കോട്ടയം: നിയമസഭാ മണ്ഡലം തിരിച്ച് ഫലം വിലയിരുത്തിയാല്‍, ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ വൈക്കം ഒഴികെ എട്ടിലും യുഡിഎഫിന് മേല്‍ക്കൈ. 71 പഞ്ചായത്തുകളില്‍ മൂന്നില്‍ രണ്ടും 11 ബ്ലോക്കുകളില്‍ ഒന്‍പതും യുഡിഎഫ് നേടി. മുനിസിപ്പാലിറ്റികളില്‍ അഞ്ചിലും ഭൂരിപക്ഷം ഉറപ്പിച്ചു.

To advertise here,

പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ഏഴും യുഡിഎഫ് വിജയിച്ചു. കഴിഞ്ഞതവണ നഷ്ടമായ, മീനച്ചില്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ മിക്ക പഞ്ചായത്തുകളും യുഡിഎഫിന് തിരിച്ചുപിടിക്കാനായി. കോട്ടയം മണ്ഡലത്തില്‍ കോട്ടയം നഗരസഭയും വിജയപുരം പഞ്ചായത്തും യുഡിഎഫ് നേടി.

ഏറ്റുമാനൂരില്‍ എല്‍ഡിഎഫിന്റെ ആധിപത്യത്തിന് ഇളക്കം തട്ടി. ഏറ്റുമാനൂര്‍ നഗരസഭയും നീണ്ടൂര്‍, ആര്‍പ്പൂക്കര അതിരമ്പുഴ പഞ്ചായത്തുകളും യുഡിഎഫിന് ഒപ്പം നിന്നപ്പോള്‍ കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളാണ് ഇടതിന് ആശ്വാസമായത്. സിപിഎമ്മിനെ ഞെട്ടിച്ച് അയ്മനത്ത് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

പാലാ നിയമസഭാമണ്ഡലത്തില്‍ പാലാ നഗരസഭയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പരമ്പരാഗതമായി അടിത്തറയുള്ള കടനാട്, കരൂര്‍, എലിക്കുളം, ഭരണങ്ങാനം, തലപ്പലം, രാമപുരം എന്നീ ആറ് പഞ്ചായത്തുകളില്‍ യുഡിഎഫ് മേല്‍ക്കൈ നേടിയതും എടുത്തുപറയണം. വീണ്ടുമൊരിക്കല്‍കൂടി പാലാ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കണമെങ്കില്‍ ഇടതുസ്ഥാനാര്‍ഥിയായിത്തന്നെ വേണോ എന്ന് ജോസ് കെ. മാണിക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടിവരും.

കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. ഒരു പഞ്ചായത്തില്‍ ഇരു മുന്നണികളും തുല്യനിലയിലാണ്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഈരാറ്റുപേട്ട നഗരസഭ യുഡിഎഫിനൊപ്പം. അഞ്ച് പഞ്ചായത്തുകളിലും യുഡിഎഫിനാണ് മേല്‍ക്കൈ. ഒരു പഞ്ചായത്തില്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പം.

കടുത്തുരുത്തിയില്‍ ഏഴ് പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ അഞ്ചില്‍ മൂന്ന് പഞ്ചായത്തുകള്‍ യുഡിഎഫ് നേടി. ഭൂരിപക്ഷം നേടിയില്ലെങ്കിലും ചങ്ങനാശ്ശേരി നഗരസഭയില്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിനാണ്. എന്നും ഇടതിനൊപ്പം നിന്ന വൈക്കം നിയോജകമണ്ഡലത്തിന്റെ പരിധിയിലെ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് തന്നെയാണ് മേല്‍ക്കെ. ഇവിടെ ആറ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് തന്നെയാണ് ഭരണം.