
ശ്രീകണ്ഠപുരം: തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽ തുറന്ന ജീപ്പിൽ കൈ വീശി കാണിച്ച് കടന്നുപോകുന്ന സ്ഥാനാർഥികൾ... മൺമറഞ്ഞ നേതാക്കൾ സ്ഥാനാർഥിയുടെ തോളിൽ കൈയിട്ട് വോട്ടഭ്യർഥിക്കുന്നു... തിരഞ്ഞെടുപ്പിലെ പ്രചാരണങ്ങളിൽ നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യ അരങ്ങുവാഴുന്ന കാഴ്ചകളാണ് സൈബർലോകത്ത്. എഐ കൂടുതൽ ജനകീയമായ ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിൽ അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കാൻ മുന്നണികളും തയ്യാറായിക്കഴിഞ്ഞു.
മുൻപ് സാങ്കേതിക വിദഗ്ധരുടെയുടെയും എഡിറ്റർമാരുടെയും ഡിസൈനർമാരുടെയുമൊക്കെ സഹായത്തോടെ ചെയ്തിരുന്ന വീഡിയോ, പോസ്റ്റർ നിർമാണങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് സ്ഥാനാർഥിക്കോ സോഷ്യൽ മീഡിയ വൊളന്റിയർമാർക്കോ എളുപ്പത്തിൽ ചെയ്യാനാകും. മാത്രമല്ല, ഇത് പ്രചാരണച്ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കും. ഇന്ന് എഐ ഇമേജ് ജനറേറ്ററുകൾ ഉപയോഗിച്ച് ഒരു മിനുട്ടിനുള്ളിൽ സ്ഥാനാർഥിയുടെ പോസ്റ്റർ നിർമിക്കാനാകും.
വികസന സ്വപ്നങ്ങളും ആശയങ്ങളും ത്രിമാനമികവിൽ ജനങ്ങളിലെത്തിക്കാനും ചാറ്റ് ജിപിടി, ജെമിനി പോലുള്ള ടൂളുകളുടെ സഹായത്തോടെ പ്രസംഗങ്ങളും പ്രചാരണ ഗാനങ്ങളും വരെ തയ്യാറാക്കാനും ഒരു ബുദ്ധിമുട്ടുമില്ല.
കർശന നിരീക്ഷണം
എഐ പ്രചാരണത്തെ ആകർഷകമാക്കുമ്പോൾതന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വെല്ലുവിളികളും ഉയർത്തുന്നുണ്ട്. എതിർസ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകളും ഓഡിയോ സന്ദേശങ്ങളുമൊക്കെ നിർമിച്ച് ദുരുപയോഗപ്പെടുത്താനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എഐ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിരീക്ഷണം ഏർപ്പെടുത്തി.
ഡീപ് ഫേക്ക് വീഡിയോ-ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂർണമായും വിലക്കിയിട്ടുണ്ട്. പാർട്ടികളുടെ ഔദ്യോഗിക സമൂഹിക മാധ്യമ പേജുകളിൽ ഇത്തരം ഉള്ളടക്കത്തെപ്പറ്റി പരാതിയുണ്ടായാൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കണം. എഐ ഉപയോഗിച്ചുള്ള ഉള്ളടക്കത്തിൽ സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് ഉൾപ്പെടെ ലേബൽ ചെയ്യണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം.
Content Highlights: kerala local body election campaign
Published: 18 Nov 2025, 02:38 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented