സ്ത്രീസംവരണം രാഷ്ട്രീയത്തിനേകിയത് ഗുണമോ ദോഷമോ? കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ, സിപിഎം സംസ്ഥാനസമിതി അംഗം ചിന്താ ജെറോം, ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദ് എന്നിവര്‍ കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ദേശപ്പോരില്‍ നയം വ്യക്തമാക്കുന്നു. നയങ്ങളിലും നിലപാടുകളിലും വ്യത്യസ്ത അഭിപ്രായങ്ങളാണെങ്കിലും സ്ത്രീസംവരണം കാലത്തിന്റെ അനിവാര്യതയാണെന്നതില്‍ ഇവര്‍ക്ക് ഏകാഭിപ്രായമാണ്.
പിൻസീറ്റ് ഡ്രൈവിങ് പഴയകഥ-ബിന്ദുകൃഷ്ണ

To advertise here,

: സ്ത്രീകൾ സംവരണത്തിലൂടെ വരണ്ടേവരല്ലെന്ന കാഴ്ചപ്പാടായിരുന്നു എനിക്കാദ്യം. നിയമംവഴി സംവരണം വന്നേപറ്റൂവെന്നു പിന്നീട് മനസ്സിലായി. കാരണം അത്രയ്ക്ക് പിന്തിരിപ്പൻ ആശയങ്ങളാണ് ഇവിടെ മേൽക്കൈ നേടിയിരുന്നത്-കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു.

രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തീരാജ് നഗരപാലികാ ബില്ലിനെ പുരോഗമന ആശയക്കാർ എതിർത്തതുകണ്ട് അദ്ദേഹത്തിന് വേദന തോന്നിയിരുന്നു. സംവരണം വന്നപ്പോൾ പിൻസീറ്റ് ഡ്രൈവിങ് ആയിരിക്കും, കളിപ്പാവകളായിരിക്കും തുടങ്ങി ഒട്ടേറെ വിമർശനങ്ങൾ കേൾക്കാറുണ്ടായിരുന്നു. എന്നാലിപ്പോൾ യോഗ്യരായവരിൽ ആരെ സ്ഥാനാർഥികളാക്കുമെന്ന ആശയക്കുഴപ്പത്തിലേക്ക് പാർട്ടികൾ എത്തിയിരിക്കുകയാണ്.

കഴിവും കാര്യപ്രാപ്തിയും തെളിയിച്ച എത്രയെത്രപേരാണ് രംഗത്തെത്തിയത്. ആദ്യകാല ആരോപണങ്ങളെയെല്ലാം നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ് വനിതാസാരഥികൾ കാഴ്ചവയ്ക്കുന്നത്.

വനിതാസംവരണത്തിനുവേണ്ടി വാദിച്ച പാർട്ടിയെന്നനിലയിലും സ്ത്രീപക്ഷ അവകാശങ്ങൾക്കും സ്ത്രീസുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്നനിലയിലും ആദ്യകാലംമുതലേ വനിതകളെ ഉന്നതസ്ഥാനത്ത് നിയോഗിച്ചത് കോൺഗ്രസാണ്.

‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ ഉൾപ്പെടെയുള്ള പദ്ധതികളെല്ലാം പറയുമ്പോഴും എത്രപേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കു നേരേയുള്ള ആക്രമണങ്ങളിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാനസർക്കാരുകളുടേത്.

തലയണയ്ക്കടിയിൽ വാക്കത്തിവയ്ക്കാതെ കിടന്നുറങ്ങാൻ കഴിയുന്ന നാട് ഉണ്ടാക്കുമെന്നൊക്കെ പറഞ്ഞവരാണ്. ഇപ്പോ തോക്കുതന്നെ തലയണയ്ക്കടിയിൽ വയ്ക്കേണ്ട അവസ്ഥയാണ്-ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു.

ഒരേസമയം പല റോളുകൾ, അതാണ് സ്ത്രീയുടെ കരുത്ത്-ചിന്താ ജെറോം

: പുരുഷമേധാവിത്വ സമൂഹത്തിൽ, എത്രയൊക്കെ സ്ത്രീപക്ഷമെന്നു പറഞ്ഞാലും ഫ്യൂഡലിസത്തിന്റെ തുടർച്ച അറിഞ്ഞും അറിയാതെയും കടന്നുവരുന്നതു കാണാം. സ്ത്രീസംവരണം നിയമത്തിന്റെ അടിസ്ഥാനത്തിൽ വന്നത് വലിയൊരു മാറ്റത്തിന് കളമെഴുതിയിട്ടുണ്ട്.

ഇന്ന് നാം കാണുന്ന സ്ഥിതി മുന്നോട്ടുപോകാനുള്ള കരുത്താണ്. വീടൊരുക്കത്തിനൊപ്പം തൊഴിലുമായി ഒരേസമയം പല റോളുകൾ ഏറ്റെടുക്കാനുള്ള സ്ത്രീകളുടെ കഴിവാണ് അവരുടെ ഭരണപാടവത്തിലും തെളിയുന്നതെന്ന് സിപിഎം നേതാവ് ചിന്താ ജെറോം പറഞ്ഞു.

സ്ത്രീകളെ അർഹമായ സ്ഥാനത്തേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ സിപിഎം നേരത്തേതന്നെ മുന്നിലുണ്ടായിരുന്നു. 23-ാംവയസ്സിൽ സബിതാബീഗത്തെ കൊല്ലം മേയറാക്കിയത് പാർട്ടിയാണ്. 23-കാരിയെ തിരുവനന്തപുരം മേയറാക്കിയതും മറ്റാരുമല്ല.

രാജീവ് ഗാന്ധി കൊണ്ടുവന്ന ബില്ലിനെ എതിർത്തത് അതിലെ സ്ത്രീസംവരണ വിഷയംകൊണ്ടല്ല. മറിച്ച് സംസ്ഥാനത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടുള്ളതുകൊണ്ടാണ്. ബിഹാറിലും കേരളത്തിലുമാണ് സ്ത്രീസംവരണം നടപ്പാക്കിയത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ല. ജനറൽ സീറ്റിലടക്കം സ്ത്രീകളെ പരിഗണിക്കുന്ന പാർട്ടിയും സിപിഎമ്മാണ്-ചിന്ത പറഞ്ഞു.

അഭിമാനത്തോടെ...- രാജി പ്രസാദ്

:സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ നൽകുന്ന പാർട്ടിയാണ് ബിജെപിയെന്ന് നിർമല സീതാരാമൻ, സുഷമാ സ്വരാജ് അടക്കമുള്ളവരെ പരാമർശിച്ച് പാർട്ടി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ചൂണ്ടിക്കാട്ടി.

‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പദ്ധതികളിലൂടെ, നവജാതശിശുക്കളെ കൊല്ലുന്ന പലരുടെയും ചിന്താഗതിക്ക് മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഉത്തേരേന്ത്യയിലടക്കം ഉൾനാടുകളിൽ ഇപ്പോഴും ഗ്യാസില്ലാതെ വിറകുകെട്ടുകൾ ചുമന്ന് പോകുന്നവർക്ക് സൗജന്യ ഗ്യാസ് കണക്‌ഷൻ എത്തിച്ചു. മാതൃവന്ദന യോജന, 75 കഴിഞ്ഞവർക്ക് ഇൻഷുറൻസ്, സുകന്യാ സമൃദ്ധി യോജന തുടങ്ങി സ്ത്രീകൾക്ക് ആശ്വാസം നൽകുന്ന ഒട്ടേറെ പദ്ധതികളും കേന്ദ്രം ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്.

താനടക്കം നാലു ബിജെപി വനിതാ അധ്യക്ഷമാർ കേരളത്തിൽത്തന്നെയുണ്ട്. പുരുഷസഹായമില്ലാതെതന്നെ നല്ല ഭരണം കാഴ്ചവയ്ക്കാൻ സ്ത്രീകൾ പ്രാപ്തരാണെന്നും അവർ കൂട്ടിച്ചേർത്തു.

വാദപ്രതിവാദങ്ങൾ ചൂടുപിടിച്ചപ്പോൾ

: പരമ്പരാഗത വോട്ടുകൾ എന്തുകൊണ്ടാണ് ചോരുന്നത്..?

ഇടതുപക്ഷത്തിലാണ് ചോർച്ചയെന്ന് ഉടനടി ഉത്തരവുമായി ബിന്ദുകൃഷ്ണ രംഗത്തെത്തി. ഇടതുപക്ഷ മനസ്സ് നഷ്ടപ്പെടുന്നതും പാർട്ടിക്കാർക്കാണ്. എന്നാൽ, ഇടത് വോട്ടുകളല്ല ചോരുന്നതെന്നു ചിന്ത. ഏത് വലതുപക്ഷക്കാരന്റെയും ഉള്ളിൽ ഒരു ഇടതുപക്ഷം കൂടെയുള്ള നാടാണ് കേരളം. നവോത്ഥാനത്തിന്റെ അലയൊലികൾ അവരിലുമുണ്ട്. പക്ഷേ വർഗീയതയും കള്ളപ്രചാരണങ്ങളും ആയുധമാക്കി മനുഷ്യരെ പല ചേരിയിലാക്കി ഇവരുടെ വോട്ടുകൾ നേടാനുള്ള ശ്രമമാണ് ബിജെപിയുടേതെന്നും അവർ കുറ്റപ്പെടുത്തി.

എന്നാൽ കോൺഗ്രസിൽനിന്നും സിപിഎമ്മിൽനിന്നും വിദ്യാസമ്പന്നരും ഉന്നതസ്ഥാനങ്ങളും വഹിച്ചവരടക്കം പലരും ബിജെപിയിലേക്ക് വരുന്നത് മോദി സർക്കാർ കൊണ്ടുവരുന്ന വികസന നയങ്ങൾകൊണ്ടാണെന്ന് രാജിയും പറഞ്ഞു.

ബിന്ദുകൃഷ്ണയും ചിന്താ ജെറോമും 2030-ഓടെ ബിജെപിയിൽ എത്താനുള്ളവരായതുകൊണ്ട് ഞാനവരെ കുറ്റപ്പെടുത്തുന്നില്ലെന്നു പറഞ്ഞതും ചിരി പടർത്തി.

ക്ഷേമപെൻഷനായിരുന്നു മറ്റൊരു തർക്കവിഷയം. പ്രകടനപത്രികയിൽ പറഞ്ഞ കാര്യം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും വോട്ടിനുവേണ്ടിയല്ലെന്നും ചിന്താ വാദിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഈ പ്രഖ്യാപനം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്ന് ബിന്ദുവും രാജിയും ആവർത്തിച്ചു.

തങ്ങളുടെ കാലത്ത് മൂന്നു പെൻഷൻവരെ ഒരാൾക്ക് ലഭിക്കുമായിരുന്നത് വെട്ടിച്ചുരുക്കി ഒരു പെൻഷനിൽ എത്തിച്ചിരിക്കുകയായിരുന്നെന്നാണ് വാദം. യുഡിഎഫ് ഭരണകാലത്ത് 18 മാസം മുടങ്ങിക്കിടക്കുകയായിരുന്നെന്ന് പറഞ്ഞതും തർക്കമായി. മൂന്നുമാസം മാത്രമാണ് മുടങ്ങിയതെന്ന് ബിന്ദുകൃഷ്ണ വാദിച്ചു.

വീട്ടിൽ കാണാപ്പണിചെയ്യുന്ന കുടുംബനാഥകൾക്ക് 1,000 രൂപ പെൻഷൻ അനുവദിച്ച നടപടി വിപ്ളവകരമായ തീരുമാനമാണെന്ന് ചിന്ത കൂട്ടിച്ചേർത്തു. എൽഡിഎഫ് കാലത്ത് പെൻഷൻ വല്ലപ്പോഴും വൈകുന്നത് കേന്ദ്രത്തിന്റെ ചവിട്ടിപ്പിടിത്തംകൊണ്ടാണ്. ഇതൊക്കെ കിട്ടുമോയെന്ന കാര്യം കണ്ടറിയാമെന്ന നിലപാടിലായിരുന്നു ബിന്ദുവും രാജിയും.

ആരോഗ്യമേഖലയിലെ തകർച്ചയായിരുന്നു മറ്റൊരു വിഷയം. പന്മന സ്വദേശി വേണുവിന്റെ മരണവും ജില്ലാ ആശുപത്രികളിൽ സിറിഞ്ചുമായി പോകേണ്ട അവസ്ഥയും കോൺഗ്രസ് ബിജെപി പക്ഷം ചൂണ്ടിക്കാണിച്ചപ്പോൾ ജില്ലാ ആശുപത്രിയടക്കം എല്ലാ സർക്കാർ ആശുപത്രിയിലും മികച്ച ചികിത്സയാണെന്നും ശിശുമരണനിരക്ക് ഏറ്റവും കുറവ് ഇവിടെയാണെന്നും ചിന്ത പറഞ്ഞു.

കോവിഡ്കാലത്ത് ഓക്സിജൻ കിട്ടാതെ ഉത്തരേന്ത്യയിൽ ഒട്ടേറെപ്പേർ മരിച്ചപ്പോൾ കേന്ദ്രത്തിന്റെ പ്രശംസവരെ ലഭിച്ചത് കേരളത്തിനാണെന്നും ചിന്ത വാദിച്ചു.

ശബരിമല സ്വർണപ്പാളി വിഷയത്തിൽ കൃത്യമായ നടപടികളെടുക്കുന്നുണ്ടെന്ന് ചിന്ത പറഞ്ഞു. ഒരുസ്വാധീനവും ചെലുത്താതെ അന്വേഷിക്കും. കേസ് അതിന്റെ വഴിക്കു നടക്കും. വിശ്വാസികൾക്കൊപ്പം നിൽക്കും. എന്നാൽ, ആചാരലംഘനത്തിന് കൂട്ടുനിന്ന സർക്കാരാണിതെന്നും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും പരാജയമാണെന്നും ബിന്ദുവും രാജിയും ചൂണ്ടിക്കാട്ടി.

പ്രസ് ക്ളബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ അധ്യക്ഷനായി. എക്സിക്യുട്ടീവ് അംഗം ജയൻ മഠത്തിൽ മോഡറേറ്റായി.