കടുങ്ങല്ലൂർ: സ്ത്രീസംവരണമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും മഹത്ത്വമായി കാണുന്നത്. അതുകൊണ്ട് ഭരണസംവിധാനങ്ങളിൽ സ്ത്രീയുടെ ശബ്ദം ഉയർന്നുകേൾക്കാൻ കഴിയുന്നുണ്ട്. സ്ത്രീകൾ ശബ്ദിച്ചാലേ അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് അത് സമൂഹമേറ്റെടുക്കുകയുള്ളൂ.

To advertise here,

താഴേത്തട്ടിൽ ഉയരുന്ന സ്ത്രീശബ്ദം പാർലമെന്റുവരെ എത്തുവാൻ കഴിയുന്നവിധം മുഴുവൻ ഭരണസംവിധാനങ്ങളിലും ഈ സംവരണം നടപ്പാക്കണം- എഴുത്തുകാരൻ സേതു പറയുന്നു.

സ്ത്രീയും പരിസ്ഥിതിയുമാണ് സേതുവിന്റെ എഴുത്തുകളിൽ പലപ്പോഴും വിഷയങ്ങളായി വരാറുള്ളത്. അതുപോലെതന്നെ ജീവിതത്തിലും ആ നിലപാട് രാഷ്ട്രീയംപോലെതന്നെ മുറുകെ പിടിച്ചാണ് ഈ എഴുത്തുകാരൻ മുന്നോട്ടുപോകുന്നത്.

തിരഞ്ഞെടുക്കപ്പെടുന്നവർ പരിസ്ഥിതിയുടെ സംരക്ഷകരായി മാറിയാൽ അത് സമൂഹമേറ്റെടുക്കും. പഴയകാലത്തെ പഞ്ചായത്തംഗങ്ങളേക്കാൾ അധികാരമുള്ളവരാണ് ഇപ്പോൾ തിരഞ്ഞെടുക്കപ്പെടുന്നവർ. അധികാരവികേന്ദ്രീകരണം കൂടുതൽ ചുമതലകളാണ് അവർക്ക് നൽകിയിരിക്കുന്നതെന്ന് അവർ സ്വയം മനസ്സിലാക്കണം.

അല്ലാതെ സ്വന്തം രാഷ്ട്രീയതാത്പര്യം മാത്രമായി മുന്നോട്ടുപോകരുതെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ രാഷ്ടീയം ജനപക്ഷരാഷ്ട്രീയമാണ്. നല്ല നിലപാടുകൾ ആരെടുത്താലും അതിന് മാനസികമായി പിന്തുണ നൽകുന്നതാണ് രീതി. രാഷ്ട്രീയപരമായി എഴുതാറില്ല. എന്നാലതിനെ അരാഷ്ട്രീയതയായി കാണേണ്ടതില്ല-സേതു പറഞ്ഞു.