തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബിഹാറില്‍ നടത്തിയ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) വിവാദങ്ങളും അലയൊലികളും താല്‍ക്കാലികമായി അവസാനിച്ച ശേഷം കേരളത്തിലും എസ്‌ഐആര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും എസ്‌ഐആര്‍ നടപടികള്‍ ഒക്ടോബർ 28 മുതല്‍ തന്നെ തുടങ്ങുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ തൊട്ടുമുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമുണ്ട്. ഇതിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

To advertise here,

ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളെയാണ് എസ്‌ഐആറിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരായ വോട്ടര്‍മാരെ കണ്ടെത്തുക, ഒന്നില്‍ കൂടുതലുള്ള വോട്ടര്‍മാരെ ഒഴിവാക്കുക, സ്ഥലം മാറിപ്പോയതും മരിച്ചുപോയതുമായ വോട്ടര്‍മാരെ പട്ടികയില്‍ നിന്നും മാറ്റുക എന്നിവയെല്ലാം ലക്ഷ്യമിട്ടാണ് എസ്‌ഐആര്‍ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നതെങ്കിലും ഇതിനെ കേരളം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരളത്തില്‍ നിലവില്‍ 2.785 കോടി വോട്ടര്‍മാരുണ്ട്. കേരളത്തിൽ 2002-ല്‍ ആണ് അവസാനമായി എസ്‌ഐആര്‍ നടന്നത്.

വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് ആണ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്നത്. ഇത് നവംബര്‍ മൂന്ന് വരെ നീണ്ടുനില്‍ക്കും. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ഉദ്യോഗസ്ഥര്‍ വിവരശേഖരണത്തിനായി വീടുകളിലെത്തുക. ഡിസംബര്‍ 9 ന് പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടുവരെയാണ് ആക്ഷേപങ്ങളുണ്ടെങ്കില്‍ അറിയിക്കാനാവുന്ന സമയം. ജനുവരി ഒമ്പത് മുതല്‍ 31 വരെയാണ് വേരിഫിക്കേഷന്‍. ഇതിന് ശേഷം ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുതലായിരിക്കും എസ്‌ഐആര്‍ പ്രകാരമുള്ള പുതിയ വോട്ടര്‍പട്ടിക ഉപയോഗിച്ചുള്ള വോട്ടെടുപ്പ് നടക്കുകയെന്നാണ് കരുതുന്നത്.

ബിഹാറിലെ എസ്‌ഐആര്‍ എന്തുകൊണ്ട് വിവാദത്തിലായി

ആദ്യ ഘട്ടത്തില്‍ ബിഹാറിലായിരുന്നു എസ്‌ഐആര്‍ നടപ്പിലാക്കിയതെങ്കിലും ഇത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. എസ്‌ഐആര്‍ പൗരന്‍മാരെ നാടുകടത്താനുള്ളതാണ് എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധവും എസ്‌ഐആറും വോട്ടുകൊള്ളയുമാണ്. ഇതിനെ നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്നവരായി പ്രതിപക്ഷം മാറിയെന്ന പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ബിജെപിയും എന്‍ഡിഎയും പ്രതിരോധിക്കുന്നത്.

പതിവിന് വിപരീതമായി ആധാറിനെ ഒഴിവാക്കി പൗരത്വം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ എസ്‌ഐആര്‍ പ്രകാരം വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന സാഹചര്യം ബിഹാറില്‍ ഉയര്‍ന്നതോടെയാണ് വലിയ ആശങ്കയും പ്രതിഷേധവും ഉണ്ടായത്. ഇതിന് പ്രധാന കാരണം ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പുതിയ വോട്ടര്‍പട്ടികയില്‍ ഇടം നേടാനുള്ള രേഖയായി പരിഗണിക്കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിചിത്ര നിലപാടായിരുന്നു. ഇത് സുപ്രീം കോടതിവരെയെത്തുകയും ചെയ്തു. ആധാര്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആധാര്‍ പൗരത്വരേഖയായി കണക്കാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്ന കമ്മിഷന്‍ പുതിയ വോട്ടര്‍ പട്ടികയില്‍ ഇടം നേടാന്‍ ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, വനാവകാശ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ രജിസ്ട്രാര്‍ ഓഫ് സിറ്റിസണ്‍, ഫാമിലി രജിസ്റ്റര്‍ കാര്‍ഡ്, ഭൂമിയോ വീടോ അനുവദിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, സര്‍ക്കാര്‍, പ്രദേശിക ഭരണകൂടങ്ങള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, എല്‍.ഐ.സി പൊതുമേഖലാ ബാങ്കുകള്‍ നൽകിയ തിരിച്ചറിയൽ കാര്‍ഡുകള്‍ തുടങ്ങിയ 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. ഇതില്ലാത്തവര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിലാവുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ സുപ്രീംകോടതിയില്‍ ഹരജിയെത്തുകയും ചെയ്തത്. ഒടുവില്‍ ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കുകയും ആധാര്‍ എസ്‌ഐആറിനായുള്ള തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലായ ബിഹാറിനെ പോലുള്ള സംസ്ഥാനത്ത് ജീവിക്കുന്നവരില്‍ വലിയൊരു വിഭാഗത്തിന് ഈ 11 രേഖകള്‍ കൈവശമില്ല എന്നാണ് ഈ നടപടിയെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ച ആരോപണം.

എസ്ഐആര്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?

കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്ഐആര്‍) തദ്ദേശതിരഞ്ഞെടുപ്പിനുശേഷം മതിയെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

തദ്ദേശതിരഞ്ഞെടുപ്പിന്റെയും എസ്ഐആറിന്റെയും ജോലി ഒരേ ഉദ്യോഗസ്ഥരാണ് ചെയ്യേണ്ടത്. രണ്ടുംകൂടി ഒന്നിച്ചായാല്‍ ഒട്ടേറെ പ്രായോഗികബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നായിരുന്നു രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായി സിഇഒ നടത്തിയ ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ ഭേദമെന്യേ ആവശ്യമുയര്‍ത്തിയത്.

സമാന ആവശ്യം ഉന്നയിച്ച് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാനും കത്തുനല്‍കിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്ന ഡിസംബര്‍ 21-വരെ ഉദ്യോഗസ്ഥര്‍ അതിന്റെ തിരക്കിലായിരിക്കും. കുറ്റമറ്റ രീതിയില്‍ എസ്ഐആര്‍ നടക്കണമെങ്കില്‍ തദ്ദേശതിരഞ്ഞെടുപ്പിനു ശേഷമായിരിക്കും നല്ലതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ കേരളത്തിലും നടപടികള്‍ തുടങ്ങുമ്പോള്‍ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. അപ്രതീക്ഷിതമായി എസ്‌ഐആര്‍ പ്രഖ്യാപനം വന്നതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കളക്ടര്‍മാരുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

കേരളത്തില്‍ ആകെ 24468 പോളിങ്‌ സ്‌റ്റേഷനുകളുണ്ട്. 54624 ബിഎല്‍എ മാരുമുണ്ട്. 14 ജില്ലാ കളക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കുകയും വേണം. ഇതേ ഉദ്യോഗസ്ഥരാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും നേതൃത്വം കൊടുക്കേണ്ടത്.

2002-ലെ എസ്‌ഐആര്‍ പ്രകാരം കേരളത്തില്‍ 2.245 കോടി വോട്ടര്‍മാരായിരുന്നു ഇലക്ടറല്‍ റോളില്‍ ഉണ്ടായിരുന്നത്. അത് 2025 ജൂലായ് ആയപ്പോഴേക്കും 2.785 കോടി വോട്ടര്‍മാരായി വര്‍ധിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും എന്യൂമറേഷന്‍ ഫോം നല്‍കുന്നതാണ് ആദ്യഘട്ടം. അവരില്‍ 2002-ലെ എസ്‌ഐആര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക്, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നല്‍കുന്ന എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതി. അടിസ്ഥാന വിവരങ്ങളായ പേര്, വിലാസം, ഫോട്ടോ എന്നിവ മാത്രമാണ് ഈ ഫോമില്‍ പൂരിപ്പിക്കാനുള്ളത്. മാത്രമല്ല 2002-ലെ എസ്‌ഐആറില്‍ പേരില്ലാത്തവര്‍ക്ക് അവരുടെ രക്ഷിതാക്കളുടെ പേര് പട്ടികയില്‍ ഉണ്ടെങ്കിലും അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല.

1987 ജൂലായ് ഒന്നിന് മുന്‍പ് ജനിച്ച, 2002 ലെ എസ്‌ഐആര്‍ പട്ടികയില്‍ പേരില്ലാത്ത വ്യക്തിയാണെങ്കില്‍ 12 രേഖകളില്‍ ഏതെങ്കിലുമൊന്ന് സമര്‍പ്പിക്കേണ്ടി വരും. ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ അല്ലെങ്കില്‍ പെന്‍ഷന്‍ ഉത്തരവുകള്‍, സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്, വനാവകാശ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, എന്‍ആര്‍സി രേഖ (ബാധകമെങ്കില്‍), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന കുടുംബ രജിസ്റ്റര്‍, ഭൂമി അല്ലെങ്കില്‍ വീട് അനുവദിക്കല്‍ സര്‍ട്ടിഫിക്കറ്റ്, 1987-ന് മുമ്പുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനം നല്‍കിയ തിരിച്ചറിയല്‍ രേഖ, ഇവയാണ് മറ്റുള്ള 11 രേഖകള്‍. ബിഹാറിലെ സുപ്രീംകോടതി വിധിക്ക് ശേഷം 12-ാമത് എസ്‌ഐആര്‍ രേഖയായി ആധാറും ഹാജരാക്കാം.

ആധാറിനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ബിഹാറില്‍ വലിയ പ്രതിഷേധവും വിവാദവും ഉയര്‍ന്നെങ്കിലും എസ്‌ഐആറിന്റെ രണ്ടാംഘട്ടത്തില്‍ ആധാര്‍ രേഖയായി പരിഗണിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. ആധാര്‍ പൗരത്വരേഖയായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും എന്നാല്‍ എസ്‌ഐആര്‍ തിരിച്ചറിയല്‍ കാര്‍ഡായി പരിഗണിക്കുമെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കിയത്. ബിഹാറില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോഴായിരുന്നു ആധാര്‍ എസ്‌ഐആര്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

അവസാന എസ്ഐആറില്‍ ഇല്ലാത്തവര്‍ കുടുങ്ങുമോ?

2002-ല്‍ ആണ് കേരളത്തില്‍ അവസാനം എസ്‌ഐആര്‍ നടന്നത്. ഇതില്‍ ഉള്‍പ്പെടാത്തവരാണ് ഏറെ ബുദ്ധിമുട്ടുക. 2004 ന് ശേഷം ജനിച്ചവര്‍ സ്വന്തം രേഖയ്ക്ക് പുറമെ മാതാവിന്റേയോ പിതാവിന്റേയോ രേഖയും സമര്‍പ്പിക്കണം. എന്നാല്‍ 2002-ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എസ്‌ഐആര്‍ ഫോം പൂരിപ്പിച്ച് നല്‍കുകയും അന്നത്തെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ മതി.

1955 ലെ പൗരത്വ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയാണ് 1987 ജൂലായ് ഒന്ന് എന്ന തീയതിയെ പ്രസക്തമാക്കുന്നത്. 1986 ല്‍ പൗരത്വ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി വരെ 1950 ജനുവരി 26 ന് ശേഷം ഇന്ത്യയില്‍ ജനിച്ച എല്ലാവര്‍ക്കും സ്വഭാവികമായി പൗരത്വം ലഭിക്കുന്ന രീതിയാണ് നിലനിന്നത്. എന്നാല്‍ ഭേദഗതിയോടെ 1987 ജൂലായ് ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് പൗരത്വം കിട്ടണമെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം വേണമെന്ന നിബന്ധനയായി.

 

2003 ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം 2004 ഡിസംബര്‍ രണ്ടിന് ശേഷം ജനിച്ചവരുടെ കാര്യത്തില്‍ പൗരത്വത്തിന് മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണമെന്ന നിബന്ധന കൊണ്ടുവന്നു. അതല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ അനധികൃത കുടിയേറ്റത്തിലൂടെ എത്തിയതല്ലെന്ന് ഉറപ്പുവരുത്തണം. ഇപ്പോള്‍ എസ്ഐആറിന്റെ കാര്യത്തില്‍ ഈ മൂന്ന് തീയതികള്‍ പ്രസക്തമാകുന്നത് പൗരത്വ നിയമത്തിലെ ഭേദഗതികള്‍ കാരണമാണ്.

എന്തുകൊണ്ട് കമ്മിഷന്‍ നേരത്തെ ആധാറിനെ എതിര്‍ത്തു

ആധാറിനെ അംഗീകരിക്കുന്നില്ല എന്ന പ്രധാന വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചതെങ്കിലും നേരത്തെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത പ്രതിപക്ഷം എന്തിനാണ് ഇപ്പോള്‍ ഇതിനെ 11 രേഖകളില്‍ ഉള്‍പ്പെടുത്താത്തിനെ എതിര്‍ക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിഹാര്‍ കേസ് വന്നപ്പോള്‍ ചോദിച്ചത്. ആധാര്‍ തിരിച്ചറിയാനുള്ള രേഖയാണ് പൗരത്വത്തിനുള്ളതല്ല എന്ന് വ്യക്തമായി പറയുന്നുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഔദ്യോഗിക തിരിച്ചറിയല്‍ രേഖ, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക്, ബാങ്ക് ഇടപാടുകള്‍ക്ക്, മൊബൈല്‍ ഫോണ്‍ കണക്ഷനെടുക്കാന്‍, വിമാന, ട്രെയിന്‍ ടിക്കറ്റുകള്‍ക്ക്, വോട്ടെടുപ്പ് സമയത്തെ തിരിച്ചറിയല്‍ രേഖ, ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന്-എന്നിവയ്ക്കുള്ള ആവശ്യങ്ങള്‍ക്കാണ് ആധാര്‍ ഉപയോഗിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാക്കളും സന്നദ്ധ സംഘടനകളും വ്യക്തികളുമടക്കമുള്ളവര്‍ ഫയല്‍ ചെയ്ത പത്തിലധികം ഹരജികളാണ് അന്ന് സുപ്രീംകോടതി ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ പരിഗണിച്ചത്. എല്ലാ പ്രധാനപ്പെട്ട രേഖകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കെ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ആധാര്‍ പ്രധാന രേഖയായി കണക്കാക്കാത്തതിനെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു.

12 സംസ്ഥാനങ്ങള്‍, അസമിനെ ഒഴിവാക്കി

മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും ഒമ്പത് സംസ്ഥാനങ്ങളിലുമായി രണ്ടാംഘട്ട എസ്‌ഐആര്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഭൂരിഭാഗവും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളാണ്. പക്ഷെ 2026-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട അസമിനെ ഒഴിവാക്കിയിട്ടുമുണ്ട്. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്ന ന്യായം; അസമിലെ പൗരത്വവിഷയവുമായി ബന്ധപ്പെട്ട് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ അസമിനായി പ്രത്യേകം എസ്‌ഐആര്‍ വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കുമെന്നാണ്. എന്നാല്‍ ഇത് ബിജെപി ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ മാറ്റിവെച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

2019-ഓഗസ്റ്റ് 31 ന് ആയിരുന്നു അസമിലെ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രത്യേക പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ 3.11 കോടി ആളുകളായിരുന്നു ഉള്‍പ്പെട്ടിരുന്നത്. 19 ലക്ഷം ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുമില്ല. ഇതോടെ ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ കേസും വന്നു. ഈ കേസ് സുപ്രീംകോടതിയുടെ പരിഗണിയില്‍ ആയതിനാലാണ് എസ്‌ഐആര്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടാതിരുന്നത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്.

ബിഹാര്‍ കുറഞ്ഞത് 47 ലക്ഷം പേര്‍

ബിഹാറില്‍ വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണ പ്രക്രിയ (എസ്ഐആര്‍) പൂര്‍ത്തിയായപ്പോള്‍ അന്തിമപട്ടികയില്‍ 7.42 കോടി വോട്ടര്‍മാര്‍ ആണുള്ളത്. എസ്ഐആറിന് മുന്‍പുണ്ടായിരുന്നതിനെ അപേക്ഷിച്ച് 47 ലക്ഷം പേരുടെ കുറവുണ്ടായിരുന്നു. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിലെ 7.24 കോടി വോട്ടര്‍മാരില്‍ 3.66 ലക്ഷം പേര്‍ രേഖകളുടെ ആധികാരികതയില്ലായ്മ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തള്ളിയിരുന്നു. പുതുതായി 21.53 ലക്ഷം വോട്ടര്‍മാര്‍ പട്ടികയിലെത്തി. ഇവരെക്കൂടി ചേര്‍ത്തുള്ളതാണ് അന്തിമപട്ടിക.

ഇവിടെ പൗരത്വരേഖ ഹാജരാക്കാത്തതിന്റെ പേരില്‍ പട്ടികയില്‍നിന്ന് 6000 പേരെ തളളിയിരുന്നു. ഓഗസ്റ്റ് ഒന്നിന്റെ കരട് വോട്ടര്‍പട്ടികയില്‍നിന്ന് പൗരത്വത്തിന്റെ പേരില്‍ ആരും പുറത്തായിരുന്നില്ല. അന്തിമപ്പട്ടിക വന്നപ്പോഴാണ് മാറ്റം.

അന്തിമപട്ടികയില്‍ ഏറ്റവുമധികം ഒഴിവാക്കപ്പെട്ടത് സ്ത്രീവോട്ടര്‍മാരാണ്. ഇരട്ട വോട്ടാണ് ഈ ഒഴിവാക്കലിന് കാരണം. വിവാഹിതരായ സ്ത്രീകള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പമുള്ള താമസസ്ഥലത്തും ഭര്‍തൃവീട് ഇരിക്കുന്ന സ്ഥലത്തും വോട്ടുള്ളതായി കണ്ടെത്തിയതിനാല്‍ ഒരു വോട്ട് ഒഴിവാക്കപ്പെട്ടു.

അന്തിമപട്ടികയില്‍ ഒഴിവായ 3.66 ലക്ഷം പേരില്‍ 62,000 പേര്‍ മരിച്ചുപോയവരാണ്. 1.64 ലക്ഷം പേര്‍ സ്ഥിരമായി സ്ഥലം മാറിപ്പോയി. 81,000 പേരുടേത് ഇരട്ടവോട്ടുകളാണ്. 48,000 പേരുടെ മേല്‍വിലാസം കണ്ടെത്താനായില്ല. പ്രായപൂര്‍ത്തിയാകാതെ അപേക്ഷിച്ച 100 പേരുകളും തള്ളപ്പെട്ടിട്ടുണ്ട്.