അങ്കമാലി: പിതാവിന്റെ പിൻതുടർച്ചക്കാരിയായി മത്സരരംഗത്ത് എത്തി ഒടുവിൽ 25 വർഷം തുടർച്ചയായി അങ്കമാലി നഗരസഭാ കൗൺസിലറായി ചരിത്രം കുറിച്ചിരിക്കുകയാണ് റീത്താ പോൾ. യാദൃച്ഛികമായി മത്സരരംഗത്ത് എത്തി അഞ്ചുവട്ടം തുടർച്ചയായി വിജയിച്ച റീത്താ പോൾ ഇക്കുറി ആറാം അങ്കത്തിനും രംഗത്തുണ്ട്. സ്വാതന്ത്ര്യസമര സേനാനി ജോർജ് പള്ളിപ്പാട്ടിന്റെ മകളാണ് റീത്താ പോൾ. ജോർജ് 20 വർഷം തുടർച്ചയായി പഞ്ചായത്തംഗമായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

To advertise here,

സ്ത്രീസംവരണം ഏർപ്പെടുത്തിയതോടെ രണ്ടായിരത്തിൽ അങ്കമാലി നഗരസഭ അഞ്ചാം വാർഡിൽ കോൺഗ്രസ് കണ്ടെത്തിയ സ്ഥാനാർഥിയാണ് റീത്താ പോൾ. കോൺഗ്രസ് പാരമ്പര്യമുള്ള വീട്ടിൽനിന്നുള്ള ആളായിരിക്കണം സ്ഥാനാർഥി എന്ന് തീരുമാനിച്ചതോടെ റീത്താ പോളിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.

മൂന്നുവട്ടം അഞ്ചാം വാർഡിൽനിന്ന് വിജയിച്ചു കയറിയ റീത്ത രണ്ടുവട്ടം ആറാം വാർഡിന്റെ പ്രതിനിധിയുമായി. ഇക്കുറി അഞ്ചാം വാർഡിൽ ജനറൽ സീറ്റിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാൽ, ഏഴാം വാർഡിലേക്ക്‌ നിശ്ചയിച്ചിരുന്ന സ്ഥാനാർഥി മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ റീത്തയെ ഏഴാം വാർഡിലേക്ക്‌ പരിഗണിച്ചു.

ആറാം വട്ടവും വിജയിച്ചുകയറാനാകുമെന്ന ആത്മവിശ്വാസത്തിലാണ് റീത്ത. 25 വർഷം നഗരസഭാ കൗൺസിലിറായ റീത്ത ഇക്കാലയളവിനുള്ളിൽ വൈസ് ചെയർപേഴ്‌സൺ, ആരോഗ്യ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ, പ്രതിപക്ഷ നേതാവ്, ജില്ലാ പ്ലാനിങ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

പിതാവിന്റെ നല്ല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ജനങ്ങൾ തന്നെ 25 വർഷക്കാലം നഗരസഭാ കൗൺസിലറാക്കിയതെന്നാണ് റീത്ത പറയുന്നത്. ഭർത്താവ്: നേവൽബേസ് റിട്ട. ജൂനിയർ ഡിസൈനർ ഓഫീസർ പോൾ പാലാട്ടി. മക്കൾ: നിഖിൽ പോൾ (മെക്കാനിക്കൽ എൻജിനിയർ), ഡോ. ജിലോട്ട് പോൾ.