ഓഗസ്റ്റ് ആറിന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽഡിഎഫ് പിന്തുണയിൽ പാസായിരുന്നു

പത്തനംതിട്ട: നറുക്കിന്റെ ഭാഗ്യത്തിൽ ബിജെപിക്ക് കിട്ടിയ നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ഭരണം ഒടുവിൽ വീണു. ബുധനാഴ്ച നടന്ന നാടകീയമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചുവപ്പ് കോട്ടയിൽ നിന്നൊരു വോട്ട് ചോർന്ന് നേരെ കോൺഗ്രസിന്റെ കൈകളിലെത്തി. എൽഡിഎഫിലെ ഷീജാമോൾ കൈ പൊക്കിയതോടെ 6+1=7 എന്ന മാന്ത്രിക സംഖ്യയിൽ യുഡിഎഫ് അധികാരം പിടിച്ചു.
നറുക്കെടുപ്പിന്റെ ഭാഗ്യത്തിൽ പ്രസിഡന്റ് കസേരയിൽ കയറിയ ബിജെപി അംഗം വി.ബി പ്രസാദിന്റെ കസേരയാണ് ഓഗസ്റ്റ് ആറിന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസക്കെണിയിൽ വീണത്.
അതോടെ നാരങ്ങാനം പഞ്ചായത്ത് ഹാൾ വീണ്ടും ഒരു രാഷ്ട്രീയ സിനിമയായി. ബുധനാഴ്ച രാവിലെ തിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ എല്ലാവരും കരുതിയത് 6-6-2 എന്ന സമനിലയിൽ വീണ്ടും നറുക്കെടുപ്പ് വരുമെന്നായിരുന്നു. എൽഡിഎഫ് വിട്ടുനിൽക്കും, വീണ്ടും നറുക്ക് വരും, വീണ്ടും ഭാഗ്യപരീക്ഷണം. യുഡിഎഫ് ആറ്, എൻഡിഎ ആറ്, എൽഡിഎഫ് രണ്ട് എന്നാണ് സീറ്റ് നില.
പക്ഷെ കണക്കുകൂട്ടലുകൾ തെറ്റി. ഹാളിന്റെ മൂലയിൽ ഇരുന്ന ഷീജാ മോൾ പതിയെ എഴുന്നേറ്റു. എൽഡിഎഫ് അംഗങ്ങളിൽ ഒരാൾ, തന്റെ പാർട്ടിയെ പോലും ഞെട്ടിച്ച് ത്രിവർണ്ണ കൊടിക്ക് ഒപ്പം കൈ പൊക്കി. ആ ഒറ്റ നിമിഷം ആറ് മാസം നീണ്ട ബിജെപി ഭരണത്തിന്റെ അവസാന നിമിഷം ഹാളിൽ നിശബ്ദത, പുറത്ത് ആരവം.
സിപിഎമ്മിന് ഞെട്ടൽ, നടപടി വരും: ഇത് പാർട്ടി തീരുമാനമല്ലെന്ന് സിപിഎം വ്യക്തമാക്കി. 'പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല ഷീജാമോൾ തീരുമാനം എടുത്തത്. സ്വന്തം താത്പര്യപ്രകാരമാണ് യുഡിഎഫിനെ പിന്തുണച്ചത്. നടപടി എടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും' - നാരങ്ങാനം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ.പി ഷിബു പറഞ്ഞു.
പ്രസാദിന്റെ പ്രതികരണം 'യുഡിഎഫും എൽഡിഎഫും ഒരേ തൂവൽ പക്ഷികൾ! ഒരു മാസത്തിനിടെ മൂന്നാം തവണയാണ് നാരങ്ങാനത്തുകാർ ഈ നാടകം കാണുന്നത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്' - പുറത്തായ പ്രസിഡന്റ് വി.ബി പ്രസാദ് ആഞ്ഞടിച്ചു.
കോൺഗ്രസിന്റെ മറുപടി: 'നാരങ്ങാനത്തുകാർക്ക് സുരക്ഷിത ഭരണം വേണം. അത് ബിജെപിയിൽ നിന്ന് കിട്ടില്ലെന്ന് എൽഡിഎഫിന് പോലും മനസിലായി. ഇത് ജനങ്ങളുടെ വിജയമാണ്' - കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ആർ രമേശ് തിരിച്ചടിച്ചു.
എന്തായാലും ഒരു കാര്യം ഉറപ്പ് - നാരങ്ങാനത്തെ ഈ കസേരക്കളി ഇവിടെ തീരുന്നില്ല. ആറ് മാസം മുൻപ് ബിജെപിയെ താഴെയിറക്കാൻ കൈകോർത്തവരാണ് ഇന്ന് ഒന്നിച്ചിരിക്കുന്നത്. അപ്പോൾ ആറ് മാസം കഴിയുമ്പോൾ ഇതേ എൽഡിഎഫ് വീണ്ടും കളം മാറ്റുമോ? ബിജെപിക്കൊപ്പം ചേർന്ന് യുഡിഎഫിനെ മറിച്ചിടുമോ?
ഒരൊറ്റ വോട്ടിൽ വിധി മാറുന്ന നാട്ടിൽ, ആറ് മാസം എന്നത് വലിയ കാലമാണ്.
Content Highlights: Congress captured the Naranganam Grama Panchayat presidency from the BJP in Pathanamthitta after LDF member Sheeja Mol voted for the UDF candidate, securing a 7-vote majority in the 14-member council.
Published: 02 Sept 2026, 12:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented