പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഒരുകൈനോക്കാന്‍ ട്വന്റി-ട്വന്റി, എഎപി, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, പിഡിപി സ്ഥാനാര്‍ഥികളും രംഗത്ത്. ആകെ 200-ഓളം സീറ്റുകളിലാണ് ഈ പാര്‍ട്ടികളെല്ലാംകൂടി ജില്ലയില്‍ മത്സരിക്കുന്നത്. ഇതില്‍ വെല്‍ഫെയര്‍പാര്‍ട്ടി മൂന്ന് ഗ്രാമപ്പഞ്ചായത്തുകളില്‍ യുഡിഎഫുമായി ധാരണയില്‍ മത്സരിക്കുന്നു. മറ്റിടങ്ങളില്‍ ഒറ്റയ്ക്കാണ് പോരാട്ടം.
ട്വന്റി-ട്വന്റി
എറണാകുളം ജില്ലയില്‍നിന്ന് പാലക്കാട്ട് ട്വന്റി-ട്വന്റി ആദ്യമായെത്തുന്ന തിരഞ്ഞെടുപ്പാണിത്. മുതലമട പഞ്ചായത്തിലെ 22-ല്‍ 21 വാര്‍ഡിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മാങ്ങചിഹ്നത്തില് മത്സരിക്കുന്നു. മുന്‍ പഞ്ചായത്തുപ്രസിഡന്റ് പി. കല്‍പ്പനാദേവി, മുന്‍ വൈസ് പ്രസിഡന്റ് എം. താജുദീന് എന്നിവരാണ് നേതൃത്വം.
വെല്‍ഫെയര്‍ പാര്‍ട്ടി
ജില്ലയിലെ 54 വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ട്. ഗ്യാസ് സിലിന്‍ഡറാണ് ചിഹ്നം. ജില്ലാപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ഒന്പതുവീതം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നു.
പാലക്കാട് നഗരസഭയുള്‍പ്പെടെ 36 ഇതര വാര്‍ഡുകളിലും വെല്‍ഫെയര്‍പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ട്. വല്ലപ്പുഴ, മുതുതല, കോട്ടായി പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡില്‍ വെല്‍ഫെയര്‍പാര്‍ട്ടിക്ക് യുഡിഎഫിന്റെ പിന്തുണയുണ്ട്.
ഈ പഞ്ചായത്തുകളിലെ മറ്റു വാര്‍ഡുകളില്‍ യുഡിഎഫുമായി ധാരണയുണ്ടെന്നും പാര്‍ട്ടി ജില്ലാനേതൃത്വം പറഞ്ഞു. കഴിഞ്ഞതവണ നഗരസഭകളില്‍ ഉള്‍പ്പെടെ ഏഴുവാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നു.
എസ്ഡിപിഐ
കണ്ണട ചിഹ്നത്തില്‍ ഒറ്റയ്ക്കാണ് എസ്ഡിപിഐ മത്സരം. ജില്ലയിലെ അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷന് ഉള്‍പ്പെടെ നൂറോളം വാര്‍ഡുകളിലേക്ക് മത്സരിക്കുന്നു. ചളവറ, അമ്പലപ്പാറ, കുഴല്‍മന്ദം, കൊല്ലങ്കോട്, മുതുതല ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളുണ്ട്. 2020-ല്‍ ചിറ്റൂര്‍-തത്തമംഗലം, ഷൊര്‍ണൂര്‍ നഗരസഭകളിലെ ഓരോ സീറ്റുള്‍പ്പെടെ ഏഴ് വിജയികള്‍ പാര്‍ട്ടിക്കുണ്ടായിരുന്നു.
എഎപി
ചൂല് ചിഹ്നത്തില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ജില്ലയില്‍ 10 വാര്‍ഡിലേക്കാണ് തനിച്ച് മത്സരിക്കുന്നത്. ഇതില്‍ ജില്ലാപഞ്ചായത്തിലെ കുഴല്‍മന്ദവും ഉള്‍പ്പെടുന്നു. നഗരസഭ-ഒന്ന്, ബ്ലോക്ക്-രണ്ട്, പഞ്ചായത്ത്- ആറ് എന്നിങ്ങനെ സീറ്റുകളിലേക്കും മത്സരിക്കുന്നു.
ബിഎസ്പി
ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് (ബിഎസ്പി) ജില്ലയില്‍ 15 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുണ്ട്. ജില്ലാപഞ്ചായത്ത് വാര്‍ഡുകളായ കപ്പൂര്‍, കുഴല്‍മന്ദം, മലമ്പുഴ, അട്ടപ്പാടി എന്നിവ ഇതിലുള്‍പ്പെടുന്നു. നാല് ബ്ലോക്ക് പഞ്ചായത്ത്, നാല് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് നഗരസഭാ സീറ്റുകളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ആന ചിഹ്നത്തില്‍ മത്സരിക്കുന്നു.
പിഡിപി
ജില്ലാ പഞ്ചായത്ത് അലനല്ലൂര്‍ ഡിവിഷനില്‍ ബോട്ട് ചിഹ്നത്തില്‍ പിഡിപി സ്ഥാനാര്‍ഥി മത്സരിക്കുന്നു.
Content Highlights: 20+ parties including 2020, AAP, SDPI, Welfare Party, BSP, PDP contest in Palakkad local body elections. See key insights and candidate details.
Published: 28 Nov 2025, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented