വണ്ണപ്പുറം: ഇടുക്കി വണ്ണപ്പുറത്ത് സിപിഎം സ്ഥാനാര്‍ഥി അങ്കണവാടി ജീവനക്കാരിയെ അസഭ്യം പറഞ്ഞതായി പരാതി. വണ്ണപ്പുറം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മുള്ളങ്കുത്തിയിലെ സ്ഥാനാര്‍ഥി ലിജോ ജോസഫിനെതിരെയാണ് ആരോപണം. വോട്ട് അഭ്യര്‍ഥിക്കാനെത്തിയ സ്ഥാനാര്‍ഥി അസഭ്യം പറയുകയും വര്‍ഗീയവാദി എന്ന് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

To advertise here,

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. മുള്ളങ്കുത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ലിജോ ജോസഫ്. ഈ വാര്‍ഡില്‍പ്പെട്ട മുള്ളങ്കുത്തി അങ്കണവാടിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇതേ വാര്‍ഡില്‍ താമസിക്കുന്ന കാളിയാര്‍ കൈനിക്കല്‍ നബീസയാണ് ആക്ഷേപത്തിനിരയായത്.

നബീസ മുള്ളങ്കുത്തിയിലുള്ള സ്ഥലം വിറ്റ് പെരുമ്പിള്ളിചിറയിലേയ്ക്ക് താമസം മാറിയിരുന്നു. അതിനാല്‍ അവരുടെ വോട്ട് മുള്ളങ്കുത്തിയില്‍നിന്ന് നീക്കം ചെയ്യാന്‍ പരാതി നല്‍കിയതായി ലിജോയ്‌ക്കെതിരെ ആക്ഷേപമുണ്ട്. എന്നാല്‍, സ്ഥലം വിറ്റെങ്കിലും ആധാരം നടത്തുന്നതുള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് നബീസ പറയുന്നു. വോട്ട് നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് ലിജോയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

അങ്കണവാടിയില്‍ കുട്ടികളുടെ മുന്‍പില്‍വെച്ചാണ് ലിജോ പ്രശ്‌നമുണ്ടാക്കിയതെന്നും സംഭവം കണ്ട് കുട്ടികള്‍ ഭയന്നുവെന്നും അങ്കണവാടി ജീവനക്കാര്‍ പറയുന്നു. നബീസ കാളിയാര്‍ പോലീസില്‍ പരാതി നല്‍കി.

വോട്ടഭ്യര്‍ഥിച്ചെത്തിയ സ്ഥാനാര്‍ഥിയോട്, ഇയാള്‍ എന്റെ വോട്ട് വെട്ടിയില്ലേ എന്നും ഇയാള്‍ വെറുത നടക്കുന്നതാണ് വിജയിക്കുകയില്ല എന്നും നബീസ പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് സിപിഎം വണ്ണപ്പുറം ലോക്കല്‍ സെക്രട്ടറി പറഞ്ഞു. നബീസയുടെ വാക്കുകളാണ് ലിജോയെ പ്രകോപിപ്പിച്ചതെന്നും, അയാള്‍ പ്രതികരിച്ചുവെന്നത് ശരിയാണെങ്കിലും അസഭ്യം പറഞ്ഞു എന്നത് വാസ്തവവിരുദ്ധമാണെന്നും ലോക്കല്‍ സെക്രട്ടറി പറഞ്ഞു.