കാക്കനാട്: തദ്ദേശ ജനപ്രതിനിധികളുടെ ചുമതലകൾ എന്തൊക്കെയാണ്? ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ വ്യത്യസ്ത അധികാരങ്ങളും ചുമതലകളും പഞ്ചായത്ത്‌രാജ് ആക്ടിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്.

To advertise here,

ഗ്രാമപ്പഞ്ചായത്ത്

ആസ്തികളുടെ സംരക്ഷണം, ആരോഗ്യം, പാർപ്പിടം, ലൈസൻസുകളും പെർമിറ്റുകളും നൽകൽ, കൃഷി, ശുദ്ധജല വിതരണം, തെരുവുവിളക്കുകൾ, പട്ടികവിഭാഗങ്ങളുടെ ക്ഷേമം, റോഡുകളുടെ നിർമാണവും പരിപാലനവും തുടങ്ങി 27 അനിവാര്യ ചുമതലകൾ.

കീഴിലുള്ളസ്ഥാപനങ്ങൾ

എൽപി സ്കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കൃഷിഭവൻ, മത്സ്യഭവൻ

ഫണ്ടുകൾ

സംസ്ഥാന സർക്കാരിന്റെ വികസനഫണ്ട്, ആസ്തി വികസനഫണ്ട്, ധനകാര്യ കമ്മിഷൻ ഗ്രാന്റ്, പൊതു ആവശ്യ ഗ്രാന്റ്, തനതുഫണ്ട് (വിവിധ നികുതികൾ, കെട്ടിടങ്ങളിൽ നിന്നുള്ള വരുമാനം). തൊഴിലുറപ്പ് പദ്ധതി ഫണ്ട് (ശരിയായ ആസൂത്രണമുണ്ടെങ്കിൽ പഞ്ചായത്തുകളുടെ ആകെ വാർഷിക പദ്ധതിയേക്കാൾ കൂടുതൽ തുക തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനായി നേടിയെടുക്കാനാകും.

ബ്ലോക്ക്പഞ്ചായത്ത്

തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഒഴികെയുള്ള കേന്ദ്ര ഫണ്ടുകൾ പഞ്ചായത്തുകൾക്ക് നൽകുന്നത് ബ്ലോക്ക് പഞ്ചായത്തുകൾ വഴി. കേന്ദ്രത്തിന്റെ പാർപ്പിട, റോഡുനിർമാണ പദ്ധതികൾ, ഐസിഡിഎസ് വഴിയുള്ള ശിശുക്ഷേമപദ്ധതികൾ, തൊഴിൽസംരംഭങ്ങൾ ആരംഭിക്കൽ, പട്ടികവിഭാഗങ്ങളുടെ ക്ഷേമം, 5 മീറ്റർ വരെ വീതിയുള്ള റോഡുകളുടെ നിർമാണവും പരിപാലനവും, ഗ്രാമപ്പഞ്ചായത്തിന് ഏറ്റെടുക്കാൻ കഴിയാത്ത വലിയ റോഡ്, ശുദ്ധജല പദ്ധതികൾ

സ്ഥാപനങ്ങൾ

യുപി സ്കൂളുകൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കൃഷി അസി. ഡയറക്ടറുടെ ഓഫീസ്, താലൂക്ക് മത്സ്യഭവൻ

ഫണ്ടുകൾ

സംസ്ഥാന സർക്കാരിന്റെ വികസനഫണ്ട്, ആസ്തി വികസനഫണ്ട്, ധനകാര്യ കമ്മിഷൻ ഗ്രാന്റ്, പൊതു ആവശ്യ ഗ്രാന്റ്, വിവിധ കേന്ദ്രഫണ്ടുകൾ

ജില്ലാ പഞ്ചായത്ത്

ജില്ലയുടെ ആകെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുക. പഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയുള്ള വൻകിട പദ്ധതികളും നടപ്പാക്കും. ആരോഗ്യം, കൃഷി, ശുദ്ധജലം, റോഡ് സൗകര്യം, വിദ്യാഭ്യാസം, പാരമ്പര്യേതര ഊർജം, ദാരിദ്ര്യനിർമാജനം, പട്ടിക വിഭാഗങ്ങളുടെ ക്ഷേമം എന്നിവയാണ് പ്രധാന മേഖലകൾ. 8 മീറ്റർ വരെ വീതിയുള്ള റോഡുകളുടെ നിർമാണം

സ്ഥാപനങ്ങൾ

ഹൈസ്കൂളുകളും ഹയർ സെക്കൻഡറി സ്കൂളുകളും ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും കൃഷിവകുപ്പിന്റെ ജില്ലാതല ഫാമുകളും.

ഫണ്ടുകൾ

സംസ്ഥാന സർക്കാരിന്റെ വികസനഫണ്ട്, ആസ്തിവികസനഫണ്ട്, ധനകാര്യ കമ്മിഷൻ ഗ്രാന്റ്, പൊതു ആവശ്യ ഗ്രാന്റ്

നഗരസഭ, കോർപ്പറേഷൻ

നഗരസഭയും കോർപ്പറേഷനും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ കീഴിലല്ല. അതിനാൽ പഞ്ചായത്തുകൾക്കുള്ള ചുമതലകൾക്കു പുറമേ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയ്ക്കുള്ള അധികാരവും ചുമതലകളും കൂടി നഗരസഭകൾക്കും കോർപ്പറേഷനുമുണ്ട്.