കൊച്ചി: വാണിജ്യനഗരം പിടിക്കുന്നതിന്റെ വലിയ കണക്കുകൾ അവതരിപ്പിക്കാൻ മുന്നണികൾക്ക് സാധിക്കുന്നില്ല. എത്രക്കണക്ക് കൂട്ടിയിട്ടും കേവല ഭൂരിപക്ഷത്തിനപ്പുറം വലിയഭൂരിപക്ഷം പറയാൻ മുന്നണികൾക്കാവുന്നില്ല. ചില വാർഡുകളിലുണ്ടായ അനിശ്ചിതത്വങ്ങളും ഇഞ്ചോടിഞ്ചുള്ള പോരാട്ടവും വലിയ മാർജിനിലുള്ള വിജയപ്രതീക്ഷകൾ ഇല്ലതാക്കിയിട്ടുണ്ട്.
ഒരുവിധത്തിൽ ഞെങ്ങിഞെരുങ്ങിയുള്ള കടന്നുകൂടലാണ് പോളിങ്‌ശേഷമുള്ള വിലയിരുത്തലിൽ കാണുന്നത്. ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന സ്ഥലങ്ങളിൽ തോൽക്കാനുള്ള സാധ്യതകളും തോക്കുമെന്ന പ്രതീക്ഷയിൽ എഴുതിത്തള്ളിയ ചിലയിടങ്ങിൽ വിജയവുമെല്ലാം സംഭവിച്ചേക്കാനിടയുണ്ടെന്ന് മുന്നണി നേതാക്കൾ പറയുന്നു.
ഇടതുമുന്നണിക്ക് പ്രതീക്ഷ
കൊച്ചി കോർപ്പറേഷനിൽ ഇടതുമുന്നണിക്ക് ശുഭപ്രതീക്ഷയാണ്. അതേസമയം വൻഭൂരിപക്ഷത്തിന്റെ കണക്ക് അവിടെയില്ല. നേരിയ ഭൂരിപക്ഷം. ഏറ്റവും കൂടിയാൽ നാല്പത് സീറ്റ്. കോർപ്പറേഷനിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ഇടതുപക്ഷത്തിന് വലിയ തൃപ്തിയാണുള്ളത്. ആദ്യംമുതൽ ജയിക്കാനുള്ള കരുനീക്കങ്ങൾ നടത്തിയെന്ന വിലയിരുത്തലാണ് ഇടതുപക്ഷത്തിനുള്ളത്.
സീറ്റ് വിഭജനം, സ്ഥാനാർഥിനിർണയം എന്നീ കടമ്പകൾ അനായാസം കടന്നതിന്റെ അനുകൂല ഊർജത്തിൽ ശക്തമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അത് ചില അട്ടിമറികൾ സൃഷ്ടിച്ചേക്കും. വൻഭൂരിപക്ഷത്തിന് കണക്കുകൾ ഇടതുപക്ഷത്തിന്റെ പക്കലില്ല. പഴയതുപോലെ താഴേത്തട്ടിൽ ഊഹംവെച്ചുള്ള ’കണക്കെഴുത്തിനെ’ സിപിഎം. പ്രോത്സാഹിപ്പിക്കുന്നുമില്ല.
ഇഞ്ചോടിഞ്ച് പൊരുതി നുകൂല സാഹചര്യങ്ങൾ മുഴുവൻ മുതലാക്കിയതിന്റെ കരകയറ്റമാണ് ഇടതുപക്ഷം കോർപ്പറേഷനിൽ പ്രതീക്ഷിക്കുന്നത്. ശത്രുപാളയത്തിലെ റിബലുകളിൽ അമിതവിശ്വാസം പുലർത്താനും ഇടതുപക്ഷം തയ്യാറായിട്ടില്ല.
പുതുവോട്ടുകളിൽ വിജയം ഉറപ്പിച്ച് യുഡിഎഫ്
കോർപ്പറേഷനിൽ പുതുതായി ചേർത്ത വോട്ടുകളുടെ ബലത്തിൽ ഇക്കുറി വിജയം ഉറപ്പിക്കുകയാണ് യുഡിഎഫ്. റിബലുകൾക്കൊപ്പം വോട്ടർമാർ പോയിട്ടില്ലെന്ന ആത്മവിശ്വാസവും നേതാക്കൾ പ്രകടിപ്പിക്കുന്നു. വലിയ ഭൂരിപക്ഷത്തിന്റെ കണക്കൊന്നുമില്ല. പുതുതായി ചേർത്ത വോട്ടുകൾ കൃത്യമായി ചെയ്യിക്കാൻ സാധിച്ചിട്ടുണ്ട്. അതിന്റെ ബലത്തിൽ നാല്പതു സീറ്റുവരെ ഉറപ്പിക്കുന്നുണ്ട്.
ഉള്ളസീറ്റു പോകുമോ?
കോർപ്പറേഷനിൽ നിലവിലെ അഞ്ചുസീറ്റ് സംരക്ഷിക്കാൻ ബിജെപിക്ക് കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു. രണ്ടുസീറ്റുകളിൽ അവർ അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുമ്പോൾ നിലവിലെ രണ്ടുസീറ്റ് കൈവിട്ടേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മുന്നണികൾതമ്മിൽ നേരിയ മാർജിൻ വ്യത്യാസമാണ് വരുന്നതെങ്കിൽ ഇക്കുറിയും നിർണായക റോൾ വഹിക്കാൻ ബിജെപിക്ക് കഴിഞ്ഞേക്കും.
ജില്ലാപഞ്ചായത്തിൽ യുഡിഎഫിന് തികഞ്ഞ വിശ്വാസം
ജില്ലയിലെ മൊത്തം പ്രകടനം വിലയിരുത്തുമ്പോൾ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാകുന്ന വിധത്തിലുള്ള പ്രാരംഭപ്രവർത്തനം നടന്നിട്ടുണ്ടെന്നാണ് യുഡിഎഫ് കാണുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ വലിയ ഭൂരിപക്ഷമാണ് മുന്നണി കണക്കൂകൂട്ടുന്നത്. നിലവിലെ പതിനാറുസീറ്റിൽനിന്ന് ഇരുപതിനുമുകളിൽവരെ എത്തിയേക്കാമെന്ന അമിത ആത്മവിശ്വാസവും നേതാക്കൾ പ്രകടിപ്പിക്കുന്നു. ചെറായി, കാലടി, ആലങ്ങാട്, കടുങ്ങല്ലൂർ ഡിവിഷനുകൾ പിടിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് വലിയ സ്വപ്നങ്ങൾ കാണുന്നത്.
ജില്ലാപഞ്ചായത്തിൽ ഭരണം പിടിക്കാനുള്ള വ്യക്തമായ കണക്കുകളൊന്നും ഇടതുപക്ഷത്തിന്റെ പക്കലില്ല. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്. പതിനഞ്ചുവരെ സീറ്റുകൾ ജില്ലാ പഞ്ചായത്തിൽ എത്തിയേക്കുമെന്ന പ്രതീക്ഷയാണ് നേതാക്കൾ പുലർത്തുന്നത്.
മുനിസിപ്പാലിറ്റികളിൽ പത്തെണ്ണംവരെ യുഡിഎഫിന്റെ കണക്കുപുസ്തകത്തിലുണ്ട്. ഏലൂർ മുൻസിപ്പാലിറ്റി തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷ. കളമശ്ശേരി പിടിക്കുന്നത് ഇടതുമുന്നണിയും സ്വപ്നം കാണുന്നുണ്ട്. തൃപ്പൂണിത്തുറ പ്രവചാനാതീതമായ അവസ്ഥയിലാണ്. മൂന്നുമുന്നണികളും സർവശക്തിയുമെടുത്ത് ഇറങ്ങിയത് തൃപ്പൂണിത്തുറയിൽ മാത്രമാണ്.
ബ്ലോക്കിൽ കൈയിലുള്ളത് ഉറപ്പിച്ച് എൽഡിഎഫ്
ബ്ലോക്ക് പഞ്ചായത്തിൽ നിലവിലെ ആറിൽനിന്ന് പത്തിലേക്കെത്തുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ഭരണംകൈയാളുന്ന ബ്ലോക്ക് പഞ്ചായത്തുകൾ കൈവിട്ടുപോകില്ലെന്ന വിശ്വാസമാണ് ഇടതുപക്ഷത്തിനുള്ളത്. ഗ്രാമപ്പഞ്ചായത്തുകളിൽ പൊതുവേയുള്ള യുഡിഎഫ് ചായ്‌വ്, ഇക്കുറി കൂടുതലായിരുന്നുവെന്നും അൻപതിനും അറുപതിനും ഇടയിൽ പഞ്ചായത്തുകൾ പിടിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറയുന്നുണ്ട്.
Content Highlights: Kochi Corporation elections point to a close contest. Leading fronts anticipate a narrow victory with no significant margin. Discover the latest predictions.
Published: 11 Dec 2025, 07:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented