
ഇടമലക്കുടി | File Photo: Abhilash S Nair/Mathrubhumi
കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി. മുതുവാൻ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് മൂന്നാർ ഗ്രാമ പഞ്ചായത്തിലെ ഒരു വാർഡായിരുന്ന ഇടമലക്കുടിയെ 2010 നവംബർ 1-ന് പഞ്ചായത്തായി പ്രഖ്യാപിക്കുന്നത്. പഞ്ചായത്ത് രൂപീകൃതമായിട്ട് 15 വർഷം പിന്നിടുമ്പോൾ മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ഇന്നും സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക പഞ്ചായത്തായി നിലകൊള്ളുമ്പോഴും മാറിമാറിവരുന്ന ജനപ്രതിനിധികൾ ഇടമലക്കുടിയുടെ വികസനത്തിനായി ശബ്ദമുയർത്തിക്കൊണ്ടേയിരിക്കുന്നു.
പെട്ടിമുടിയിൽനിന്നു 17 കിലോമീറ്റർ ഉൾവനത്തിലാണ് ഇടമലക്കുടി. സൊസൈറ്റികുടിയാണ് പഞ്ചായത്ത് ആസ്ഥാനം. 26 സെറ്റിൽമെന്റുകളിലായി 950 കുടുംബങ്ങളാണ് വസിക്കുന്നത്. ഇതിൽ 110 വീടുകളിൽ മാത്രമാണ് വൈദ്യുതി എത്തിക്കാൻ സാധിച്ചിട്ടുള്ളത്. മൂന്നാർ പഞ്ചായത്തിലെ ഒരു വാർഡ് എന്നതിൽനിന്നു മാറ്റി സ്വതന്ത്ര പഞ്ചായത്ത് ആയി മാറിയതോടെയാണ് പഞ്ചായത്തിൽ അടിസ്ഥാന വികസനപ്രവർത്തനങ്ങൾ ആരംഭിക്കുന്നതെന്ന് ജനപ്രതിനിധികൾ പറയുന്നു. എങ്കിലും മാറ്റങ്ങൾ ഇനിയും അനിവാര്യമാണ്. വരുംകാലങ്ങളിൽ ഇടമലക്കുടിയുടെ ചിത്രം മാറും, മാറ്റണമെന്ന പ്രതീക്ഷയിലാണ് ഓരോ പഞ്ചായത്ത് ഭരണസമിതിയും അധികാരത്തിലെത്തുന്നത്.
13 വാർഡുകളുള്ള പഞ്ചായത്തിൽ ആറ് സീറ്റുകളുള്ള യുഡിഎഫാണ് ഇപ്പോൾ ഭരണത്തിൽ. എൽഡിഎഫിന് രണ്ടു സീറ്റുകൾ മാത്രമാണ്. ബിജെപിക്ക് അഞ്ച് സീറ്റുകളുണ്ട്. വികസന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് അംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പ്രതിബന്ധങ്ങൾ ഏറെയാണ് ഇവർക്ക് മുന്നിൽ.
പാതിവഴിയിൽ നിലച്ച റോഡുപണി, രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ കിലോമീറ്ററുകൾ ചുമന്നെത്തിക്കണം
ഇടമലക്കുടിയുടെ ഏക്കാലത്തെയും ഏറ്റവും വലിയ പ്രതിസന്ധി റോഡാണ്. റോഡ് സൗകര്യങ്ങളില്ലാത്തതിനാൽ ദൂരെയുള്ള കുടികളിൽ നിന്നും രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ കിലോമീറ്ററുകളോളം ചുമന്നെത്തിക്കേണ്ട അവസ്ഥയാണ്. രാത്രിയെന്നോ മഴയെന്നോ നോക്കാതെ ജീവനുകൾ ചുമരിൽ ചുമന്ന് കുടിയിറങ്ങുമ്പോൾ ആശങ്കയുടെ മണിക്കൂറുകളാണ് തള്ളിനീക്കേണ്ടിവരുന്നത്.
സൊസൈറ്റികുടിയിലെത്തിച്ചാൽ അവിടെനിന്നും ആംബുലൻസിൽ മൂന്നാറിലെ ആശുപത്രിയിലെത്തിക്കാം. ഗതാഗത സംവിധാനമില്ലാത്തതിനാൽ വിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്നത് പതിവാണ്. പെട്ടിമുടിയിൽനിന്ന് പഞ്ചായത്താസ്ഥാനമായ സൊസൈറ്റികുടിയിലേക്ക് കോൺക്രീറ്റ് റോഡ് നിർമാണം ആരംഭിച്ചെങ്കിലും ഒരു വർഷമായി നിർമാണം നിലച്ചിരിക്കുകയാണ്. നിർമാണത്തിനുള്ള സാമഗ്രഹികൾ എത്തിക്കാനുള്ള ബുദ്ധിമുട്ടും നിർമാണപ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമാകുന്നു. നാല് കിലോമീറ്റർ ദൂരത്തെ പണികളാണ് നിലവിൽ ഏകദേശം പൂർത്തിയായത്. ടെൻഡർ നടപടികൾ പൂർത്തിയാകത്തതുമൂലവും നിർമാണം വൈകുന്നുണ്ട്.
റോഡ് നിർമാണം 12 കിലോമീറ്റർ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചാൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കാൻ സാധിക്കുമെന്ന് നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോഹൻദാസ് പറയുന്നു. മൺറോഡ് വെട്ടിയാൽ വനംവകുപ്പ് കേസെടുക്കുന്ന സ്ഥിതിയുമുണ്ട്. ഇത്തരത്തിൽ പഞ്ചായത്തിനെതിരെത്തന്നെ വനംവകുപ്പ് എടുത്ത കേസും നിലവിലുണ്ട്. അതേസമയം, മൺറോഡ് ഒരു ആശ്വാസമാണെങ്കിലും മഴക്കാലമായാൽ ഈ റോഡ് ഉപയോഗിക്കാൻ സാധിക്കില്ല. ചെളി നിറഞ്ഞ റോഡിലൂടെ വാഹനഗതാഗതം സാധ്യമല്ല. ഇത്തരത്തിൽ മഴക്കാലത്ത് പൂർണ്ണമായും ചില കുടികൾ ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്.
റോഡ് നിർമാണം പൂർത്തിയായാൽ ആരോഗ്യരംഗത്തെ പ്രശ്നങ്ങളും പരിഹരിക്കാം
'ആദ്യമൊന്നും ആശുപത്രിയിലേക്ക് അധികം ആൾക്കാർ വരുന്നുണ്ടായിരുന്നില്ല. ആൾക്കാരിലേക്ക് എത്താൻ വേണ്ടി മെഡിക്കൽ ക്യാമ്പുകൾ നടത്തി. പ്രദേശവാസികൾ നമ്മളിലേക്ക് എത്തില്ലെങ്കിലും നമ്മൾ ഇവരിലേക്ക് എത്തുന്ന ഒരു പ്രക്രിയയാണ് നമ്മൾ നടത്തിക്കൊണ്ടിരുന്നത്.' മൂന്നുവർഷമായി കുടിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന സഹിൽ രവീന്ദ്രൻ പറയുന്നു. പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെയാണ് ഓരോരുത്തരുടെയും അസുഖങ്ങളെ കുറിച്ചും ജീവിതശൈലി രോഗങ്ങളെ കുറിച്ചും ഗർഭിണികളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കിടപ്പുരോഗികളുടെ ആരോഗ്യസ്ഥിതിയുമെല്ലാം മനസ്സിലാക്കുന്നതിനും വേണ്ട ചികിത്സ ലഭ്യമാക്കുന്നതിനും സാധിച്ചത്. നിലവിൽ പഞ്ചായത്ത് മുഖാന്തിരം കിടപ്പുരോഗികളെ ചികിത്സിക്കുന്നതിന് ഒരു നഴ്സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പഞ്ചായത്തിൽ ഒരു ലാബും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ലാബ് ടെക്നീഷ്യന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ആശുപത്രിയിലേക്ക് എത്തുന്ന ആൾക്കാരുടെ എണ്ണം കൂടുന്നുണ്ടെന്ന് ഡോക്ടർ പറയുന്നു. ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പുറത്തേ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നുണ്ട്. എന്നാൽ, റോഡിന്റെ അവസ്ഥയാണ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് സമയബന്ധിതമായി എത്തിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പല എമർജൻസി കേസുകളിലും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ സാധിക്കാത്ത സ്ഥിതി ഉണ്ടാകാറുണ്ട്. ആംബുലൻസ് സേവനം ലഭ്യമാക്കുന്നുണ്ടെങ്കിലും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്.
സിഎസ്ആർ ഫണ്ട് മുഖാന്തിരവും കുടിയിലേക്ക് ആംബുലൻസ് എത്തിച്ചിരുന്നു. എന്നാൽ റോഡ് മോശമായതിനാൽ ഇതിനും കേടുപാടുകൾ സംഭവിച്ചു. റോഡ് നന്നായാൽ മാത്രമേ ആംബുലൻസ് സേവനവും ഉദ്ദേശിക്കുന്ന വിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. കൂടല്ലാർക്കുടിയിലേക്കൊന്നും വാഹനമെത്തില്ല. നടവഴി മാത്രമേ ഉള്ളൂ. വഴി പ്രശ്നം പരിഹരിക്കാനായാൽ ഇടമലക്കുടിയുടെ 90 ശതമാനം പ്രശ്നവും പരഹരിക്കാൻ കഴിയും. ഡോക്ടർ പറയുന്നു.
ആരോഗ്യ ഉപകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ഇടമലക്കുടിയുടെ ആരോഗ്യമേഖലയ്ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലേക്ക് എത്തിപ്പെടാൻ പറ്റിയില്ലെങ്കിൽ പോലും ഇത്തരം ആരോഗ്യ ഉപകേന്ദ്രങ്ങളിൽ ചികിത്സ ലഭ്യമാകും. പനി ഉൾപ്പെടെ ചികിത്സിക്കുന്നതിനും അവസ്ഥ ഗുരുതരമാകുന്നതിന് മുമ്പ് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും ഇത് സഹായകരമാകും. രോഗങ്ങളുടെ ഔട്ട് ബ്രേക്കുകൾ ഉണ്ടായാൽ അതിവേഗം തിരിച്ചറിയുന്നതിനുൾപ്പെടെ ഉപകേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. ഗർഭിണികൾ, നവജാതശിശുക്കൾ തുടങ്ങിയവർക്ക് നിശ്ചിതസമയങ്ങളിൽ പരിശോധനകൾ ആവശ്യമാണ്.
നിലവിലെ സാഹചര്യത്തിൽ ഓരോ സെറ്റിൽമെന്റിലും അല്ലെങ്കിൽ നിശ്ചിത ദൂരപരിധിയിൽ ഇടമലക്കുടിയിൽ ആരോഗ്യഉപകേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയുകയാണെങ്കിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകരമാകും. അംഗണവാടികളും കുറേക്കൂടി ആക്ടീവ് ആകേണ്ടതുണ്ട്. കുട്ടികൾക്കുള്ള കുത്തിവെപ്പുകൾ, പോഷകാഹാരം ഉറപ്പുവരുത്തൽ മുതലായവ അംഗണവാടികളുടെ കൃത്യമായ പ്രവർത്തനത്തിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.
നിലവിൽ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്പെഷ്യാലിറ്റി ഡോക്ടർമാരെ കുടിയിലെത്തിച്ച് മെഡിക്കൽ പരിശോധന ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്പെഷ്യലിറ്റി ടു ദ റിമോട്ടാണ് ലക്ഷ്യം. നേത്ര ഡോക്ടറുടെ സേവനം ഇത്തരത്തിൽ ലഭ്യമാക്കിയിരുന്നു. ടിബി ക്യാമ്പും നടത്തിയിരുന്നു. പോർട്ടബിൾ എക്സ് റേ മെഷീൻ അടക്കം കൊണ്ടുവന്നിട്ടാണ് ക്യാമ്പ് നടത്തിയത്. വരും മാസങ്ങളിൽ ഗൈനക്കോളജി വിഭാഗം, പീഡിയാട്രിക് വിഭാഗം തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും. എന്നാൽ ഇതിനെല്ലാം ആവശ്യമായ എക്യുപ്മെന്റ്സ് കുടിയിലേക്ക് എത്തിക്കുന്നത് ശ്രമകരമാണ്. റോഡ് നിർമാണം പൂർത്തിയായാൽ മാത്രമേ ഇത് സുഗമമാകുകയുള്ളൂ. ഡോക്ടർ കൂട്ടിച്ചേർത്തു.
വനിതാ ജീവനക്കാരില്ലാത്തത് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതോടെ ചികിത്സ തേടിയെത്തുന്ന സ്ത്രീകൾ ദുരിതത്തിലായിരിക്കുകയാണ്. തുടക്കത്തിൽ ഇവിടെ ഒരു വനിതാ നഴ്സിനെ സ്ഥിരമായി നിയമിച്ചിരുന്നു. എന്നാൽ, ഇവർ ദീർഘനാളത്തെ അവധിയിൽ പോയതോടെ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഗർഭിണികൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ ആശ്രയിക്കുന്ന ആശുപത്രിയിൽ വനിതാ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഉദ്യോഗസ്ഥമാറ്റം, ഓഴിവുകൾ നികത്താനുള്ള താമസം
കഴിഞ്ഞ സാമ്പത്തിക വർഷം പഞ്ചായത്തിന്റെ 40 ശതമാനം ഫണ്ടും റോഡ് നിർമ്മാണത്തിനാണ് നീക്കി വെച്ചത്. വനംവകുപ്പിന്റെ എൻ.ഒ.സി ലഭിക്കാത്തതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത്. മാത്രമല്ല കഴിഞ്ഞ രണ്ട് വർഷമായി പഞ്ചായത്തിൽ എഇയുടെ സേവനവും ലഭിക്കുന്നില്ല. ഇതുമൂലം ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്നതിനോ എൻഓസി ലഭ്യമാക്കുന്നതിനോ വലിയ തടസ്സമാണ് നേരിടുന്നത്. വട്ടവട പഞ്ചായത്തിലെ എ.ഇക്കായിരുന്നു ഇടക്കാലത്ത് ഇടമലക്കുടിയുടെ ചുമതലയും നൽകിയിരുന്നത്. എന്നാൽ, ദൂരപരിധി ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് അനുകൂല സാഹചര്യമായിരുന്നില്ല.
ഈ രണ്ടു വർഷത്തിനിടയിൽ ഇടയ്ക്ക് മൂന്ന് മാസത്തേക്ക് ഒരു എ.ഇയുടെ സേവനം ലഭിച്ചതിനെ തുടർന്ന് പാലത്തിന്റെ സർവേ നടപടികൾ പൂർത്തിയാക്കി മൂന്ന് പ്രോജക്ടുകളുടെ ടെൻഡർ നടപടികളിലേക്ക് നീങ്ങിയിരുന്നെങ്കിലും പെട്ടെന്ന് തന്നെ അദ്ദേഹത്തെ സ്ഥലം മാറ്റിയതിനെ തുടർന്ന് നടപടികൾ പാതിവഴിയിൽ നിലച്ചു. നാലു വർഷത്തിനിടയിൽ നാല് സെക്രട്ടറിമാരാണ് പഞ്ചായത്തിൽ മാറിമാറി വന്നത്. അസിസ്റ്റന്റ് സെക്രട്ടറിമാരുടെ അവസ്ഥയും ഇതുതന്നെയാണ്. ഇക്കാലയാളവിൽ മാറിവന്നത് ഏഴ് അസിസ്റ്റന്റ് സെക്രട്ടറിമാരാണ്.
ഓരോ ഒഴിവും നികത്താൻ കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കാറുണ്ട്. ഈ കാലയാളവിൽ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റും. മാത്രമല്ല, പുതുതായി എത്തുന്ന ഉദ്യോഗസ്ഥർ പഞ്ചായത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും മനസ്സിലാക്കി വരുമ്പോഴേക്കും ഇവരും സ്ഥലംമാറി പോകുന്ന സ്ഥിതിയാണുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻദാസ് പറയുന്നു.
വനംവകുപ്പ് എൻഓസി നൽകില്ല, എന്ന് മാറും ഈ കുരുക്കുകൾ
വനംവകുപ്പിൽ നിന്നും എൻ.ഒ.സി ലഭിക്കാത്തതാണ് വികസനപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നത്. റോഡ് നിർമാണത്തിനും വൈദ്യുതി ലൈൻ വലിക്കുന്നതിനും തുടങ്ങി ഏതൊരു നിർമാണ പ്രവർത്തനത്തിനും വനംവകുപ്പ് എൻഓസി ആവശ്യമാണ്.
കലങ്ങളോളം വനംവകുപ്പ് ഓഫീസ് കയറിയിറങ്ങിയാൽ മാത്രമാണ് ഇതിന് അനുമതി ലഭിക്കുന്നതെന്നും നിയമത്തിലെ നൂലാമാലകൾ പരിഹരിക്കപ്പെടണമെന്നുമാണ് ഇവരുടെ ആവശ്യം. ബന്ധപ്പെട്ട അധികൃതരെ കാലകാലങ്ങളിൽ വിഷയം ധരിപ്പിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉതകുന്ന നടപടികൾ ഇല്ലെന്നാണ് ജനപ്രതിനിധികളടക്കം പറയുന്നത്.
നാലാംക്ലാസ് വരെ പഠനം ഇടമലക്കുടിയിൽ
സൊസൈറ്റികുടിയിൽ പ്രവർത്തിക്കുന്ന ഗവ.ട്രൈബൽ എൽ.പി.സ്‌കൂളാണ് കുടികളിലെ ഏക വിദ്യാലയം. നാലാംക്ലാസ്സ് വരെയുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. തുടർന്ന് ഇവിടുത്തെ കുട്ടികൾ മൂന്നാർ, അടിമാലി മേഖലകളിലെ സർക്കാർ ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠിക്കുന്നത്. 10 വയസിൽ തന്നെ കുടിയിൽ നിന്ന് മാറിനിൽക്കേണ്ടിവരുമ്പോൾ ആദ്യകാലങ്ങളിൽ കുട്ടികൾക്ക് പ്രയാസമുണ്ടെങ്കിലും പിന്നീട് കുട്ടികൾ ഇതുമായി പൊരുത്തപ്പെടുന്നു.
വൈദ്യുതിയും നെറ്റ്‌വർക്കും
ആകെയുള്ള 26 സെറ്റിൽമെന്റുകളിൽ നാലു സെറ്റിൽമെന്റുകളിൽ മാത്രമാണ് വൈദ്യുതി ഉള്ളത്. ഇതിൽ മൂന്ന് കുടികളിലാണ് വൈദ്യുതി പൂർണ്ണമായും എത്തിക്കാൻ സാധിച്ചിട്ടുള്ളത്. മൊബൈൽ റേഞ്ച് ആകട്ടെ, പഞ്ചായത്താസ്ഥാനമായ സൊസൈറ്റി കുടിയിൽ മാത്രം. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കണമെന്ന ലക്ഷ്യത്തോടെ ശ്രമങ്ങൾ നടത്തിയെങ്കിലും ടെൻഡർ എടുത്തവരുടെ അനാസ്ഥമൂലം അത് ഉദ്ദേശിച്ച പോലെ പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് മോഹൻദാസ് പറയുന്നു. വനം മേഖലയായതുകൊണ്ട് മണ്ണിനടിയിലൂടെ മാത്രമേ കറന്റ് ലൈൻ വലിക്കാൻ സാധിക്കുകയുള്ളൂ. ഇതിന് വനംവകുപ്പ് എൻഓസി ലഭിക്കണം.
വന്യമൃഗശല്യവും കൃഷിനാശവും
കൃഷിയാണ് എല്ലാവരുടെയും ഉപജീവനമാർഗം. വലിയ രീതിയിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൃഷി ഭൂമിയിൽനിന്ന് വന്യമൃഗശല്യം ഒഴിവാക്കുന്നതിനുള്ള ക്രിയാത്മക നടപടികൾ വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
ഇടമലക്കുടിക്ക് വേണ്ടത് പ്രത്യേക പരിഗണനയാണ്. ഒരു പഞ്ചായത്ത് ആയി രൂപികൃതമായതിന് പിന്നാലെ നിരവധി മാറ്റങ്ങൾ സംഭവിച്ചെങ്കിലും കഠിനപാത പിന്നിടാൻ ഇനിയും കടമ്പകളേറെയാണ്. മറ്റൊരു തദ്ദേശതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ചർച്ച ചെയ്യപ്പെടുന്നതും ഈ വിഷയങ്ങളാണ്. പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചലും പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കാത്ത അവസ്ഥകൾക്ക് മാറ്റം വരേണ്ടതായുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃത്യമായ കൂടിയാലോചനകളിലൂടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത് അനിവാര്യമാണ്. വരും കാലങ്ങളിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമുള്ളത്.
Content Highlights: Explore the development struggles and aspirations of Idalamakkudy, Kerala`s unique tribal panchayat. Discover the challenges and hopes for its future.
Published: 26 Nov 2025, 09:57 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented