സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ ഒമ്പത്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ സമഗ്ര വിവരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണവും വാര്‍ഡുകളും
സംസ്ഥാനത്ത് നിലവില്‍ 1200 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെ 1199 സ്ഥാപനങ്ങളിലേക്കാണ് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി 2027 സെപ്റ്റംബര്‍ 10-ന് മാത്രമേ അവസാനിക്കൂ. മറ്റു തദ്ദേശ സ്ഥാനപങ്ങളിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20-ന് അവസാനിക്കും.
സ്ഥാപനങ്ങളുടെ ഘടന:
| സ്ഥാപനം | എണ്ണം | തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ |
| ഗ്രാമപഞ്ചായത്തുകൾ | 941 | 17337 |
| ബ്ലോക്ക് പഞ്ചായത്തുകൾ | 152 | 2267 |
| ജില്ലാ പഞ്ചായത്തുകൾ | 14 | 346 |
| മുനിസിപ്പാലിറ്റികൾ | 87 (തിരഞ്ഞെടുപ്പ് 86-ൽ) | 3205 |
| കോർപ്പറേഷനുകൾ | 6 | 421 |
| ആകെ വാർഡുകൾ | 23,576 |
അന്തിമ വോട്ടര്‍മാരുടെ കണക്ക് (ഒക്ടോബര്‍ 25 പ്രകാരം)
ഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 2,84,30,761 വോട്ടര്‍മാരുണ്ട്.
പുരുഷന്മാര്: 1,34,12,470
സ്ത്രീകള്‍: 1,50,18,010
ട്രാന്‍സ്ജെന്‍ഡര്‍: 281
പ്രവാസി ഭാരതീയര്‍ക്കുള്ള പട്ടികയില്‍ ആകെ 2,841 വോട്ടര്‍മാരുണ്ട് (2,484 പുരുഷന്മാരും 357 സ്ത്രീകളും)
സ്ഥാനാര്‍ഥിയാകാനുള്ള യോഗ്യത
യോഗ്യത: സ്ഥാനാര്‍ത്ഥിക്ക് നോമിനേഷന് നല്കുന്ന ദിവസം 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. ക്രിമിനല്‍ കേസുകള്‍, സ്ഥാവര ജംഗമ സ്വത്തുക്കള്‍, ബാധ്യതകള്‍/കുടിശ്ശിക എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ ഫാറം 2എ-യില്‍ നല്‍കേണ്ടതുണ്ട്
കെട്ടിവെക്കേണ്ട തുക
ഗ്രാമപഞ്ചായത്ത്: 2,000 രൂപ
ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി: 4,000 രൂപ
ജില്ലാ പഞ്ചായത്ത്/കോര്പ്പറേഷന്: 5,000 രൂപ
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും
പ്രചാരണത്തിന് ചെലവഴിക്കാവുന്ന തുക
ഗ്രാമപഞ്ചായത്ത്- 25,000 രൂപ
ബ്ലോക്ക് പഞ്ചായത്ത് / മുനിസിപ്പാലിറ്റി- 75,000 രൂപ
ജില്ലാ പഞ്ചായത്ത് / കോര്പ്പറേഷന് - 1,50,000 രൂപ
സ്ഥാനാര്‍ത്ഥികള്‍ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കണം. കണക്ക് നല്കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കമ്മീഷന് അയോഗ്യരാക്കും.
തിരഞ്ഞെടുപ്പ് നടത്തിപ്പും സാങ്കേതികവിദ്യയും
പോളിങ് സ്റ്റേഷനുകള്‍: വോട്ടെടുപ്പിനായി ആകെ 33,746 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാകും.
പഞ്ചായത്തുകള്‍ക്ക്: 28,127
മുനിസിപ്പാലിറ്റികള്‍ക്ക്: 3,604
കോര്‍പ്പറേഷനുകള്‍ക്ക്: 2,015
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (EVM): ഹൈദരാബാദ് ആസ്ഥാനമായ ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) നിര്‍മ്മിച്ചുനല്‍കിയ ഇവിഎമ്മുകളാണ് ഉപയോഗിക്കുന്നത്.
50,693 കണ്ട്രോള് യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്.
ത്രിതല പഞ്ചായത്തുകളില്‍ ഓരോ പോളിങ് സ്റ്റേഷനിലും ഒരു കണ്ട്രോള് യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും.
ഒരു ബാലറ്റ് യൂണിറ്റില്‍ പരമാവധി 15 സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവുമാണ് രേഖപ്പെടുത്തുന്നത്.
തിരിച്ചറിയല്‍ രേഖകള്‍:
വോട്ട് ചെയ്യുന്നതിന് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്നും ആറ് മാസത്തിനു മുമ്പ് നല്കിയ പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ തിരിച്ചറിയല്‍ രേഖ എന്നിവ ഉള്‍പ്പെടുന്നു.
ഉദ്യോഗസ്ഥ വിന്യാസം
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 1,80,000-ഓളം ഉദ്യോഗസ്ഥരെ നിയോഗിക്കും. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസര്‍, 3 പോളിങ് ഓഫീസര്‍മാര്‍ എന്നിവരെ നിയോഗിക്കും.
വരണാധികാരികള്‍: ആകെ 1,249 വരണാധികാരികളാണ് ഉള്ളത്. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി ജില്ലാ കളക്ടറാണ്. ജനറല്‍ ഒബ്സര്‍വര്‍മാരെയും (ഐഎഎസ്/ഐഎഫ്എസ് തലത്തില്‍) ചെലവ് നിരീക്ഷകരെയും കമ്മീഷന് നിയോഗിക്കും.
വോട്ടിങ്ങും വോട്ടെണ്ണലും
പോളിങ്: വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് മോക്ക്പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ച് വൈകുന്നേരം ആറുമണിക്ക് അവസാനിക്കും.
അവധി
വോട്ടെടുപ്പ് ദിവസം എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കും. സ്വകാര്യ മേഖലയിലെ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയോ വോട്ട്ചെയ്യുന്നതിനുളള അനുമതിയോ നല്‍കുന്നതിന് കമ്മീഷന് ഉത്തരവ് പുറപ്പെടുവിക്കും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
ത്രിതല പഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ക്ക് അതത് സ്ഥാപനതലത്തിലുമാണ് വിതരണ സ്വീകരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജമാക്കുന്നത്. സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങള്‍ ഉണ്ടാകും. വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്, തുടര്‍ന്ന് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണല്‍ പുരോഗതി TREND Software-ലൂടെ ലഭ്യമാക്കും.
Content Highlights: Kerala Local Body Elections Announced: Key Dates and Battlegrounds Revealed
Published: 10 Nov 2025, 03:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented