
കോട്ടയം ജില്ലാപഞ്ചായത്ത് ഓഫീസ് | ഫോട്ടോ: മാതൃഭൂമി
കോട്ടയം: ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും യുഡിഎഫും. കേരള കോൺഗ്രസ് (എം)-ന്റെ പിൻബലത്തിൽ ഭരണത്തുടർച്ചയെന്ന ലക്ഷ്യത്തിലെത്താൻ സിപിഎമ്മും എൽഡിഎഫും. മുന്നണികൾ അരയും തലയും മുറുക്കി ‘തിരഞ്ഞെടുപ്പ് ഗോദ’ യിലിറങ്ങിയതോടെ ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരത്തിന് കടുപ്പമേറി.
ജില്ലയിൽ തങ്ങൾക്കുള്ള മേൽക്കൈ പരമാവധി വോട്ടാക്കി മാറ്റി ഭരണത്തിലെത്താനുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ഘടകകക്ഷികൾക്ക് നൽകിയ രണ്ട് സീറ്റുകൾ തിരിച്ചെടുത്ത് സ്വന്തം സ്ഥാനാർഥികളെ കോൺഗ്രസ് കളത്തിലിറക്കി. സീറ്റ് ചർച്ചകളിൽ ആദ്യം 23-ൽ എട്ട് സീറ്റുകൾ കേരള കോൺഗ്രസിനെന്ന് ധാരണയായെങ്കിലും ഒന്ന് തിരിച്ചെടുത്തു. മുസ്ലീം ലീഗിന് മുണ്ടക്കയം സീറ്റ് നൽകാമെന്ന തരത്തിൽ ചർച്ചകൾ നടന്നെങ്കിലും നൽകിയില്ല. 16 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ കോൺഗ്രസ് 14 സീറ്റിലും കേരള കോൺഗ്രസ് എട്ട് സീറ്റുകളിലുമാണ് മത്സരിച്ചത്.
എൽഡിഎഫിലേക്കുള്ള മാണി വിഭാഗത്തിന്റെ വരവ് കഴിഞ്ഞതവണ ഭരണംകിട്ടാൻ കാരണമായെന്ന തിരിച്ചറിവിലാണ് സിപിഎം. ഇത്തവണ അർഹമായ പരിഗണന നൽകുകയും ചെയ്‌തു. അധികമുണ്ടായ ഒരു സീറ്റിൽ പൊതു സ്വതന്ത്രനാണെങ്കിലും സ്‌ഥാനാർഥി കേരള കോൺഗ്രസ് എമ്മിൽ നിന്നാണ്. ഒൻപത് വീതം സിപിഎമ്മിനും, കേരള കോൺഗ്രസ് (എം)-നും, നാലെണ്ണം സിപിഐയ്ക്കുമെന്ന നിലയിലായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റുവിഭജന ഫോർമുല.
ജില്ലാ പഞ്ചായത്തിന്റെ ചരിത്രമെടുത്താൽ ഭരണം യുഡിഎഫിന്റെ കൈപ്പത്തിയിൽ ഭദ്രമായിരുന്നു. 2020-ലെ തിരഞ്ഞടുപ്പിലാണ് ആദ്യമായി കേവല ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ജില്ലാ പഞ്ചായത്തിൽ ഭരണത്തിലെത്താനായത്. 2005-ൽ എൻ. ജയരാജ് രാജിവച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ സിപിഐ വിജയിച്ചപ്പോഴാണ് കെ.പി. സുഗുണൻ പ്രസിഡന്റായി ആദ്യ ഭരണം എൽഡിഎഫിന് ലഭിക്കുന്നത്. 2015-20 ടേമിന്റെ അവസാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തെച്ചൊല്ലി കേരള കോൺഗ്രസ് മാണി-ജോസഫ് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് എൽഡിഎഫിലേക്ക് മാണി വിഭാഗത്തിനുള്ള വാതിൽ തുറന്നത്. ഈ മാറ്റം ജില്ലയുടെ രാഷ്‌ട്രീയമുഖം തന്നെ മാറ്റിമറിച്ചു.
ജനപക്ഷം ലയിച്ചതോടെ എൻഡിഎക്ക് ഷോൺ ജോർജിലൂടെ ആദ്യമായി ഒരു അംഗത്തെ ജില്ലാപഞ്ചായത്തിൽ കിട്ടി. പഴയ ജനപക്ഷത്തിന് സ്വാധീനമുള്ള പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര മേഖലകളിൽ ഇത് സഹായകമാകുമെന്ന വിലയിരുത്തലിലാണ് എൻഡിഎ. ഇത്തവണ പുതുമുഖങ്ങളും വനിതകളുമാണ് മത്സരരംഗത്ത് ഏറെയും. സംസ്‌ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളാണ് എൽഡിഎഫിന്റെ പ്രചാരണായുധം. തദ്ദേശസ്‌ഥാപനങ്ങളിലെ വികസമുരടിപ്പാണ് യുഡിഎഫ് ആരോപിക്കുന്നത്. സാധാരണക്കാർക്കായി മോദി സർക്കാർ നടപ്പാക്കിയ കേന്ദ്രാവിഷ്‌കൃത പദ്‌ധതികൾ മുൻനിർത്തിയാണ് എൻഡിഎ വോട്ട് തേടുന്നത്.
Published: 06 Dec 2025, 01:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented