പത്തനംതിട്ട: ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് മൂന്ന് മുന്നണികളുടെയും സീറ്റ് വിഭജനം പൂര്‍ത്തിയായി. ഇനി സ്ഥാനാര്‍ഥികളെ കണ്ടെത്തി പട്ടിക പുറത്തിറക്കിയാല്‍ മതി. ഇതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. 17 ഡിവിഷനുകളുള്ളതില്‍ ഒന്‍പതും വനിതാ സംവരണമാണ്. ആകെ സീറ്റുകളുടെ എണ്ണം ഒറ്റ സംഖ്യയാണെങ്കില്‍ അതിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഇത്തവണ ഒന്‍പത് സീറ്റുകള്‍ വനിതാ സംവരണമായി. ഇതോടെ, അധ്യക്ഷയ്‌ക്കൊപ്പം പകുതിയിലേറെ അംഗങ്ങളും വനിതകളാകും. കഴിഞ്ഞതവണ 16 ഡിവിഷനുകളായിരുന്നു.

To advertise here,

ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിനിര്‍ണയത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച നടന്നു. മൂന്ന് മുന്നണികളുടെയും ഔദ്യോഗിക പട്ടിക തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുറത്തിറങ്ങും.

കോണ്‍ഗ്രസ്-15, ജോസഫ് വിഭാഗം-രണ്ട്

യുഡിഎഫില്‍ കോണ്‍ഗ്രസും കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറ്റുകള്‍ പങ്കിടും. 15 സീറ്റില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കും. പുളിക്കീഴ്, റാന്നി ഡിവിഷനുകള്‍ ജോസഫ് വിഭാഗത്തിന് നല്‍കി. മുസ്ലിം ലീഗ് സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ഗ്രാമ, ബ്‌ളോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാമെന്ന നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിച്ചു. കഴിഞ്ഞതവണ ആകെയുണ്ടായിരുന്ന 16 സീറ്റില്‍ കോണ്‍ഗ്രസ് 14-ല്‍ മത്സരിച്ചു. നാലില്‍ ജയിച്ചു. ഏനാത്ത് കൃഷ്ണകുമാര്‍, പ്രമാടത്ത് റോബിന്‍ പീറ്റര്‍, കോന്നിയില്‍ അജോമോന്‍, റാന്നി അങ്ങാടിയില്‍ ജെസി അലക്‌സ് എന്നിവരാണ് വിജയിച്ചത്. കഴിഞ്ഞ തവണ ജോസഫ് വിഭാഗം രണ്ടുസീറ്റില്‍ മത്സരിച്ചെങ്കിലും ജയിച്ചില്ല. ഇത്തവണ റോബിന്‍ പീറ്റര്‍ കോന്നി ബ്ലോക്കിലെ ഇളകൊള്ളൂരില്‍ നിന്നാണ് മത്സരിക്കുന്നത്.

13 ഇടത്ത് ബിജെപി;ബിഡിജെഎസ് നാലിടത്ത്

എന്‍ഡിഎയില്‍ 13 സീറ്റുകളില്‍ ബിജെപിയും നാലില്‍ ബിഡിജെഎസും മത്സരിക്കും. ആനിക്കാട് ഡിവിഷനില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് ധാരണയായി. ബിഡിജെഎസിനുള്ള മറ്റ് മൂന്ന് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്.

എല്‍ഡിഎഫില്‍ ചിത്രം തെളിയുന്നു

എല്‍ഡിഎഫില്‍ 10 സീറ്റില്‍ സിപിഎം, മൂന്നില്‍ സിപിഐ, രണ്ടിടത്ത് കേരളകോണ്‍ഗ്രസ് എം, ഒരോ സീറ്റില്‍ ജെഡിഎസും ആര്‍ജെഡിയും മത്സരിക്കും. ആര്‍ജെഡിക്ക് ആദ്യം സീറ്റ് നിഷേധിച്ചത് തര്‍ക്കമുണ്ടാക്കിയെങ്കിലും ആര്‍ജെഡി ദേശീയ നേതൃത്വം സിപിഎം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സീറ്റ് അനുവദിച്ചത്. മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍, കുളനട, ഏനാത്ത്, കലഞ്ഞൂര്‍, കൊടുമണ്‍, പ്രമാടം, മലയാലപ്പുഴ, ചിറ്റാര്‍ എന്നിവിടങ്ങളില്‍ സിപിഎമ്മും ആനിക്കാട്, കോന്നി, പള്ളിക്കല്‍ എന്നിവിടങ്ങളില്‍ സിപിഐയും മത്സരിക്കും. കേരള കോണ്‍ഗ്രസ് എം പുളിക്കീഴ്, റാന്നി സീറ്റുകളില്‍ മത്സരിക്കും. ജെഡിഎസിന് കോഴഞ്ചേരിയും ആര്‍ജെഡിക്ക് അങ്ങാടിയുമാണ് നല്‍കിയത്. അരുവാപ്പുലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി മലയാലപ്പുഴ ഡിവിഷനില്‍നിന്ന് ജില്ലാപഞ്ചായത്തിലേക്ക് ജനവിധി തേടും. മല്ലപ്പള്ളി ഡിവിഷനില്‍നിന്ന് മുന്‍ ജില്ലാപഞ്ചായത്തംഗം എസ്.വി. സുബിനും ഏനാത്ത് ഡിവിഷനില്‍ എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് വൈഷ്ണവി ശൈലേഷ്, പള്ളിക്കല്‍ ഡിവിഷനില്‍ ശ്രീലത രമേശ് എന്നിവര്‍ മത്സരിക്കും. ആര്‍ജെഡി റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി. മോളിക്കലാണ് അങ്ങാടിയില്‍ അങ്കത്തിനിറങ്ങുന്നത്.