തിരുവനന്തപുരം: നഗരസഭ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുക്കാമെന്ന മോഹവുമായാണ് ബിജെപി ഇക്കുറി ഇറങ്ങുന്നത്. പലയിടത്തും പ്രമുഖ സ്ഥാനാർഥികളെയാണ് പാർട്ടി മത്സരിക്കാൻ ഇറക്കിയിരിക്കുന്നത്. തൈക്കാട് വാർഡിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എ. കസ്തൂരിയാണ് സ്ഥാനാർഥി. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും മുൻ എംപി എ. സമ്പത്തിന്റെ സഹോദരനുമാണ് കസ്തൂരി.
എസ്എഫ്ഐ പ്രവർത്തകനായിരുന്ന കസ്തൂരി കോളേജ് പഠനകാലത്തിന് ശേഷമാണ് ബിജെപിയിലേയ്ക്ക് ചുവടുമാറുന്നത്. താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനത്തിലൂടെയാണ് രാജ്യപുരോഗതി നേടേണ്ടതെന്ന് കസ്തൂരി പറയുന്നു. രണ്ടുതവണ പ്രതിപക്ഷത്തിരുന്ന ബിജെപി ഇനി കോർപ്പറേഷൻ ഭരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
മത്സരിക്കുന്നത് ശരിയാണോയെന്ന് ചിന്തിച്ചു, ജനങ്ങൾ ഹൃദയത്തിൽ സ്വീകരിക്കുന്നു
സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ അന്ന് രാവിലെയാണ് എന്നോട് മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നത്. ഹിന്ദു ഐക്യവേദിയുടെ ജില്ല പ്രസിഡൻ്റായതിനാൽ ആ സ്ഥാനം ഒഴിവാക്കി മത്സരിക്കാൻ ഇറങ്ങുന്നത് ശരിയാണോയെന്ന് സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്യേണ്ടി വന്നു. ചർച്ചയ്ക്കൊടുവിൽ മത്സരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
വളരെ ആവേശത്തോടെയാണ് ജനങ്ങൾക്ക് മുന്നിലേയ്ക്ക് പ്രചരണത്തിന് ഇറങ്ങുന്നത്. ജനങ്ങൾ ഇരുകെെയും നീട്ടിയല്ല, ഹൃദയത്തിലാണ് സ്വീകരിക്കുന്നത്. ഈ നാട്ടിൽ വികസനമില്ലെന്നും അവരെ പറ്റിക്കുകയാണെന്നും ജനങ്ങൾക്ക് മനസ്സിലായി. ഭാരതത്തിൽ ഒന്നാകെ വികസനം നടക്കുമ്പോൾ കേരളവും പ്രത്യേകിച്ച് തിരുവനന്തപുരവും നശിച്ച് പോവുകയാണ്. നാടിന് വേണ്ടിയുള്ള ഞങ്ങളുടെ കൂട്ടായ പ്രയത്നത്തിന് ജനങ്ങളുടെ പൂർണപിന്തുണയുണ്ട്.
രാജ്യം മുന്നോട്ട് പോകുമ്പോൾ കേരളം പിറകിൽ, വികസനമാണ് ബിജെപി അജണ്ട
വികസനം തന്നെയാണ് ബിജെപിയുടെ പ്രധാന അജണ്ട. മാറണം, മാറ്റിമറിക്കണമെന്നൊക്കെ കമ്മ്യൂണിസ്റ്റുകാർ പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. ഏറ്റവും ഒടുവിലായി ഹെെവേയും റെയിൽവേയും വികസനം നടക്കുന്നത് കേരളത്തിലാണ്. പുതിയ വന്ദേഭാരത് ഒക്കെ രാജ്യത്തിൻ്റെ വികസനമാണ്. ഇന്ത്യക്കാരൻ എന്ന് പറഞ്ഞാൽ ഇന്ന് അഭിമാനമാണ്. അമേരിക്ക ഉൾപ്പടെ ഇന്ത്യയെ അസൂയയോടെ നോക്കുന്നു. സെെനിക രംഗത്തും വലിയ നേട്ടമാണ് നമ്മൾ കെെവരിച്ചത്.
രാജ്യം മുഴുവൻ വികസനം നടക്കുമ്പോൾ കേരളത്തിൽ തടയിട്ട് നിർത്തുകയാണ്. ജനാധിപത്യ സംവിധാനത്തിൽ വികസനത്തിൻ്റെ അടിസ്ഥാനം തദ്ദേശ സ്ഥാപനങ്ങളാണ്. താഴെത്തട്ടിൽ നിന്ന് പ്രവർത്തനം നടത്താൻ എനിക്ക് ലഭിച്ച അവസരമാണിത്.
ഇടത് പക്ഷത്തുനിന്ന് ബിജെപിയിലേയ്ക്ക്, ചുവടുമാറ്റം രാഷ്ട്രീയ മുതലെടുപ്പിനല്ല
ഞാനും ചേട്ടനുമൊക്കെ പ്രത്യയശാസ്ത്രം വായിച്ചുപഠിച്ചതല്ല, അച്ഛൻ്റെ പ്രവർത്തനങ്ങളുടെ ആരാധനയാണത്. അച്ഛൻ്റെ പ്രവർത്തന രീതിയും ഞങ്ങളെ പഠിപ്പിച്ച സംസ്കാരത്തിലൂടെയും ഒക്കെയാണ് ഇടതുപക്ഷ ആശയത്തിലേയ്ക്ക് ഞാനും ചേട്ടനും ഒക്കെ വരുന്നത്. അദ്ദേഹം ചെയ്തിരുന്ന സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനമാണ് ഞങ്ങളെ ആകർഷിച്ചത്. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കില്ല.
പാവങ്ങൾക്ക് കുടിൽ കെട്ടിക്കൊടുത്ത് അദ്ദേഹം കോളനികൾ കെട്ടിപ്പടുത്തു. തോട്ടി തൊഴിലാളി യൂണിയനിലാണ് അദ്ദേഹം ആദ്യമായി ട്രെയിഡ‍് യൂണിയൻ നേതാവ് ആകുന്നത്. മലം തലയിൽ ചുമക്കുന്ന മനുഷ്യരെ സംഘടിപ്പിച്ചുകൊണ്ട് അവരുടെ അവകാശ പോരാട്ടങ്ങൾക്കുള്ള ട്രെയിഡ് യൂണിയൻ പ്രവർത്തനമാണ് അദ്ദേഹം ആദ്യം ചെയ്തത്. ഈ സംഘടിത ശക്തികൊണ്ട് നാടിന് പുരോഗതി ഉണ്ടാകുമെന്ന് എനിക്ക് അന്ന് തോന്നിയിരുന്നു.
പിന്നീട് പത്ത് വർഷത്തിന് മുകളിൽ ഞാൻ കേരളത്തിന് പുറത്ത് പോയി പഠിച്ചു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പോയി ജനങ്ങളെ കണ്ട് അവിടുത്തെ ജീവിതരീതി കണ്ട് പഠിച്ചു. നമ്മുടെ നാട്ടിലെ ജനങ്ങളുടെ കഷ്ടപ്പാട് കണ്ടപ്പോൾ വിശ്വസിച്ചതെല്ലാം തെറ്റാണെന്ന് എനിക്ക് മനസ്സിലായി. പുരോഗതി ഉണ്ടാകണമെങ്കിൽ മനുഷ്യൻ അധ്വാനിക്കണമെന്നും അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കണമെന്നും മനസ്സിലായി. ഇതിനായി കഴിഞ്ഞ 15 വർഷമായി കേന്ദ്ര സർക്കാർ ചെയ്തുവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയല്ല ഞാൻ രാഷ്ട്രീയ ചുവടുമാറ്റം നടത്തിയത്. ജനങ്ങളെ സഹായിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യാമെന്ന ഉദ്ദേശ്യത്തോട് കൂടിയാണ്.
ഒന്നാമതായി ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമല്ലായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഞാൻ എസ്എഫ്ഐ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. ധാർമികതയോടെയും ഊർജസ്വലതയോടെയുമാണ് ഞാൻ അക്കാലത്ത് പ്രവർത്തിച്ചത്. കോളേജ് പഠനസമയത്തിന് ശേഷം ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടില്ല.
മോദി സത്യസന്ധനായ മനുഷ്യൻ, താഴെത്തട്ടിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് അറിയാം
എഴുതിവെക്കുന്ന പ്രത്യശാസ്ത്രമല്ല, നടപ്പിലാക്കുന്ന പ്രത്യശാസ്ത്രമാണ് നാം വിശ്വസിക്കേണ്ടത്. താഴെത്തട്ടിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു. ഉത്തരേന്ത്യയിൽ ചെന്നാൽ കക്കൂസ് ഇല്ലാത്ത വീടുകളായിരുന്നു ഏറെയും. ഇത് കേൾക്കുമ്പോൾ നമ്മൾ ചിരിക്കും. അവിടെ കക്കൂസ് ഉണ്ടാക്കരുതെന്ന വാശി അവിടുത്തെ ജമീന്താർമാർക്കായിരുന്നു. പാവങ്ങൾ വളരരുതെന്നും അവിടെ ഒരു ഗ്യാസ് കുറ്റി പോലും പാടില്ലെന്നതും ജമീന്താർമാരുടെ ആവശ്യമായിരുന്നു. ജമീന്താർമാർക്കെതിരെയുള്ള സമരം പണ്ട് കമ്യൂണിസ്റ്റുകാർ പറഞ്ഞുപഠിപ്പിച്ച ആശയമല്ലേ. അതല്ലേ മോദി ഇന്ന് നടപ്പാക്കുന്നത്. ആ ആശയം നടപ്പിലാക്കുന്ന സ്വാർഥതയില്ലാത്ത സത്യസന്ധനായ മനുഷ്യനാണ് നമ്മുടെ പ്രധാനമന്ത്രി. പ്രാപ്തരായ മന്ത്രിമാരെ വെച്ച് കാര്യങ്ങൾ അദ്ദേഹം ഭംഗിയായി നടപ്പിലാക്കുന്നു, കേരളത്തിലേത് പോലെയല്ല കാര്യങ്ങൾ. കൃത്യമായ പദ്ധതിയോടെ കാര്യങ്ങൾ നടത്തുന്നു.
ജയിച്ച് വരൂവെന്ന് സഹോദരൻ പറഞ്ഞാലാണ് പ്രശ്നം, കസ്തൂരി എന്താണെന്ന് കാണിക്കാനാണ് ഇഷ്ടം
ഞാൻ മത്സരിക്കുന്നു എന്നൊരു ദൗത്യം ഏറ്റെടുക്കുന്നതായി സഹോദരനെ അറിയിച്ചിരുന്നു. അദ്ദേഹത്തിനോട് പറയേണ്ടത് എൻ്റെ ധാർമികമായ ഉത്തരവാദിത്വമാണ്. ഞാൻ ജയിക്കരുതെന്നല്ലേ അദ്ദേഹം പറയാവൂ. ഞാൻ ജയിച്ച് വരൂ എന്ന് അദ്ദേഹം പറഞ്ഞാൽ അല്ലേ പ്രശ്നം. അപ്പോൾ സഖാവ് അനിരുദ്ധൻ്റെ മകനാണെന്നും മുൻ എംപി സമ്പത്തിൻ്റെ സഹോദരനാണെന്നും പത്രങ്ങളിൽ അച്ചടിച്ചുവന്നതുപോലെ ഒരു നെഗറ്റീവ് ക്യാംപെയിൻ സംഭവിക്കും. അത് ഞാൻ ആഗ്രഹിക്കുന്നില്ല. കസ്തൂരി എന്താണെന്ന് ജനങ്ങൾക്ക് മുന്നിൽ കാണിക്കാനാണ് എനിക്കിഷ്ടം.
സ്ഥാനാർഥിയാകണമെന്ന് താത്പര്യമില്ലായിരുന്നു, ഇനി ലക്ഷ്യം പ്രവർത്തനം ഏകോപിപ്പിക്കൽ
സ്ഥാനാർഥി ആകണമെന്ന താത്പര്യം എനിക്കില്ലായിരുന്നു. അതുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ പ്രവർത്തനങ്ങളിൽ മുഴുകി ഇരിക്കുകയായിരുന്നു. തെെക്കാട് വാർഡിലെ പ്രവർത്തനം ഏകോപിപ്പിക്കലാണ് ഇനി എൻ്റെ ദൗത്യം. പരമാവധി വോട്ടർമാരെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കും.
കോൺഗ്രസിന് ഇനി രക്ഷയില്ല, ബിജെപി അധികാരത്തിൽ വരും
കോൺഗ്രസിന് ഇനി തിരുവനന്തപുരത്ത് രക്ഷയില്ല. രാജ്യത്ത് കോൺഗ്രസ് തകർന്നടിച്ചു. അവരുടെ നേതാവിനെക്കുറിച്ച് പറയാൻ പോലും ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് ഈ തിരഞ്ഞെടുപ്പോടെ തിരുവനന്തപുരത്ത് തീരും, ബിജെപി അധികാരത്തിൽ വരും.
Published: 17 Nov 2025, 03:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented