍ സ്ഥാനാര്‍ഥി കഴിഞ്ഞ തവണ വനിതയായിരുന്നല്ലോ. അതുകൊണ്ട് മേയര്‍ സ്ഥാനാര്‍ഥി ആയിട്ടല്ല മത്സരിക്കാന്‍ ഇറങ്ങിയത്. ജില്ലാ ചുമതലകളുടെ കാര്യം അത്തവണ ഞാന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ജില്ലാ ചുമതലകള്‍ കൈമാറിയിട്ട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ മൂന്നാംനാള്‍ ഞാന്‍ നോമിനേഷന്‍ നല്‍കി. ജില്ലയിലെ പ്രധാന നേതാക്കള്‍ നഗരസഭയില്‍ എത്തി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണം എന്നതായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. നിരവധി സമരങ്ങള്‍ സമയോചിതമായി സംഘടിപ്പിക്കാന്‍ സാധിച്ചു. നമ്മള്‍ എന്ത് ചെയ്യണമെന്ന വ്യക്തമായ നിര്‍ദേശം പാര്‍ട്ടി കൃത്യസമയത്ത് നല്‍കും.
Content Highlights: VV Rajesh, BJP leader, rumoured mayor candidate Exclusive interview
Published: 05 Nov 2025, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented