കൊച്ചി: കൊച്ചി കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ് തൊടാതെ ഡിവിഷനുകൾ. പോളിങ് ശതമാനത്തിൽ ഇടിവ് ഉണ്ടായതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 കോവിഡ് കാലഘട്ടത്തിൽ രേഖപ്പെടുത്തിയ 62.01 എന്ന് പോളിങ് ശതമാനത്തിൽ നിന്നും 0.43 ശതമാനം മാത്രമാണ് ഇത്തവണ ഉയർന്നത്. നിലവിൽ ഒരു പ്രതിബന്ധങ്ങളും ഇല്ലാതിരുന്നിട്ടും 62.44 ആണ് പോളിങ്.

To advertise here,

വോട്ടർ പട്ടികയിലെ അപാകം പോളിങ്ങിനെ വലിയതോതിൽ ബാധിച്ചു. ഒരുവീട്ടിലെ മരിച്ചവർക്ക് വോട്ടുണ്ട്, എന്നാൽ ജീവിച്ചിരിക്കുന്നവർക്ക് ഇല്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. പലരുടെയും വോട്ടുകൾ വെട്ടിപ്പോയി. ചിലർക്ക് ഇരട്ടവോട്ടുകൾ, ഒരേ വീട്ടിൽ ഉൾപ്പെടുന്ന പലർക്കും പല ഡിവിഷനുകളിൽ വോട്ട്. ഇങ്ങനെ നീളുന്നു കാരണങ്ങൾ. അതിനുപുറമേയാണ് വോട്ട് ചെയ്യുന്നതിലെ താത്പര്യക്കുറവ്. പുതിയ തലമുറയ്ക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ, വോട്ട് ചെയ്യാനോ താത്പര്യമില്ല.

മനപ്പൂർവം വോട്ടുവെട്ടി -കോൺഗ്രസ്

ഓരോ വാർഡിലും ആസൂത്രിതമായി 200 മുതൽ 300 വരെ കോൺഗ്രസ് വോട്ടുകൾ വെട്ടിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ആരുടെയൊക്കെ വോട്ടുകൾ വെട്ടിയിട്ടുണ്ടെന്ന കണക്കെടുത്ത് ഉടൻ പരാതി നൽകും. പോളിങ് ശതമാനം കുറയുന്നതിനുള്ള കാരണങ്ങളിലൊന്ന് ഇതാണ്.

മറ്റൊന്ന് യുവാക്കളിൽ പലരും വിദേശത്താണ്. ആയിരം പേരുള്ള ഒരു വാർഡെടുത്താൽ 80-100 വരെ യുവ വോട്ടർമാർ നാട്ടിലില്ല. അതേസമയം നാട്ടിലുള്ളവരെല്ലാം വോട്ട് ചെയ്തിട്ടുമുണ്ട്. ഭരണ വിരുദ്ധവികാരമുള്ളതിനാൽ ഇടത് അനുഭാവികളിൽ പലരും പ്രതിഷേധിച്ച് വോട്ടുചെയ്യാനെത്തിയിട്ടില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

രാഷ്ട്രീയത്തിൽ യുവാക്കളുടെ പങ്കാളിത്തം കുറയുന്നു

രാഷ്ട്രീയത്തിൽ യുവാക്കളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതായി മേയർ എം. അനിൽകുമാർ. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ ആവശ്യങ്ങൾ കൊണ്ട് യുവാക്കൾ പുറംരാജ്യങ്ങളിലാണ്. അതോടെ തിരഞ്ഞെടുപ്പിലുള്ള യുവതലമുറയുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വാർഡുകൾ വിഭജിച്ചതോടെ വോട്ടർമാരുടെ വോട്ടുകൾ വെട്ടി ഒഴിവാക്കിയെന്നു പറയുന്നത് ശരിയല്ല. ചുരുക്കം ചില കേസുകളിൽ മാത്രമാണ് അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളു.

കൊച്ചി കോർപ്പറേഷൻ 2020, 2025 തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനത്തിലെ വ്യത്യാസം. കോവിഡ് കാലമായ 2020-ൽ കോർപ്പറേഷനിലെ ആകെ പോളിങ് ശതമാനം 62.01 ആയിരുന്നു. 2025-ൽ പോളിങ് കുറയുന്ന രീതിയിലുള്ള പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നിട്ടും 62.44 ശതമാനത്തിലെ എത്തിയുള്ളു.

കോർപ്പറേഷൻ വാർഡ് - 2020 - 2025 എന്ന ക്രമത്തിൽ,

1. ഫോർട്ട്കൊച്ചി - 60.74 - 59.79, 2. കൽവത്തി - 69.86 - 68.25, 3. ഈരവേലി - 72.11 - 69.11, 4. കരിപ്പാലം - 67.76 - 72.88, 5. ചെറളായി - 61.97 - 58.45, 6. മട്ടാഞ്ചേരി - 60.87 - 66.66, 7. ചക്കാമാടം - 69.17 - 66.8, 8. കരുവേലിപ്പടി - 62.2 - 64.03, 9. ഐലൻഡ് നോർത്ത് - 76.43 - 80.88, 10. രവിപുരം - 55.33 - 52.62, 11. എറണാകുളം സൗത്ത് - 43.84 - 50.45, 12. ഗാന്ധിനഗർ - 54.97 - 56.76, 13. കത്തൃക്കടവ് - 55.07 - 54.92, 14. എറണാകുളം സെൻട്രൽ - 57.5 - 58.74, 15. എറണാകുളം നോർത്ത് - 52.82 - 56.13, 16. കലൂർ സൗത്ത് - 49.75 - 57.16, 17. കലൂർ നോർത്ത് - 57.16 - 60.19, 18. തൃക്കണാർവട്ടം - 54.26 - 58.06, 19. അയ്യപ്പൻകാവ് - 54.59 - 56.52, 20. പൊറ്റക്കുഴി - 56.39 - 61.04, 21. എളമക്കര സൗത്ത് - 65.02 - 68.82, 22. പച്ചാളം - 59.64 - 66.29, 23. തട്ടാഴം - 62.29 - 64.55, 24. വടുതല വെസ്റ്റ് - 67.04 - 61.18, 25. വടുതല ഈസ്റ്റ് - 65.72 - 69.91, 26. എളമക്കര നോർത്ത് - 69.98 - 68.71, 27. പുതുക്കലവട്ടം - 69.52 - 67.92, 28. കുന്നുംപുറം - 70.78 - 69.03, 29. പോണേക്കര - 62.01 - 61.03, 30. ഇടപ്പള്ളി - 61.33 - 63.69, 31. ചങ്ങമ്പുഴ - (പുതിയ വാർഡ്) - 58.45, 32. ദേവൻകുളങ്ങര - 57.67 - 55.5, 33. പാലാരിവട്ടം - (പഴയ മാമംഗലം) 57.92 - 62.31, 34. സ്റ്റേഡിയം - (പഴയ പാലാരിവട്ടം) 65.86 - 59.61, 35. കാരണക്കോടം - 59.3 - 64.21, 36. പുതിയ റോഡ് -(പഴയ കറുകപ്പിള്ളി) 60.61- 62.47, 37. പാടിവട്ടം - 63.55 - 60.03, 38. വെണ്ണല - 65.48 - 69.56, 39. ചക്കരപ്പറമ്പ് - 64.68 - 67.12, 40. ചളിക്കവട്ടം - 71.22 - 67.55, 41. തമ്മനം - 68.74 - 63.26, 42. എളംകുളം - 58.08 - 58.89, 43. ഗിരിനഗർ - 44.81 - 52.84, 44. പൊന്നുരുന്നി - 64.66 - 67.64, 45. പൊന്നുരുന്നി ഈസ്റ്റ് - 72.51 - 69.81, 46. വൈറ്റില - 66.51 - 62.65, 47. പൂണിത്തുറ - 60.56 - 61.38, 48. വൈറ്റില ജനത - 60.92 - 64.03, 49. കടവന്ത്ര - 54.42 - 58.68, 50. പനമ്പിള്ളി നഗർ - 51.93 - 51.96, 51. പെരുമാന്നൂർ - 52.34 - 60.13, 52. കോന്തുരുത്തി - 63.41 - 64.67, 53. തേവര - 67.4 - 55.57, 54. ഐലൻഡ് സൗത്ത് - 29.56 - 26.49, 55. കടേഭാഗം - 75.73 - 66.64, 56. പള്ളുരുത്തി ഈസ്റ്റ് - (പുതിയ വാർഡ്)- 70.26, 57. തഴുപ്പ് - 62.59 - 65.39, 58. ഇടക്കൊച്ചി നോർത്ത് - 67.83 - 63.16, 59. ഇടക്കൊച്ചി സൗത്ത് - 72.16 - 68.13, 60. പെരുമ്പടപ്പ് - 63.27 - 62.99, 61. കോണം - 68.18 - 66.03, 62. പള്ളുരുത്തി-കച്ചേരിപ്പടി - 63.00 - 67.19, 63. നമ്പ്യാപുരം - 64.65 - 65.83, 64. പള്ളുരുത്തി - (പുതിയവാർഡ്) - 62.00, 65. പുല്ലാർേദശം - 64.59 - 64.11, 66. തറേഭാഗം - 63.04 - 61.38, 67. തോപ്പുംപടി - 55.84 - 60.36, 68. മുണ്ടംവേലി ഈസ്റ്റ് (പുതിയവാർഡ്) - 54.94, 69. മുണ്ടംവേലി - 57.45 - 55.15, 70. മാനാശ്ശേരി - 69.38 - 64.43, 71. മൂലങ്കുഴി - 64.93 - 63.84, 72. ചുള്ളിക്കൽ - 62.66 - 64.42, 73. നസ്രത്ത് - 64.11 - 61.06, 74. പനയപ്പിള്ളി - 55.01 - 56.35, 75. അമരാവതി - 68.85 - 68.43, 76. ഫോർട്ട്കൊച്ചി വെളി - 60.66 - 62.36.