വാഗമൺ: ഒരുപക്ഷേ, ജനിച്ചുവളർന്ന നാട്ടിലെ തങ്ങളുടെ അവസാന തിരഞ്ഞെടുപ്പാകുമെന്ന തിരിച്ചറിവിൽ വോട്ടർമാർ കിലോമീറ്ററുകളോളം യാത്ര ചെയ്തെത്തിയപ്പോൾ കോട്ടമലയ്ക്ക് ഉത്സവം. ഇതോടെ ആളൊഴിഞ്ഞുപോയ വാഗമണ്ണിലെ കോട്ടമലയിൽ 73 ശതമാനം പോളിങ് രേഖപ്പെടുത്തി. തോട്ടത്തിലെ തൊഴിൽ ഇല്ലാതായതോടെയാണ് ആൾത്താമസമുണ്ടായിരുന്ന കോട്ടമലയിലെ 90 ശതമാനം പേരും ഇവിടെനിന്ന് ഒഴിഞ്ഞുപോയത്.

To advertise here,

പക്ഷേ, ഇവർക്കെല്ലാം വോട്ട് ഇവിടെ തന്നെയായിരുന്നു. 1350 വോട്ടർമാരുണ്ടായിരുന്നു ആകെ. ദീർഘകാലമായി മാറി താമസിക്കുന്നവരുൾപ്പെടെ മിക്കവരും വോട്ട് ചെയ്യാനെത്തി. ഒരുപാട് നാളുകൾക്ക് ശേഷം കണ്ടുമുട്ടിയവർ സൗഹൃദങ്ങൾ പുതുക്കിയും ഓർമ്മകൾ പങ്കുവെച്ചും വോട്ടെടുപ്പിനെ ഒരർത്ഥത്തിൽ ഉത്സവമാക്കി മാറ്റി. ഇനി എന്ന് ഒരുമിച്ച് കൂടുമെന്നറിയാതെ യാത്ര പറഞ്ഞ് അവർ മടങ്ങി. അടുത്ത തിരഞ്ഞെടുപ്പിന് ഇവരിൽ ഭൂരിഭാഗം പേർക്കും പുതിയ താമസസ്ഥലങ്ങളിലാകും വോട്ട്.