പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാര്‍ പാലം വലിച്ചെന്ന മുന്‍ സിപിഎം എംഎല്‍എയും കെ.സി. രാജഗോപാലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം കെ. പ്രകാശ് ബാബു. പാര്‍ട്ടിയില്‍ ചോദ്യംചെയ്യപ്പെടാത്ത നേതാവായി നിന്ന പഴയ കാലം കെ.സി.ആര്‍. മറക്കരുതെന്നാണ് വിമര്‍ശനം. അനര്‍ഹര്‍ക്ക് താത്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ ഫലമാണ് കെ.സി. രാജഗോപാലന്‍ ഇന്ന് അനുഭവിക്കുന്നതെന്നും പ്രകാശ് ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടിയിലെ ഗ്രൂപ്പ് ആധിപത്യ കാലത്ത് വി.എസ്. അച്യുതാനന്ദന്റെ ആശീര്‍വാദത്തോടെ വിരാജിച്ച കെസിആറിന്റെ കൈകള്‍ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരില്‍ ഒരാളാണ് താന്‍. റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ പഴയ കസേരയില്‍ പോയിരുന്ന് നിര്‍ദേശം കൊടുത്താല്‍ ആരും കേള്‍ക്കില്ല. മലര്‍ന്നു കിടന്നു തുപ്പാതിരിക്കുക, ശത്രുക്കളുടെ ആയുധകമാകാതിരിക്കുക എന്നിങ്ങനെയാണ് പോസ്റ്റിലെ പ്രകാശ് ബാബുവിന്റെ വിമര്‍ശനങ്ങള്‍.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മുന്‍ MLA കെ.സി.രാജഗോപാലന്റെ പരസ്യപസ്താവന കണ്ടു. പത്രക്കാരെ വിളിച്ചു പറയേണ്ടിരുന്നോ എന്നൊരു സംശയം. ഏതൊരു സംഘടനക്കകത്തും, പുറത്തും കാലുവാരലും, ചതിയും , കുതികാല്‍ വെട്ടും,വഞ്ചനയും, അത്ര പുതിയ കാര്യമൊന്നുമല്ല. പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാര്‍ട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് vs അച്ചുതാനന്ദന്റെ സമ്പൂര്‍ണ്ണ ആ ശിര്‍വാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകള്‍ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരില്‍ ഒരാള്‍ ഞാനും കൂടെയാണ്. അനര്‍ഹര്‍ക്ക് താല്‍ക്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ അനന്തരഫലം കൂടിയാണ് താങ്കള്‍ നേരിടുന്നത്. എന്റെ പോരാട്ടവീര്യത്തിനു കുറവു വന്നതുകൊണ്ടല്ല രാജ്യത്താകെ പ്രസ്ഥാനം വെല്ലുവിളി നേരിടുമ്പോള്‍ ഇത്തരം ഉള്‍പോരാട്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍ 75 വയസ്സാകാന്‍ കാത്തുനില്‍ക്കാതെ 60 ലെ സ്വയം റിട്ടയര്‍ ചെയ്തതും. താങ്കളും, മറ്റുള്ളവരും , ഞാനും നടത്തിയ പോരാട്ടങ്ങള്‍ വ്യക്തിപരമായിരുന്നില്ല. റിട്ടയര്‍മെന്റു കഴിഞ്ഞ നമുക്ക് പാര്‍ട്ടി നിശ്ചയിച്ചു തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കില്‍ വേണ്ടെന്നുവക്കുക. നമുക്ക് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന സഹായം ചെയ്യുക അതാണ് വേണ്ടത്. റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ പഴയ കസേരയില്‍ പോയിരുന്ന് നിര്‍ദേശം കൊടുത്താല്‍ ആരും കേള്‍ക്കില്ല. റിട്ടയര്‍ ചെയ്ത മറ്റു പരുടെയും അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കുറവുകള്‍ പാര്‍ട്ടി പരിഹരിക്കട്ടെ. അതവര്‍ക്ക് വിട്ടുകൊടുക്കു. മലര്‍ന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുക.
മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായ കെ.സി. രാജഗോപാലന്‍ വിജയിച്ചിരുന്നു. 28 വോട്ടിനായിരുന്നു ജയം. 20 വര്‍ഷമായി എല്‍ഡിഎഫിന്റെ കൈയിലായിരുന്ന പഞ്ചായത്ത് ഭരണം നഷ്ടപ്പെടുകയും ചെയ്തു. തന്റെ വിജയത്തിന്റെ മാറ്റ് കുറഞ്ഞതും പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍നിന്ന് നഷ്ടപ്പെട്ടതും പാര്‍ട്ടിക്കാര്‍ പാലംവലിച്ചതുകൊണ്ടാണെന്നാണ് കെസിആര്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സംഭവത്തില്‍ കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിനെതിരേ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും അറിയിച്ചു.
മുന്‍പ് ആറന്മുളയില്‍നിന്നുള്ള എംഎല്‍എയായിരുന്ന കെസിആറിനെ, 75 പിന്നിട്ടതോടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. സ്റ്റാലിന്‍ പ്രമാണിയാണെന്നും സഹോദരന് ബാര്‍ ഉണ്ടെന്നുമൊക്കെയാണ് കെസിആര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഉന്നയിച്ച ആരോപണങ്ങള്‍. വിവരമില്ലാത്തയാളാണെന്നും പത്രം വായിക്കാറില്ലെന്നും പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയതിന് പിന്നിൽ സാറ്റാലിനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജില്ലാ കമ്മിറ്റിയില്‍നിന്ന് തന്നെ ഒഴിവാക്കിയപ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരാണ് സ്റ്റാലിന്റെ മകനടക്കമുള്ളവരെന്നും ആരോപണത്തിലുണ്ട്.
എന്നാല്‍, ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സ്റ്റാലിന്‍ തയ്യാറായില്ല. വിയോജിപ്പുകള്‍ പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.
Content Highlights: A CPM Leader's Defense Against Claims of Sabotage in Local Elections
Published: 16 Dec 2025, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented