തിരുവനന്തപുരം: വനിതാസംവരണം കോൺഗ്രസും സി.പി.എമ്മും അടങ്ങുന്ന ‘ഇന്ത്യസഖ്യം’ അട്ടിമറിച്ചെന്ന ആരോപണം ശക്തമാക്കി സംസ്ഥാനത്ത് പ്രചാരണം നടത്താൻ ബി.ജെ.പി. സാംസ്കാരിക-സാമൂഹിക രംഗത്തുള്ള സ്ത്രീകളെയടക്കം ഇതിന്റെ ഭാഗമാക്കിമാറ്റാനാണ് നിർദേശം.

To advertise here,

വനിതാസംവരണം സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമാണെന്ന പൊതുബോധം ശക്തമാണ്. ഇത് സ്ത്രീകളുടെ പ്രതികരണമായി സാമൂഹിക മാധ്യമങ്ങളിലൂടെ ഉയർത്തിക്കൊണ്ടുവരണമെന്നാണ് നിർദേശം. ഓരോ ജില്ലയിലെയും പ്രമുഖരായ സ്ത്രീകളെ നേരിട്ട് സന്ദർശിച്ച് വനിതാസംവരണത്തിന് അനുകൂലമായ പ്രതികരണമെടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നാണ് മറ്റൊരു നിർദേശം.

പ്രൊഫഷണലുകൾ, സാംസ്കാരികപ്രവർത്തകർ തുടങ്ങിയ 300 പേരെങ്കിലുമുള്ള സ്ത്രീകളുടെ സംയുക്തപ്രസ്താവനയും പുറത്തിറക്കും. വ്യാഴാഴ്ച തിരുവനന്തപുരത്ത് പതിനായിരം സ്ത്രീകൾ പങ്കെടുക്കുന്ന മഹിളാമുന്നേറ്റയാത്ര നടത്തും. ഇതിന് തുടർച്ചയായ രണ്ടുദിവസങ്ങളിൽ ബി.ജെ.പി. സംഘടനാ ജില്ലകൾ കേന്ദ്രീകരിച്ച് യാത്രകൾ നടത്തും. ഓരോ ജില്ലയിലും രണ്ടായിരത്തിലേറെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് നിർദേശം. 25 മുതലുള്ള അഞ്ചുദിവസങ്ങളിൽ മണ്ഡലങ്ങളിൽ മഹിളകളുടെ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.
പഞ്ചായത്തുകളിൽ പ്രമേയം
:വനിതാസംവരണവിഷയം പ്രാദേശികതലത്തിൽ ചർച്ചയാക്കും. ബി.ജെ.പി.ക്ക് രണ്ട് അംഗങ്ങളെങ്കിലുമുള്ള തദ്ദേശസ്ഥാപനങ്ങളിൽ വനിതാസംവരണ ബിൽ അട്ടിമറിച്ചതിനെതിരേ പ്രമേയം കൊണ്ടുവരും.