പത്തനാപുരം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വീടുകളിലെത്താൻ വഴി നൽകാമെന്ന് വോട്ടർമാർക്ക് കൊടുത്ത വാഗ്‌ദാനം പാലിച്ച് സ്ഥാനാർഥി. പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് മാങ്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥി മാങ്കോട് ഷാജഹാനാണ് ഫലം അറിഞ്ഞതിന് തൊട്ടുപിന്നാലെ പരാജയം കാര്യമാക്കാതെ റോഡ് നിർമിച്ചുനൽകി വാക്കുപാലിച്ചത്.

To advertise here,

വോട്ട് അഭ്യർഥിച്ച് വീടുകൾ കയറുന്നതിനിടെയാണ് മാങ്കോട് ഒരിപ്പുറം ഉന്നതിയിൽ അഞ്ച് കുടുംബങ്ങൾക്ക് അവരുടെ വീടുകളിലെത്താൻ വഴിയില്ലെന്ന് ഷാജഹാൻ മനസ്സിലാക്കിയത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ റോഡ് നിർമിച്ചുതരാമെന്ന് അവർക്ക് സ്ഥാനാർഥി ഉറപ്പും നൽകി. അവർ തനിക്ക് വോട്ട് ചെയ്തോ എന്നൊന്നും ഷാജഹാന് അറിയില്ല. പരാജയപ്പെട്ടെങ്കിലും പറഞ്ഞവാക്ക് പാലിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വഴിക്കായി സ്ഥലം വാങ്ങിയിട്ടിരുന്ന ഷാജഹാൻ, ഫലം അറിഞ്ഞയുടൻ ഏകദേശം 50 മീറ്റർ നീളത്തിൽ റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തുനൽകി. വീടുകളിലേക്ക് പോകാൻ റോഡ് ഇല്ലാതെ ഒറ്റപ്പെട്ടുകിടന്ന അഞ്ച് കുടുംബങ്ങൾക്കും ഇത് വിശ്വസിക്കാൻ കഴിഞ്ഞതുമില്ല. “ഞാൻ നൽകിയ വാക്കല്ലേ. തോറ്റെങ്കിലും സാരമില്ല, അവർ സ്വതന്ത്രമായി വഴിനടക്കട്ടെ”-ഷാജഹാൻ പറഞ്ഞു.