
കൊച്ചിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിൽനിന്ന് | ഫോട്ടോ: അഭിലാഷ് ചിറക്കടവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ നാല്. നഗരസഭകളിൽ 54. ബ്ലോക്ക് പഞ്ചായത്തുകളിൽ 78. ഗ്രാമപഞ്ചായത്തുകളിൽ 504. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ യുഡിഎഫ് കാറ്റിൽ ഇടതു മുന്നണി നിലംപരിശായി. തിരുവനന്തപുരം സ്വന്തമാക്കി ചരിത്രത്തിലാദ്യമായി കേരളത്തിൽ എൻഡിഎ ഒരു കോർപ്പറേഷൻ പിടിച്ചെടുത്തു. രണ്ട് നഗരസഭകളും 26 പഞ്ചായത്തും നേടി എൻഡിഎ ശക്തി തെളിയിക്കുകയും ചെയ്തു.
കൈവിട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളിൽ ഇരട്ടിയോളവും ബ്ലോക്ക് പഞ്ചായത്തുകളിൽ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളിൽ അഞ്ഞൂറിലധികം നേടിയും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ തേരോട്ടമാണ് നടത്തിയത്. ഒരിക്കൽപ്പോലും വിജയിച്ചിട്ടില്ലാത്ത നഗരസഭകളും പഞ്ചായത്തുകളും ഇക്കുറി യുഡിഎഫിന്റെ കൈകളിലെത്തി.
കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020-ൽ കണ്ണൂർ മാത്രം ലഭിച്ച യുഡിഎഫിന് ഇക്കുറി കൊച്ചിയും തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചു. കൊല്ലം കോർപ്പറേഷനിൽ വൻ അട്ടമിറിയാണ് യുഡിഎഫ് നടത്തിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റുകൾ കൂട്ടാനും യുഡിഫിനു സാധിച്ചു.
മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫിന്റെ തിളക്കമാർന്ന മുന്നേറ്റം. 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണമാണ് യുഡിഎഫ് സ്വന്തമാക്കിയത്. എൽഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ. എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 143-ൽ 79 എണ്ണമാണ് യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞത്. 63 എണ്ണം ഇടതു മുന്നണി നേടി. 10 ബ്ലോക്ക് പഞ്ചായത്തുകളിൽ തൂക്കുസഭയാണ്.
ഗ്രാമപഞ്ചായത്തുകളിൽ 504 എണ്ണത്തിൽ യുഡിഎഫിനാണ് ഭൂരിപക്ഷം. ഇടതു മുന്നണി 342 നേടിയപ്പോൾ എൻഡിഎയ്ക്ക് സ്വന്തമായത് 26. ആറെണ്ണം മറ്റുള്ളവരും സ്വന്തമാക്കി. ജില്ലാ പഞ്ചായത്തുകളിൽ ഇടതുവലതു മുന്നണികൾ ഏഴ് വീതം കൈക്കലാക്കി. എൻഡിഎയ്ക്ക് ജില്ലാ പഞ്ചായത്തുകളിൽ കാസർകോട്ട് ഒരു സീറ്റ് മാത്രം ലഭിച്ചു.
തിരുവനന്തപുരം
തിരുവനന്തപുരം കോർപ്പറേഷൻ നഷ്ടമായത് സിപിഎമ്മിന് വൻ തിരിച്ചടിയായി. ജില്ലയിൽ യുഡിഎഫും എൻഡിഎയും അപ്രതീക്ഷിതമായ മുന്നേറ്റമാണ് നടത്തിയത്. അതേസമയം, ജില്ലയിലെ നാല് നഗരസഭകളും എൽഡിഎഫ്് നേടി. നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല എന്നിവ. ജില്ലാ പഞ്ചായത്തിൽ 15 സീറ്റ് നേടി എൽഡിഎഫ് മുന്നിലെത്തിയപ്പോൾ യുഡിഎഫ് നേടിയത് 13 സീറ്റ്.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 11): എൽഡിഎഫ് 6, യുഡിഎഫ് 5.
പഞ്ചായത്ത്(ആകെ 73): എൽഡിഎഫ് 25, യുഡിഎഫ് 6, തൂക്കുസഭ 6.
കൊല്ലം
കൊല്ലം കോർപ്പറേഷനിൽ ചരിത്രം സൃഷ്ടിച്ചാണ് യുഡിഎഫ് വലിയ കക്ഷിയെന്ന സ്ഥാനം സ്വന്തമാക്കിയത്. ആകെയുള്ള 56 സീറ്റിൽ 27 സീറ്റ് യുഡിഎഫ് നേടി. എൽഡിഫിന് 16. എൻഡിഎയ്ക്ക് 12. ഒരു സ്വതന്ത്രനും ജയിച്ചു. കൊല്ലത്തെ നാല് നഗരസഭകളിൽ മൂന്നിടത്തും എൽഡിഎഫിനാണ് വിജയം. പരവൂരും പുനലൂരും കൊട്ടാരക്കരയും എൽഡിഎഫ് സ്വന്തമാക്കിയപ്പോൾ കരുനാഗപ്പള്ളി യുഡിഎഫ് നേടി. കൊല്ലം ജില്ലാ പഞ്ചായത്തിൽ 17 സീറ്റ് എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിനു സ്വന്തമാക്കാനായത് പത്തെണ്ണം മാത്രം.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 11): എൽഡിഎഫ് 7, യുഡിഫ് 3, എൻഡിഎ 1.
പഞ്ചായത്ത്(ആകെ 68): എൽഡിഎഫ് 33, യുഡിഎഫ് 32, എൻഡിഎ 1.
പത്തനംതിട്ട
പത്തനംതിട്ടയിലെ നാല് നഗരസഭകളിൽ മൂന്നെണ്ണവും യുഡിഎഫിനാണ്. അടൂർ, പത്തനംതിട്ട, തിരുവല്ല എന്നിവ. പന്തളത്ത് എൽഡിഎഫ് ജയിച്ചു. ജില്ലാ പഞ്ചായത്തിൽ 12 സീറ്റ് യുഡിഎഫിനും 5 സീറ്റ് എൽഡിഎഫിനും.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 8): എൽഡിഎഫ് 0, യുഡിഫ് 7, തൂക്കുസഭ 1.
പഞ്ചായത്ത്(ആകെ 53): എൽഡിഎഫ് 11, യുഡിഎഫ് 34, എൻഡിഎ 4.
ആലപ്പുഴ
ആലപ്പുഴയിലെ ആറ് നഗരസഭകളിൽ അഞ്ചിടത്ത് യുഡിഎഫ് തേരോട്ടം നടത്തിയപ്പോൾ എൽഡിഎഫിന് നേടാനായത് ചേർത്തല മാത്രം. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, ആലപ്പുഴ, ഹരിപ്പാട് എന്നിവ യുഡിഎഫിന്റെ കൈകളിലെത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ 24 സീറ്റിൽ 16 എണ്ണം നേടി എൽഡിഎഫ് ബഹുദൂരം മുന്നിലെത്തിയപ്പോൾ യുഡിഎഫ് നേടിയത് എട്ടെണ്ണം മാത്രം.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 12): എൽഡിഎഫ് 7, യുഡിഫ് 4, തൂക്കുസഭ 8.
പഞ്ചായത്ത്(ആകെ 72): എൽഡിഎഫ് 36, യുഡിഎഫ് 23, എൻഡിഎ 4.
കോട്ടയം
കോട്ടയത്തെ നഗരസഭകളിൽ അഞ്ചെണ്ണം യുഡിഎഫിനൊപ്പമാണ് നിന്നത്. ചങ്ങനാശേരി, കോട്ടയം, വൈക്കം, ഏറ്റുമാന്നൂർ, ഈരാറ്റുപേട്ട എന്നിവ. പാലാ നഗരസഭയിൽ 11 സീറ്റ് നേടി വലിയ ഒറ്റകക്ഷിയായെങ്കിലും 10 സീറ്റ് യുഡിഎഫും അഞ്ച് സീറ്റ് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. ജയിച്ച സ്വതന്ത്രരിൽ മൂന്നു പേരും യുഡിഎഫ് പിന്തുണയോടെയാണ് വിജയിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ 16 സീറ്റ് യുഡിഎഫിനാണ്. എൽഡിഎഫിനെ പിന്തുണച്ചത് ഏഴെണ്ണം മാത്രം.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 11): എൽഡിഎഫ് 2, യുഡിഫ് 9, തൂക്കുസഭ 0.
പഞ്ചായത്ത്(ആകെ 71): എൽഡിഎഫ് 19, യുഡിഎഫ് 44, എൻഡിഎ 3, തൂക്കുസഭ 5
ഇടുക്കി
ഇടുക്കിയിൽ രണ്ട് നഗരസഭകളും യുഡിഎഫിനൊപ്പം നിന്നു. തൊടുപുഴയും കട്ടപ്പനയും. ജില്ലാ പഞ്ചായത്തിൽ 17 സീറ്റിൽ 14 എണ്ണവും യുഡിഎഫ് നേടി. എൽഡിഎഫിന് മൂന്നെണ്ണം.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 8): എൽഡിഎഫ് 1, യുഡിഫ് 7.
പഞ്ചായത്ത്(ആകെ 52): എൽഡിഎഫ് 13, യുഡിഎഫ് 35, തൂക്കുസഭ 4
എറണാകുളം
കൊച്ചി കോർപ്പറേഷനിൽ തൊട്ടടുത്ത എതിരാളിയേക്കാൾ ഇരട്ടിയിലധികം സീറ്റ് നേടിയാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. യുഡിഎഫ് 47, എൽഡിഎഫ് 22, എൻഡിഎ 6, മറ്റുള്ളവർ 1 എന്നാണ് കക്ഷിനില. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നഗരസഭകളുള്ള എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ എൻഡിഎയും ഏലൂരിൽ എൽഡിഎഫും ജയിച്ചപ്പോൾ 11 നഗരസഭകൾ യുഡിഎഫിനെ വിജയിപ്പിച്ചു. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കളമശേരി, നോർത്ത് പരവൂർ, അങ്കമാലി, തൃക്കാക്കര, മരട്, പിറവം, കൂത്താട്ടുകുളം എന്നിവ. ജില്ലാ പഞ്ചായത്തും യുഡിഎഫിനൊപ്പമാണ് എറണാകുളം നിന്നത്, 25 സീറ്റോടെ. എൽഡിഎഫ്് മൂന്നിൽ മാത്രം.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 14): എൽഡിഎഫ് 1, യുഡിഫ് 12, മറ്റുള്ളവർ 1.
പഞ്ചായത്ത്(ആകെ 82): എൽഡിഎഫ് 7, യുഡിഎഫ് 66, തൂക്കുസഭ 5, മറ്റുള്ളവർ 4.
തൃശൂർ
തൃശൂർ കോർപ്പറേഷനിൽ അപ്രതീക്ഷിത വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്. 13 സീറ്റ് നേടിയ എൽഡിഎഫിനേയും എട്ടു സീറ്റ് നേടിയ എൻഡിഎയേയും ബഹുദൂരം പിന്നിലാക്കി 33 സീറ്റോടെ യുഡിഎഫ് വൻവിജയം കൊയ്തു. നഗരസഭകളിൽ പക്ഷെ, ചാലക്കുടിയും ഇരിങ്ങാലക്കുടയും മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. കുന്നംകുളവും കൊടുങ്ങല്ലൂരും ചാവക്കാടും ഗുരുവായൂരും വടക്കാഞ്ചേരിയും അടങ്ങുന്ന അഞ്ച് നഗരസഭകളാണ് എൽഡിഎഫിനെ പിന്തുണച്ചത്. ഇതിൽ കൊടുങ്ങല്ലൂരിൽ എൻഡിഎയാണ് മുഖ്യപ്രതിപക്ഷം. അതേസമയം, ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് 21 സീറ്റോടെ 9 സീറ്റ് നേടിയ യുഡിഎഫിനെ പിന്നിലാക്കി.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 16): എൽഡിഎഫ് 10, യുഡിഫ് 5, തൂക്കുസഭ 1.
പഞ്ചായത്ത്(ആകെ 86): എൽഡിഎഫ് 44, യുഡിഎഫ് 34, എൻഡിഎ 1, തൂക്കുസഭ 7.
പാലക്കാട്
പാലക്കാട് നഗരസഭയിൽ നിലവിൽ തൂക്കുസഭയാണ്. ആകെയുള്ള 53 സീറ്റിൽ 25 എണ്ണം നേടി എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ 17 സീറ്റുമായി യുഡിഎഫ് തൊട്ടുപിറകിലുണ്ട്. എൽഡിഎഫ് 8 സീറ്റ് നേടി. മൂന്ന് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. ഷൊർണൂരിലും ഒറ്റപ്പാലത്തും എൽഡിഎഫിന് വലിയ ഭൂരിപക്ഷത്തിൽ സ്വന്തമാക്കാൻ സാധിച്ചു. എന്നാൽ, ചിറ്റൂർ, പട്ടാമ്പി, ചെർപ്പുളശേരി, മണ്ണാർക്കാട് എന്നീ നാല് നഗരസഭകൾ യുഡിഎഫ് പിടിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് 19 സീറ്റ് നേടിയപ്പോൾ യുഡിഎഫിന് നേടാനായത് 12 എണ്ണം മാത്രം.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 13): എൽഡിഎഫ് 9, യുഡിഫ് 3, തൂക്കുസഭ 1.
പഞ്ചായത്ത്(ആകെ 88): എൽഡിഎഫ് 46, യുഡിഎഫ് 31, എൻഡിഎ 2, തൂക്കുസഭ 9.
മലപ്പുറം
മലപ്പുറം ഇക്കുറിയും യുഡിഎഫിനൊപ്പമെന്ന പതിവു തെറ്റിച്ചില്ല. ഏഴ് നഗരസഭകളിൽ എൽഡിഎഫിനു വിട്ടുകൊടുത്തത് പൊന്നാനി മാത്രം. തിരൂർ, മലപ്പുറം, മഞ്ചേരി, കോട്ടക്കൽ, നിലമ്പൂർ, താനൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, കൊണ്ടോട്ടി അടക്കം 11 നഗരസഭകളും യുഡിഎഫ് മൃഗീയഭൂരിപക്ഷത്തോടെ സ്വന്തമാക്കി. ഇതിൽ പെരിന്തൽമണ്ണയിലെ യുഡിഎഫ് വിജയം ഏറെ മധുരിക്കുന്നതാണ്. നീണ്ട കാലത്തിനു ശേഷമാണ് പെരിന്തൽമണ്ണ യുഡിഎഫിനു സ്വന്തമാവുന്നത്. താനൂരിൽ എൻഡിഎയാണ് മുഖ്യപ്രതിപക്ഷം. ഇവിടെ എൽഡിഎഫിന് സീറ്റൊന്നും ലഭിച്ചില്ല. തിരൂരങ്ങാടിയിൽ 34 സീറ്റ് യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിനു ലഭിച്ചത് ഒരു സീറ്റ് മാത്രം. മലപ്പുറം ജില്ലാ പഞ്ചായത്തിൽ 33 സീറ്റുകളും യുഡിഎഫ് തൂത്തുവാരി.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 15): എൽഡിഎഫ് 1, യുഡിഫ് 14.
പഞ്ചായത്ത്(ആകെ 94): എൽഡിഎഫ് 4, യുഡിഎഫ് 87, തൂക്കുസഭ 2, മറ്റുള്ളവർ 1.
കോഴിക്കോട്
കോഴിക്കോട്ടാണ് യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. കോർപ്പറേഷനും ജില്ലാ പഞ്ചായത്തും നേരിയ ഭൂരിപക്ഷത്തിനാണ് എൽഡിഎഫപ് നേടിയത്. കോർപ്പറേഷനിൽ ആകെയുള്ള 76 സീറ്റിൽ എൽഡിഎഫ് 35 നേടി വലിയ കക്ഷിയായി. 28 സീറ്റാണ് യുഡിഎഫിനു ലഭിച്ചത്. 13 സീറ്റോടെ എൻഡിഎയും കോഴിക്കോട് കോർപ്പറേഷനിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ജില്ലയിലെ ഏഴ് നഗരസഭകളിൽ നാലെണ്ണം സ്വന്തമാക്കി യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടി. ഫറോക്ക്, കൊടുവള്ളി, രാമനാട്ടുകര, പയ്യോളി നഗരസഭകളിലാണ് യുഡിഎഫ് വിജയം. കൊയിലാണ്ടി, വടകര, മുക്കം നഗരസഭകൾ എൽഡിഎഫും നേടി. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് 15, യുഡിഎഫ് 13.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 12): എൽഡിഎഫ് 8, യുഡിഫ് 2, തൂക്കുസഭ 2.
പഞ്ചായത്ത്(ആകെ 70): എൽഡിഎഫ് 27, യുഡിഎഫ് 39, തൂക്കുസഭ 4.
വയനാട്
വയനാട്ടിലെ മൂന്ന് നഗരസഭകളിൽ മാനന്തവാടിയും ബത്തേരിയും യുഡിഎഫ് നേടിയപ്പോൾ കൽപ്പറ്റ എൽഡിഎഫ് നിലനിർത്തി. വയനാട്ടിലെ 17 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ യുഡിഎഫിന് 15, എൽഡിഎഫിന് 2.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 4): എൽഡിഎഫ് 0, യുഡിഫ് 4.
പഞ്ചായത്ത്(ആകെ 23): എൽഡിഎഫ് 6, യുഡിഎഫ് 15, തൂക്കുസഭ 2.
കണ്ണൂർ
കണ്ണൂർ കോർപ്പറേഷനിൽ കൂടുതൽ ഭൂരിപക്ഷത്തോടെ യുഡിഎഫ് ഭരണം നിലനിർത്തി. 56 സീറ്റിൽ 36 എണ്ണമാണ് യുഡിഎഫിനു ലഭിച്ചത്. എൽഡിഎഫ് 15 സീറ്റിലേക്കു ചുരുങ്ങി. എൻഡിഎ നാല് സീറ്റിൽ ജയിച്ചപ്പോൾ ഒരു സീറ്റ് സ്വതന്ത്രൻ സ്വന്തമാക്കി. കണ്ണൂരിലെ നഗരസഭകളിൽ പക്ഷെ, യുഡിഎഫിന് മൂന്നെണ്ണം മാത്രമേ നേടാനായുള്ളൂ. തളിപ്പറമ്പ്, പാനൂർ, ശ്രീകണ്ഠാപുരം. കൂത്തുപറമ്പ്, തലശേരി പയ്യന്നൂർ, ഇരിട്ടി, ആന്തൂർ എന്നീ ആറ് നഗരസഭകളും എൽഡിഎഫിനൊപ്പം നിന്നു. ഇതിൽ ആന്തൂരിൽ പ്രതിപക്ഷമില്ല. 29 സീറ്റിലും എൽഡിഎഫാണ് വിജയിച്ചത്. ജില്ലാ പഞ്ചായത്തിൽ കണ്ണൂരിൽ എൽഡിഎഫ് 18, യുഡിഎഫ് 7.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 11): എൽഡിഎഫ് 8, യുഡിഫ് 1, തൂക്കുസഭ 2.
പഞ്ചായത്ത്(ആകെ 71): എൽഡിഎഫ് 48, യുഡിഎഫ് 21, തൂക്കുസഭ 2.
കാസർകോട്
കാസർകോട്ടെ മൂന്ന് നഗരസഭകളിൽ കാസർകോട്ട് 24 സീറ്റോടെ യുഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ സ്വന്തമാക്കി. കാഞ്ഞങ്ങാട് നഗരസഭ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് നിലനിർത്തിയത്. നീലേശ്വരവും എൽഡിഎഫിനൊപ്പം നിന്നു. ജില്ലാ പഞ്ചായത്തിലും എൽഡിഎഫ് മേൽക്കൈ നിലനിർത്തി. കാസർകോട് ജില്ലാ പഞ്ചായത്തിൽ 9 സീറ്റോടെ എൽഡിഎഫ് മുന്നിൽകയറിയപ്പോൾഡ 8 സീറ്റോടെ യുഡിഎഫ് തൊട്ടുപിന്നിലെത്തി. സംസ്ഥാനത്തെ ആകെ ജില്ലാ പഞ്ചായത്തുകളിൽ ഏക സീറ്റ് നേടി എൻഡിഎയും സാന്നിധ്യമറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത്(ആകെ 6): എൽഡിഎഫ് 4, യുഡിഫ് 2.
പഞ്ചായത്ത്(ആകെ 38): എൽഡിഎഫ് 13, യുഡിഎഫ് 17, തൂക്കുസഭ 5.
തത്സമയ വിവരങ്ങള്‍...
Content Highlights: Kerala Local Body Election 2025 results updating. Track live updates of poll counting of panchayat , block panchayat , lsg results municipal and corporation results and final outcomes as they are announced. Who will win the semi-final before the Assembly elections?
Published: 13 Dec 2025, 06:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented