പാറശ്ശാല: അഞ്ച് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മര്യാപുരം ജില്ലാ ഡിവിഷൻ ഇത്തവണ പ്രവചനാതീതമാണ്. 2005 മുതൽ തുടർച്ചയായി കോൺഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന മര്യാപുരം ഡിവിഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറിയിൽക്കൂടി എൽഡിഎഫ് വിജയിക്കുകയായിരുന്നു.
ചെങ്കൽ, കാരോട്, കുളത്തൂർ, തിരുപുറം, പൂവാർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് മര്യാപുരം ഡിവിഷൻ. ചെങ്കൽ ബ്ലോക്ക് ഡിവിഷൻ, തിരുപുറം പഞ്ചായത്തിലെ ഏഴും ചെങ്കൽ പഞ്ചായത്തിലെ രണ്ടു വാർഡുകളും ഉൾപ്പെട്ട തിരുപുറം ബ്ലോക്ക് ഡിവിഷൻ, എട്ട് വാർഡുകൾ ഉൾപ്പെട്ട കാരോട് ഡിവിഷൻ, കാരോട് പഞ്ചായത്തിലെ അഞ്ചും കുളത്തൂർ പഞ്ചായത്തിലെ രണ്ടും വാർഡുകൾ അടങ്ങിയ കുളത്തൂർ ബ്ലോക്ക് ഡിവിഷൻ, പൊഴിയൂർ ബ്ലോക്ക് ഡിവിഷൻ, പൂഴിക്കുന്ന് ഡിവിഷൻ, പൂവാർ പഞ്ചായത്തിലെ പത്ത് വാർഡുകൾ ഉൾപ്പെട്ട അരുമാനൂർ ബ്ലോക്ക് ഡിവിഷൻ എന്നിവ അടങ്ങിയതാണ് മര്യാപുരം ജില്ലാ ഡിവിഷൻ.
ജില്ലാ ഡിവിഷൻ തിരിച്ചുപിടിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് സ്വാതന്ത്ര്യസമര സേനാനിയായ ചെല്ലക്കണ്ണ് നാടാരുടെ മകനും കെപിസിസി സെക്രട്ടറിയുമായ അഡ്വ. പ്രാണകുമാറിനെയാണ്. അഭിഭാഷകനായ പ്രാണകുമാർ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്.
എറണാകുളം ലോ കോളേജ് ചെയർമാൻ, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാരോട് ഗ്രാമപ്പഞ്ചായത്തിൽ 2005-2010 കാലഘട്ടത്തിൽ ജനപ്രതിനിധിയായിരുന്നു.
എൽഡിഎഫ് ഇത്തവണ ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിനാണ് നൽകിയിട്ടുള്ളത്. അധ്യാപകനും കവിയും സാമൂഹിക പ്രവർത്തകനുമായ രാജൻ ബി.പൊഴിയൂരാണ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മിന്റെ അധ്യാപക സംഘടന ആദ്യ ജില്ലാ പ്രസിഡന്റായിരുന്നു.
താലൂക്കിലെ ന്യൂനപക്ഷ യുവമുഖമായ സ്റ്റെഫിൻ സ്റ്റീഫനെയാണ് ബിജെപി രംഗത്തിറക്കിയത്. എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സ്റ്റെഫിൻ ധനുവച്ചപുരം വിടിഎംഎൻഎസ്എസ് കോളേജിലെ യൂണിറ്റ് സെക്രട്ടറി, സംസ്ഥാന സമിതി അംഗം, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാനത്തെ പ്രായം കുറഞ്ഞ ജില്ലാ സെക്രട്ടറിയാണിപ്പോൾ.
ബാലരാമപുരത്ത് ഇഞ്ചോടിഞ്ച്
ബാലരാമപുരം: ബാലരാമപുരം ഡിവിഷനിൽ കൈവിട്ടുപോയ വിജയം തിരിച്ചുപിടിച്ചെടുക്കാൻ എൽഡിഎഫും സീറ്റ് നിലനിർത്താൻ യുഡിഎഫും കളത്തിലിറങ്ങുമ്പോൾ അട്ടിമറിവിജയമെന്നത് മാത്രമാണ് എൻഡിഎയുടെ ലക്ഷ്യം.
നിലവിലെ ജില്ലാപ്പഞ്ചായത്തംഗം വിനോദ് കോട്ടുകാലിന്റെ ഭാര്യ അഞ്ജിതയാണ് യുഡിഎഫ് സ്ഥാനാർഥി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജയാണ് എൽഡിഎഫ് സ്ഥാനാർഥി. മുൻ ബാലരാമപുരം പഞ്ചായത്തംഗം ആർ.ഹേമലതയാണ് എൻഡിഎ സ്ഥാനാർഥി.
2020-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിനോദ് കോട്ടുകാൽ വിജയിച്ചത് 1664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കോട്ടുകാൽ (19), ബാലരാമപുരം (22), അതിയന്നൂർ (7), പള്ളിച്ചൽ (5). ആകെ 53 വാർഡുകൾ ചേർന്നതാണ് ബാലരാമപുരം ജില്ലാ ഡിവിഷൻ.
കന്നിയങ്കത്തിനിറങ്ങുകയാണ് യുഡിഎഫ് സ്ഥാനാർഥി അഞ്ജിത. എംഎം, ബിഎഡ് ബിരുദധാരിയായ അഞ്ജിത എം.വിൻസെന്റ് എംഎൽഎയുടെ ഓഫീസ് സ്റ്റാഫാണ്.
പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് പള്ളിച്ചൽ സദാശിവന്റെ മകളും നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. എസ്.കെ.പ്രീജയെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. 2015-ൽ ഇതേ ഡിവിഷനിൽ അയ്യായിരത്തിലധികം വോട്ടുകൾ നേടി എസ്.കെ.പ്രീജ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2020-ൽ നേമം ബ്ലോക്ക് പൂങ്കോട് ഡിവിഷനിൽനിന്ന് രണ്ടായിരത്തിലധികം വോട്ടുകൾ നേടി നേമം ബ്ലോക്ക് പ്രസിഡന്റ് പദവിയിലെത്തി. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ്. ഓൾ ഇന്ത്യ കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയാണ് പ്രീജ.
എൻഡിഎ സ്ഥാനാർഥി ആർ.ഹേമലത 2010 മുതൽ 2020 വരെ ബാലരാമപുരം തോപ്പ് വാർഡിലെ ജനപ്രതിനിധിയായിരുന്നു. മഹിളാ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പോരാട്ടച്ചൂടിൽ ആനാട്
നെടുമങ്ങാട്: പതിനഞ്ചുവർഷം തുടർച്ചയായി വലതിനൊപ്പംനിന്ന ജില്ലാ ഡിവിഷനാണ് ആനാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ഡിവിഷൻ ചുവപ്പണിഞ്ഞത്.
ഇത്തവണ നിലനിർത്താനും തിരിച്ചുപിടിക്കാനും വേണ്ടിയുള്ള പോരാട്ടമാണ്. എൽഡിഎഫിനു വേണ്ടി സിപിഎമ്മിലെ ജെ.യഹിയയും (42) യുഡിഎഫിനു വേണ്ടി കോൺഗ്രസിൽ നിന്നും അഡ്വ. തേക്കട അനിൽകുമാറും (56), എൻഡിഎക്കുവേണ്ടി ബിഡിജെഎസിലെ സുകുമാരൻ നായരുമാണ് (67) മത്സരിക്കുന്നത്.
യുവജനപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ യുവനേതാവാണ് ജെ.യഹിയ. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ആനാട് പഞ്ചായത്ത് സെക്രട്ടറി, മൂഴി മേഖലാ സെക്രട്ടറി, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ ജനകീയമാക്കിയതിൽ പങ്കുവഹിച്ചു. മത്സരരംഗത്ത് ആദ്യമാണ്.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. 2012 മുതൽ നെടുമങ്ങാട് അർബൻ സഹകരണ ബാങ്ക് ചെയർമാനാണ്. 2005, 2015 വർഷങ്ങളിൽ വെമ്പായം ഗ്രാമപ്പഞ്ചായത്തിലെ വെട്ടുപാറ വാർഡ് അംഗമായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. കോൺഗ്രസ് വെമ്പായം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ കബഡി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1984-ൽ ഗവ. ആർട്സ് കോളേജിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായതോടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയാണ്.
എൻഡിഎയ്ക്കുവേണ്ടി ഇക്കുറി മത്സരിക്കുന്നത് ബിഡിജെഎസ് അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് സുകുമാരൻ നായരാണ്. നാടക കലാകാരനാണ്. 2015-ൽ ഉഴമലയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ മുമ്പാലം വാർഡിൽ മത്സരിച്ചിരുന്നു. പനവൂർ, ആനാട്, വെമ്പായം പഞ്ചായത്തുകളിലുള്ള ബിജെപിയുടെ സ്വാധീനം മികച്ച വോട്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. മൺകലം ചിഹ്നത്തിലാണ് സുകുമാരൻ നായർ മത്സരിക്കുന്നത്.
പനവൂർ (16), ആനാട് (20), തൊളിക്കോട് (13), വെമ്പായം (5), ഉഴമലയ്ക്കൽ (7) എന്നീ പഞ്ചായത്തുകളിലെ 61 വാർഡുകൾ ചേർന്നതാണ് ആനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ. 2020-ൽ ഡിവിഷൻ വനിതകൾക്ക് സംവരണം ചെയ്തിരുന്നു.
Content Highlights: District Panchayat Elections: A Deep Dive into Mariapuram, Balaramapuram, and Anad Divisions
Published: 27 Nov 2025, 09:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented