
മേട്ടുകുഴി വ്യൂ പോയിന്റിൽ നിന്നുള്ള ഇടുക്കിയുടെ ദൃശ്യം | Photo: Mathrubhumi
ഭൂപ്രശ്നങ്ങളും പട്ടയവും വന്യമൃഗശല്യവും എന്നും ഇടുക്കിയുടെ തിരഞ്ഞെടുപ്പുകളിലെ സജീവ ചർച്ചയാണ്. മറ്റ് പ്രാദേശിക പ്രശ്നങ്ങളുണ്ടെങ്കിലും ഭൂപ്രശ്നത്തിലെ നിലപാടുകളിൽ തങ്ങൾക്കൊപ്പമെന്ന് തോന്നുന്നവർക്ക് ജനം രാഷ്ട്രീയം മറന്ന് വോട്ടിടും, വിജയിപ്പിക്കും. തിരഞ്ഞെടുപ്പ് രംഗം പുറമേ ശാന്തമാണെങ്കിലും ഭൂമിപ്രശ്നങ്ങൾ ഉള്ളിൽ പുകയുന്നുണ്ട്. നിലവിൽ ജില്ലാപഞ്ചായത്തിലും ഗ്രാമപ്പഞ്ചായത്തുകളിലും എൽഡിഎഫിനാണ് മേൽക്കൈ. രണ്ട് നഗരസഭകൾ യുഡിഎഫ് ഭരണത്തിലാണ്. ബ്ലോക്ക് പഞ്ചായത്തിൽ തുല്യനിലയാണ്.
ആയുധവും പരിചയും ‘ഭൂപ്രശ്നം’
ഒരുവശത്ത് ഭൂപ്രശ്നങ്ങളെന്ന വാളുകൊണ്ട് സർക്കാരിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിക്കുകയാണ് യുഡിഎഫും എൻഡിഎയും. കൈവിട്ടുപോയ ജില്ലാ പഞ്ചായത്ത് എങ്ങനെയും തിരിച്ചുപിടിക്കാൻ സർവശക്തിയുമെടുത്താണ് യുഡിഎഫിന്റെ വരവ്. കേരള കോൺഗ്രസ്(എം) ന്റെ സഹായത്തോടെ കഴിഞ്ഞവട്ടം എൽഡിഎഫ് പിടിച്ച പഞ്ചായത്തുകളിൽ ജില്ലാ നേതാക്കൾ ക്യാമ്പ് ചെയ്താണ് പ്രചാരണം. യുഡിഎഫിന് അവസരം കൊടുത്താൽ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുമെന്ന പ്രഖ്യാപനവുമുണ്ട്. ഭൂപതിവ് ചട്ടഭേദഗതിയാണ് പ്രതിപക്ഷ വാദങ്ങൾക്കുള്ള പരിചയായി എൽഡിഎഫ് ഉയർത്തുന്നത്. കട്ടപ്പനയിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാനുള്ള തീരുമാനവും നേട്ടമാകുമെന്നാണ് പ്രതീക്ഷ. ക്ഷേമപ്രവർത്തനങ്ങളും ഇടുക്കി പാക്കേജും പ്രചാരണവിഷയമാണ്. അതിനിടെ, തൊടുപുഴയടക്കമുള്ള നഗരസഭകളുടെയും പഞ്ചായത്തുകളുടെയും ഭരണം പിടിക്കാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് എൻഡിഎ. ബിജെപിയുടെയും ബിഡിജെഎസിന്റെയും ശക്തികേന്ദ്രങ്ങളിൽ കടുത്ത ത്രികോണമത്സരമാണ് നടക്കുന്നത്.
ആര് തടുക്കും
ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗഭീഷണി തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും വെല്ലുവിളിയാണ്. ചക്കക്കൊമ്പനും പടയപ്പയും തുടങ്ങി ആനകളും പന്നിയും പുലിയും മലയോരജനതയുടെ ജീവിതം ദുസ്സഹമാക്കി. നൂറുകണക്കിന് കർഷകർ കൃഷി ഉപേക്ഷിച്ചു. മനുഷ്യവാസമുണ്ടായിരുന്ന പല പ്രദേശങ്ങളും ഇന്ന് ആളില്ലാതായി. പ്രതിരോധ മാർഗങ്ങളായി പ്രഖ്യാപിച്ച പല പദ്ധതികളും പാതിവഴിയിലാണ്. കാർഷികവിളകളുടെ വിലയിടിവും തിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയമാണ്.
വിമതശല്യം
വിമതശല്യം മുന്നണികൾക്കെല്ലാം തലവേദനയാണ്. യുഡിഎഫിലും പ്രധാന കക്ഷിയായ കോൺഗ്രസിലുമാണ് ഏറ്റവുമധികം, രണ്ടു ഡസനിലേറെപ്പേർ. സിപിഐക്കും സിപിഎമ്മിനും പലയിടത്തും വിമതരുണ്ട്.
Content Highlights: Explore the hot topics in Idukki`s elections: land disputes, wildlife threats, and local concerns. Learn about the candidates and their promises. Read more!
Published: 04 Dec 2025, 02:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented