മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഇ.എം. അഗസ്തി ജനവിധി തേടുന്നതിനാൽ ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഒന്നായി കട്ടപ്പന നഗരസഭ. 22-ാം വാർഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഗസ്തി എൽഡിഎഫിന്റെ എം.എം. മണിയോട് പരാജയപ്പെട്ടിരുന്നു.

To advertise here,

അപ്രതീക്ഷിതമായായിരുന്നു നഗരസഭയിലേക്കുള്ള അഗസ്തിയുടെ പ്രവേശനം. പത്രിക സമർപ്പിക്കുംവരെ കോൺഗ്രസിനുള്ളിൽ കലാപവും അതൃപ്തിയും പ്രകടമായിരുന്നു. ഐ ഗ്രൂപ്പിലെ ഒരുവിഭാഗവും എ ഗ്രൂപ്പും കെ.സി. വേണുഗോപാൽ പക്ഷവും അഗസ്തിയെ സ്ഥാനാർഥിയാക്കുന്നതിനും നേതൃത്വത്തിേലക്ക് കൊണ്ടുവരുന്നതിനെയും എതിർത്തു. വിവിധ വിഭാഗങ്ങൾ സ്ഥാനാർഥിത്വം വെട്ടാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

അധ്യക്ഷ സ്ഥാനം ജനറൽ

കട്ടപ്പന നഗരസഭ ആയതിന് ശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ആദ്യ വർഷം അധ്യക്ഷ സ്ഥാനം ജനറലായിരുന്നു. ജോണി കുളംപള്ളിയായിരുന്നു പ്രഥമ അധ്യക്ഷൻ. മുന്നണി ധാരണപ്രകാരം ജോണി കുളംപള്ളി രാജിവെക്കുകയും കേരള കോൺഗ്രസി(എം)ലെ അഡ്വ. മനോജ് എം. തോമസ് ചെയർമാൻ ആകുകയും ചെയ്തു. പിന്നീട് ജോയി വെട്ടിക്കുഴിയും അധ്യക്ഷ സ്ഥാനത്തെത്തി. 2020-ൽ വനിതാ സംവരണമായിരുന്നു. മുന്നണി ധാരണപ്രകാരം ആദ്യ ടേമിൽ ബീന ജോബിയും രണ്ടാം തവണ ഷൈനി സണ്ണിയും മൂന്നാമത്തെ ടേമിൽ ബീന ടോമിയും അധ്യക്ഷ സ്ഥാനത്തെത്തി.

ഇത്തവണ അധ്യക്ഷ സ്ഥാനം ജനറൽ‍ ആണ്. എ ഗ്രൂപ്പിലെ ജോയി വെട്ടിക്കുഴിയായിരുന്നു നഗരസഭാധ്യക്ഷനാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. ഇത് തടയാനാണ് അഗസ്തിയെ രംഗത്ത് ഇറക്കുന്നതെന്ന് ആരോപിച്ച് എ ഗ്രൂപ്പ് സ്ഥാനാർഥിത്വത്തെ എതിർത്തു. അഗസ്തി നഗരത്തിൽ പൊതുസമ്മതനല്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ അഗസ്തിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയാകുമെന്നും കെ.സി. പക്ഷവും ആരോപിച്ചു. അഗസ്തി പ്രതിനിധാനം ചെയ്യുന്ന ഐ ഗ്രൂപ്പിൽ നിന്നുപോലും സ്ഥാനാർഥിത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, വിമർശനങ്ങൾക്കിടയിലും അഗസ്തിയെ ഇരുപതേക്കറിൽനിന്നു മത്സരിപ്പിക്കാൻ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

പഞ്ച് ചലഞ്ചിൽ തല മൊട്ടയടിച്ച അഗസ്തി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഒന്നാകെ ചർച്ച ചെയ്ത മണ്ഡലങ്ങളിലൊന്നായിരുന്നു ഉടുമ്പൻചോല. മുൻ വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണിയായിരുന്നു ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്ഥാനാർഥി. പ്രതിരോധിക്കാൻ മുതിർന്ന നേതാവ് ഇ.എം. അഗസ്തിയെ കോൺഗ്രസ് കളത്തിലിറക്കി. 20,000-ത്തിന് മുകളിൽ ഭൂരിപക്ഷം നേടി എം.എം. മണി വിജയിക്കുമെന്ന ഒരു സർവേയുണ്ടായിരുന്നു. പോരാട്ടം കടുത്തപ്പോൾ ആവേശം കൂട്ടി അഗസ്തിയുടെ പഞ്ച് ചലഞ്ചുമെത്തി. ഉടുമ്പൻചോലയിൽ മണി ജയിച്ചാൽ തല മൊട്ടയടിക്കുമെന്നായിരുന്നു അഗസ്തിയുടെ ചലഞ്ച്. തിരഞ്ഞെടുപ്പിൽ 30,000-ത്തിൽ പരം വോട്ടുകൾക്ക് എം.എം. മണി ജയിച്ചു. പിന്നാലെ അഗസ്തി മൊട്ടയടിച്ചു. തിരഞ്ഞെടുപ്പിനെ ഒരു മത്സരമായി കണ്ടാൽ മതിയെന്നും അഗസ്തി മൊട്ടയടിക്കാൻ മുതിരരുതെന്നും എം.എം. മണി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വാക്കുകൾ പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ട് വേളാങ്കണ്ണിയിലെത്തി അഗസ്തി തല മൊട്ടയടിക്കുകയുമായിരുന്നു.

നഗരസഭയായതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു കട്ടപ്പനയിൽ വിജയം. ഇത്തവണ യുഡിഎഫിനുള്ളിലെ ഗ്രൂപ്പ് പോര് മുതലെടുത്ത് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അഗസ്തിക്കെതിരെ ഇടതുപക്ഷ സ്ഥാനാർഥി സി.ആർ. മുരളിയാണ്. സി.പി.എം. ലോക്കൽ കമ്മറ്റി സെക്രട്ടറിയായ സി.ആർ. മുരളി ജനകീയ നേതാവായിട്ടാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തെ മുൻനിർത്തി മുൻ എംഎൽഎ കൂടിയായ അഗസ്തിയെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനാർഥിത്വം ഉൾപ്പെടെ ചോദ്യം ചെയ്യുകയാണ് ഇടതുപക്ഷ ലക്ഷ്യം.

വിമതനീക്കം കോൺഗ്രസിന് വെല്ലുവിളി ആകുമോ?

കട്ടപ്പനയിൽ നാല്‌ വാർഡുകളിൽ വിമതർ മത്സരിക്കുന്നത് കോൺഗ്രസിന് തലവേദനയാകും. ആറാം വാർഡിൽ കോൺഗ്രസ് വിമതനായി റിന്റോ സെബാസ്റ്റ്യനും 31-ാം വാർഡിൽ മുൻ നഗരസഭാധ്യക്ഷ ബീന ജോബിയും 33-ാം വാർഡിൽ ജോബി സ്റ്റീഫനും വിമതരായി മത്സരിക്കുന്നു. വിമതരെല്ലാം കൈപ്പത്തിയോട് സാദൃശ്യം തോന്നുന്ന ബൾബ് ചിഹ്നത്തിലുമാണ് രംഗത്തുള്ളത്.

കട്ടപ്പന നഗരസഭാ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥികളായി മത്സരിക്കുന്നവർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടികളിലേക്കും നീങ്ങി. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറൽ സെക്രട്ടറി ഷമേജ് കെ. ജോർജ്, മണ്ഡലം സെക്രട്ടറി റിന്റോ സെബാസ്റ്റ്യൻ, മണ്ഡലം സെക്രട്ടറി ജിജി ചേലക്കാട്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബീന ജോബി, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു എന്നിവരെ ഡിസിസി പ്രസിഡൻറ് പുറത്താക്കി.