കോട്ടയം: ഉമ്മൻ ചാണ്ടിയുടെ തട്ടകമായിരുന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെയും കെ.എം മാണിയുടെ സ്വന്തം പാലായിലും വന്‍ വിജയം നേടിയ യുഡിഎഫിന്റെ തിരിച്ചുവരവ്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടിൽ ഏഴ് പഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നിലെത്തി. പാല നിയോജക മണ്ഡലത്തിന് കീഴിലെ 12 പഞ്ചായത്തുകളിൽ പത്തിലും പാല നഗരസഭയിലും മുന്നിലെത്താനും യുഡിഎഫിന് സാധിച്ചു.
പുതുപ്പള്ളി നിയോജകമണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്തുകളിൽ ശക്തമായ തിരിച്ചു വരവാണ് യു.ഡി.എഫ് നടത്തിയത്. നിയോജക മണ്ഡലത്തിലെ എട്ടിൽ ഏഴ് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം പിടിച്ചു. കഴിഞ്ഞ തവണ ഭരണം നഷ്ടമായ അകലക്കുന്നം, മണർകാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകൾ യു.ഡിഎഫ് പിടിച്ചെടുത്തു. അയർക്കുന്നം, മീനടം പഞ്ചായത്തുകൾ നിലനിർത്തുകയും ചെയ്തു. കൂരോപ്പട പഞ്ചായത്തിൽ മാത്രമാണ് എൽ.ഡി.എഫിന് ഭരണത്തിലെത്താൻ സാധിച്ചത്.
പാല നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ കേരള കോൺഗ്രസിന്റെ വെല്ലുവിളി അതിജീവിച്ച് ഉജ്ജ്വല വിജയമാണ് യുഡിഎഫ് നേടിയത്. കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, രാമപുരം, തലപ്പലം പഞ്ചായത്തുകൾ നിലനിർത്തി. തലനാട് പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തിയപ്പോൾ മുത്തോലി എൻഡിഎയുടെ കൈയ്യിൽനിന്ന് അവർ പിടിച്ചെടുത്തു.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിനും പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിനും ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ബലപീക്ഷണമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയശക്തി എത്രയെന്നു തെളിയിക്കാനുള്ള അവസരം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി എൽഡിഎഫിലെത്തിയ കേരള കോൺഗ്രസ് എം, മുന്നണിയുടെ ജയത്തിന് നൽകിയ സംഭാവന ചെറുതല്ല.
കഴിഞ്ഞ തവണ സംസ്ഥാനത്തൊട്ടാകെ 950 സീറ്റിൽ മത്സരിച്ച് 451 സീറ്റിൽ വിജയിച്ചു. എക്കാലത്തും യുഡിഎഫിനൊപ്പമായിരുന്ന പാലാ, ചങ്ങനാശ്ശേരി നഗരസഭകൾ എൽഡിഎഫ് പിടിച്ചെടുത്തു. 11 ബ്ലോക്കുകളിൽ പത്തിലും ഭരണം നേടി. കോട്ടയം ജില്ലാപഞ്ചായത്തിലും ഭരണമുറപ്പിച്ചു. എന്നാൽ, ജോസ് കെ. മാണി ഫാക്ടർ കാര്യമായി പ്രതിഫലിക്കാത്ത കാഴ്ചയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കണ്ടത്.
Published: 13 Dec 2025, 03:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented