കോഴിക്കോട്: ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ഭരണം പിടിച്ച യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയായി കോൺഗ്രസിലെ മില്ലി മോഹനെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മുസ്ലിംലീഗിന്റെ കെ.കെ. നവാസും മത്സരിക്കും. കോടഞ്ചേരി ഡിവിഷനിൽ നിന്നാണ് മില്ലി മോഹൻ വിജയിച്ചത്. ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ കോൺഗ്രസും ലീഗും രണ്ടര വർഷം വീതം പങ്കിടാനാണ് ധാരണ.

To advertise here,

കോഴിക്കോട് കോർപ്പറേഷനിലേക്ക് യുഡിഎഫ് മേയർ സ്ഥാനാർഥിയായി കോൺഗ്രസിലെ എസ്.കെ. അബൂബക്കർ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി മുസ്ലിംലീഗിന്റെ അഡ്വ. ഫാത്തിമ തഹ്‌ലിയയും മത്സരിക്കും. കോഴിക്കോട് കോർപറേഷനിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. ഭൂരിപക്ഷത്തിന് നാല് സീറ്റിന്റെ കുറവുള്ള എൽഡിഎഫ് ഭരണത്തിലേറാനാണ് എല്ലാ സാധ്യതയും. മാങ്കാവ് ഡിവിഷനിൽ നിന്ന് ജയിച്ച മനയ്ക്കൽ ശശിയെ പാർലമെന്ററി പാർട്ടി നേതാവായി കോൺഗ്രസ് തിരഞ്ഞെടുത്തു. കോർപറേഷനിൽ ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ബന്ധം ഉണ്ടാക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു.

ലീഗിന്റെ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡറാകും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് കവിത അരുൺ, കൗൺസിലർ പാർട്ടി ലീഡർ സ്ഥാനത്തേക്ക് പി. സക്കീർ എന്നിവരുടെ പേരുകളും മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നിർദേശിച്ചു. മുസ്ലിംലീഗ് നേതാക്കളായ എം.കെ. മുനീർ എം.എൽ.എ., കെ.എം. ഷാജി, ടി.ടി. ഇസ്മായിൽ, എം.എ. റസാക്ക് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.