
കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ വലിയവിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്. തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി എസ്ഐആറിൽ വോട്ടർപട്ടികയിൽനിന്ന് പുറത്തായവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിയമസഭാമണ്ഡലംമുതൽ ബൂത്ത് തലംവരെ വിവിധ നേതാക്കൾക്ക് ചുമതല നൽകി.
നിയോജമണ്ഡലത്തിൽ കെപിസിസി അംഗത്തിനും ബ്ലോക്ക്തലത്തിൽ ഡിസിസി ഭാരവാഹികൾക്കുമാണ് ചുമതല. മണ്ഡലം ബൂത്ത് തലങ്ങളിൽ അതാതിടങ്ങളിലെ മുതിർന്നനേതാക്കളെ ചുമതലയേൽപ്പിച്ചു. അന്തിമ വോട്ടർപട്ടിക ഇറങ്ങുന്നതുവരെയുള്ള മോണിറ്ററിങ്ങാണ് ഇവരുടെ ചുമതല. ഡിസിസിയിൽ നടന്ന കെപിസിസി, ഡിസിസി ഭാരവാഹികളുടെയും തദ്ദേശസ്വയംഭണ ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
ഇതിനുപുറമേ മണ്ഡലംതലങ്ങളിൽ എസ്ഐആർ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ 120 മണ്ഡലം കമ്മിറ്റികളിലാണ് നിശാക്യാമ്പുകൾ നടത്തുന്നത്. ബിജെപിക്ക് താരതമ്യേന വോട്ടുള്ള കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, കുന്ദമംഗലം എന്നിവിടങ്ങളിലാണ് എസ്ഐആറിൽ കൂടുതൽപ്പേർ പുറത്തായതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. അതുകൊണ്ട് ഈ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. സിപിഎമ്മുകാരായ ബിൽഒമാർ വഴിയും വോട്ടർമാരുടെ പേരുകൾ നീക്കംചെയ്യുന്നുണ്ടെന്ന് പ്രവീൺകുമാർ പറഞ്ഞു. ഇതിനെയൊക്കെ പ്രതിരോധിക്കുകയാണ് ലക്ഷ്യം.
ജില്ലയിൽ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിൽ യുഡിഎഫിന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ബാലുശ്ശേരി നിയോജമണ്ഡലത്തിൽ അഞ്ച് പഞ്ചായത്തുകളിലും പേരാമ്പ്രയിൽ ആറ് പഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലുമാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. ബാലുശ്ശേരിയിൽ ബ്ലോക്ക് പഞ്ചായത്തിൽ തുല്യനിലയാണ്. കൊയിലാണ്ടിയിൽ ഒരു മുനിസിപ്പാലിറ്റിയും മൂന്നു പഞ്ചായത്തുകളും കുന്ദമംഗലത്ത് അഞ്ച് പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും നാദാപുരത്തും കുറ്റ്യാടിയിലും നാലു പഞ്ചായത്തുകൾ വീതവുമാണ് യുഡിഎഫ് ഭരിക്കുന്നതെന്നും കെ. പ്രവീൺകുമാർ പറഞ്ഞു.
ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങളിൽ മാത്രമാണ് എൽഡിഎഫിന് മുന്നേറ്റമുണ്ടാക്കാനായത്. അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ അട്ടിമറിയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. 15 വർഷമായി കോൺഗ്രസിന് ജില്ലയിൽ എംഎൽഎമാരില്ല. 13 നിയമസഭാ മണ്ഡലങ്ങളിൽ കൊടുവള്ളിയിലും(മുസ്ലിം ലീഗ്)വടകരയിലും(ആർഎംപി) ഒഴികെ 11 ഇടത്തും എൽഡിഎഫാണ്. കൊയിലാണ്ടി, തിരുമ്പാടി ഉൾപ്പടെയുള്ള പരമ്പരാഗത മണ്ഡലങ്ങൾ വർഷങ്ങളായി എൽഡിഎഫിന്റെ കൈയിലാണുള്ളത്. അവ തിരിച്ചുപിടിക്കുക മാത്രമല്ല എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങൾ പിടിച്ചടക്കാനും കഴിയുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
Content Highlights: Boosted by local body election success, Congress gears up for Kerala Assembly polls in Kozhikode. Focus on voter list correction and strengthening party presence.
Published: 29 Dec 2025, 08:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented