പത്തനംതിട്ട: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയതകൾ നിറഞ്ഞുനിന്ന കോട്ടാങ്ങൽ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്. നറുക്കെടുപ്പിലൂടെയാണ് ബിജെപി അംഗമായ ഹരികുമാർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിച്ചതോടെ യുഡിഎഫിനും ബിജെപിക്കും അഞ്ചുവീതം വോട്ടുകളാണ് ലഭിച്ചത്. ഇതോടെയാണ് നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
കോട്ടാങ്ങൽ പഞ്ചായത്തിൽ യുഡിഎഫിന് അഞ്ച് അംഗങ്ങളാണുള്ളത്. എൻഡിഎയ്ക്ക് ഒരു സ്വതന്ത്രൻ ഉൾപ്പെടെയും അഞ്ച് അംഗങ്ങളുണ്ട്. എസ്ഡിപിഐക്ക് മൂന്നംഗങ്ങളും എൽഡിഎഫിന് ഒരു അംഗവുമുണ്ട്.
ശനിയാഴ്ച രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചിരുന്നു. ഇതോടെ കോൺഗ്രസിലെ കെ.വി. ശ്രീദേവി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, എസ്ഡിപിഐ പിന്തുണയിൽ ഭരിക്കേണ്ടതില്ലെന്ന മുൻതീരുമാനമനുസരിച്ച് യുഡിഎഫ് അംഗം പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണനൽകിയിട്ടും രാഷ്ട്രീയപരമായി അപമാനിതരായെന്ന അഭിപ്രായമുയർന്നതോടെയാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിച്ചത്. ഉച്ചയ്ക്കുശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥിയായ അനസ് മുഹമ്മദിന് മൂന്ന് വോട്ടുകിട്ടി. യുഡിഎഫ് സ്ഥാനാർഥിയായ ജോസഫിനും ബിജെപി സ്ഥാനാർഥിയായ ഹരികുമാറിനും അഞ്ചുവീതം വോട്ടുകളും ലഭിച്ചു. ഇതോടെയാണ് വൈസ് പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
Content Highlights: Dramatic turn of events in Kottangal Panchayat`s Vice President election. BJP secures victory through a lottery draw after a split vote. SDPI contested alone.
Published: 27 Dec 2025, 08:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented