പാലക്കാട്: പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തിലെ പരാജയത്തിൽ സിപിഎമ്മിനെ വിമർശിച്ച് സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) നേതാവ് എ.വി. ഗോപിനാഥ്. മുന്നണിയായി മത്സരിക്കുമ്പോഴും ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷമുണ്ടാക്കാനും ഐഡിഎഫിന്റെ സീറ്റുകൾ കുറയ്ക്കാനുമുള്ള തന്ത്രമാണ് സിപിഎം പ്രാദേശികമായി സ്വീകരിച്ചതെന്ന് എ.വി. ഗോപിനാഥ് കുറ്റപ്പെടുത്തി. നാല്പതുവർഷം കോൺഗ്രസ് ഭരിച്ച പെരിങ്ങോട്ടുകുറുശ്ശിയിൽ സിപിഎം ഭരണസമിതിവരുന്ന സാഹചര്യമുണ്ടാക്കിയതിൽ കോൺഗ്രസിനും പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

“ഐഡിഎഫിനെ തകർക്കാൻ സിപിഎമ്മും സിപിഐയും കരുക്കൾ നീക്കി. ബിജെപിയുടെ സഹായവും അവർക്കുകിട്ടി. എ.വി. ഗോപിനാഥും കൂടെയുള്ളവരും വിജയിക്കരുതെന്ന ഒരൊറ്റ അജൻഡയായിരുന്നു അവർക്ക്” -ഗോപിനാഥ് പറഞ്ഞു.

പെരിങ്ങോട്ടുകുറുശ്ശിയിൽ എന്തുസംഭവിച്ചെന്ന് ഐഡിഎഫ് ചർച്ചചെയ്യും. നയവും നിലപാടും വ്യക്തമാക്കാൻ ഇടതുപക്ഷം തയ്യാറാവണം. ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും വാതിലുകൾ അടച്ചിടുന്നില്ലെന്നും ഗോപിനാഥ് പറഞ്ഞു.

പരിശോധിക്കുമെന്ന് സിപിഎം

പെരിങ്ങോട്ടുകുറുശ്ശിയിൽ എ.വി. ഗോപിനാഥിന്റെ തോൽവിയെക്കുറിച്ച് പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ‌. സുരേഷ് ബാബു പാലക്കാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹം ആത്മാർഥതയോടെയാണ് ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഹകരിച്ചത്. നിർഭാഗ്യവശാൽ

ലക്ഷ്യംവെച്ചത്രയും വിജയം കൈവരിക്കാനായില്ല. അദ്ദേഹത്തിന് ഇതിൽ അതൃപ്തിയുണ്ടാകാം. ഇക്കാര്യം പരിശോധിക്കും. സിപിഎമ്മിന് എന്തെങ്കിലും വീഴ്ചവന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.