കൊച്ചി: വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയ വി.എം.വിനുവിനും യുഡിഎഫിനും കനത്ത തിരിച്ചടി. സെലിബ്രിറ്റിക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും സെലിബ്രറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി വിനുവിന്റെ ഹര്‍ജി തള്ളിയത്. എതിര്‍പ്പുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

To advertise here,

താനൊരു സെലിബ്രറ്റിയാണെന്നും സ്ഥാനാര്‍ഥിയായതോടെ തന്റെ പേര് ബോധപൂര്‍വം വെട്ടിയതാണെന്നും സംവിധായകനായ വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു. പേര് വെട്ടിയതിനെതിരേ അപ്പീല്‍ പോയിട്ടും അതും രാഷ്ട്രീയ കാരണങ്ങളാല്‍ പരിഗണിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് സെലബ്രിറ്റിക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും സെലിബ്രറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി പറഞ്ഞത്.

കരട് വോട്ടര്‍ പട്ടികയില്‍ പോലും പേരില്ലാത്ത ആളാണ് വിഎം വിനു. അങ്ങനെ ഒരാള്‍ എങ്ങനെയാണ് മത്സരിക്കുകയെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ഒരാള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും വിനുവിനെ കോടതിക്ക് സഹായിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

2020-ല്‍ താന്‍ വോട്ട് ചെയ്തതാണെന്നും ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നുമാണ് വി.എം. വിനു പറഞ്ഞിരുന്നത്. സ്ഥാനാര്‍ഥിയായതോടെ തന്റെ പേര് ബോധപൂര്‍വം വെട്ടിയതാണെന്നാണ് വിനു ഉന്നയിച്ച ആരോപണം.

അതേസമയം, 2020-ലെ വോട്ടര്‍ പട്ടികയില്‍ വിനുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ടാണ് ഇആര്‍ഒ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരം വിഎം വിനു ഉപയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തതു സംബന്ധിച്ച പരാതിയില്‍ ജില്ലാ കളക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും.