താമരശ്ശേരി: തദ്ദേശതിരഞ്ഞെടുപ്പിലെ കന്നിസ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ഒരൊറ്റ ദിവസംപോലും പ്രചാരണത്തിനിറങ്ങാനോ, നാമനിർദേശ പത്രികപോലും നേരിട്ട് സമർപ്പിക്കാനോ കഴിയാതെ ഒളിവിലിരുന്ന് മത്സരിക്കേണ്ടിവന്ന സ്ഥാനാർഥിക്ക് മിന്നുന്നവിജയം. താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പുതുതായി രൂപവത്കരിക്കപ്പെട്ട 11-ാം വാർഡായ കരിങ്ങമണ്ണയിലെ യുഡിഎഫ് സ്ഥാനാർഥി വെഴുപ്പൂർ നടുവിൽപീടിക സൈനുൽ ആബിദ്ദീൻ എന്ന കുടുക്കിൽ ബാബുവാണ് താൻ ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ ഈ അപൂർവനേട്ടം കരസ്ഥമാക്കിയത്.
കട്ടിപ്പാറ ഇറച്ചിപ്പാറയിലെ ഫ്രഷ്‌കട്ട് പ്ലാന്റ് കോഴിയറവു മാലിന്യപ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തിയെന്നാരോപിച്ച് സെപ്റ്റംബർ 21-ന് രജിസ്റ്റർചെയ്ത കേസിലും ഒക്ടോബർ 21-ലെ ഫ്രഷ്‌കട്ട് സംഘർഷത്തിനിടെ പ്ലാന്റിൽ അതിക്രമിച്ചുകയറി തൊഴിലാളികളെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രതിചേർക്കപ്പെട്ടിരുന്ന ബാബു കുടുക്കിലിനെതിരേ താമരശ്ശേരി പോലീസ് നേരത്തേ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുതുള്ളിപ്പുഴ സംരക്ഷണ ജനകീയ സമരസമിതിയുടെ ചെയർമാനായ ബാബു കുടുക്കിലിനെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി അവതരിപ്പിച്ചത്.
ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രംസഹിതം ലീഗ് പ്രവർത്തകരുടെ സഹായത്തോടെയാണ് ഇദ്ദേഹം ഒളിവിലിരുന്നുകൊണ്ട് നാമനിർദേശപത്രിക സമർപ്പിച്ചത്. ബാബുവിന്റെ അസാന്നിധ്യത്തിൽ യുഡിഎഫ് പ്രവർത്തകരായിരുന്നു വാർഡിലെ വീടുകൾ കയറിയിറങ്ങി വോട്ടഭ്യർഥിച്ച് പ്രചാരണംനടത്തിയത്. സമരസമിതിക്കാരായ വോട്ടർമാരിൽ പലരും സ്ഥാനാർഥിയെപ്പോലെ ഒളിവിലായിരുന്നു. അതിനുപുറമേ അതേ സമരസമിതിയുടെ ഭാരവാഹിയായ മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വിമതസ്ഥാനാർഥിയായി മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ, ഫലം പുറത്തുവന്നപ്പോൾ ഒളിവിലിരുന്ന് മത്സരിച്ച സ്ഥാനാർഥിക്ക് 225 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മികച്ചജയം.
അഞ്ചിനെതിരേ 17 സീറ്റിന് യുഡിഎഫ് അധികാരം നിലനിർത്തിയ താമരശ്ശേരി പഞ്ചായത്തിൽ, കരിങ്ങമണ്ണയിലെ വോട്ടർമാർ ബാബു കുടുക്കിലിന് 599 വോട്ടുകളാണ് സമ്മാനിച്ചത്.
എൽഡിഎഫ് സ്വതന്ത്രൻ നവാസിന് 374 വോട്ടുകൾ നേടാനായപ്പോൾ, സ്വതന്ത്രസ്ഥാനാർഥിയായ മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പുല്ലങ്ങോടിന് 68 വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ ചന്ദ്രൻ നായർ 56 വോട്ടുകളും സ്വതന്ത്രസ്ഥാനാർഥി ഷമീർ ആറുവോട്ടും നേടി.
ബാബു കുടുക്കിലിനെ ഫ്രഷ്‌കട്ട് സംഘർഷക്കേസിൽ അറസ്റ്റുചെയ്യുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹർജി പരിഗണിക്കുന്ന ജനുവരി അഞ്ചുവരെ അറസ്റ്റുചെയ്യരുതെന്നാണ് ഫലപ്രഖ്യാപനദിനത്തിന് തൊട്ടുതലേന്നത്തെ കോടതിവിധി. അതിന് തൊട്ടടുത്തദിവസംതന്നെയാണ് ഫലപ്രഖ്യാപനവും മികച്ച വിജയവുമെന്നത് ബാബുവിനും യുഡിഎഫിനും ഇരട്ടിമധുരമായി. തിരഞ്ഞെടുപ്പിനുമുൻപ് എങ്ങനെയെങ്കിലും സ്ഥാനാർഥിയെ കസ്റ്റഡിയിലെടുക്കാനായിരുന്നു പോലീസിന്റെ ശ്രമമെങ്കിലും അത് വിജയിച്ചില്ല.
അറസ്റ്റ് താത്കാലികമായി തടഞ്ഞ സാഹചര്യത്തിൽ ബാബു ഏതാനും ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് ലീഗ് പ്രാദേശികനേതൃത്വം പറയുന്നത്.
Content Highlights: A UDF candidate in Kozhikode's local body election, unable to campaign or file papers due to legal issues, surprisingly won by a significant margin
Published: 14 Dec 2025, 04:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented