കടമക്കുടി: കാൽനൂറ്റാണ്ടായി എല്ലാ തിരഞ്ഞെടുപ്പുകളിലും നൂറുശതമാനം വോട്ട് രേഖപ്പെടുത്തുന്നയിടമാണ് കടമക്കുടി പഞ്ചായത്തിലെ മുറിക്കൽ ദ്വീപ്. ഒരാൾമാത്രം താമസിക്കുന്ന പ്രകൃതിമനോഹരമായ ദ്വീപ്‌ -‘മുറിക്കൽ’. രണ്ടരയേക്കറോളം വിസ്‌തൃതിയുള്ള ദ്വീപിലെ ഏകവോട്ടറാണ് 75-കാരനായ കെ.സി. ജോസഫ്.

To advertise here,

രണ്ടരപതിറ്റാണ്ടു മുൻപുവരെ ജോസഫിനുപുറമേ സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ മുറിക്കലിൽ 19 വോട്ടർമാരുണ്ടായിരുന്നു. പിന്നീട് കൂടുതൽ ജീവിതസൗകര്യങ്ങൾതേടി മറ്റുള്ളവരെല്ലാം ദ്വീപ് ഉപേക്ഷിച്ചുപോയതോടെ ജോസഫ് തനിച്ചായി.

പരിമിതികളുണ്ടെങ്കിലും ജനിച്ചുവളർന്നയിടം വിട്ടുപോകാൻ ജോസഫ് ഒരുക്കമായിരുന്നില്ല. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ ഭയമേതുമില്ലാതെ ദ്വീപിൽ തനിച്ചായി ജോസഫ് തുടർന്നു. നെല്ലും പച്ചക്കറിയും മത്സ്യവുമൊക്കെ കൃഷിചെയ്തു ജീവിതം മുന്നോട്ടുകൊണ്ടുപോയി.

അത്യാവശ്യകാര്യങ്ങൾക്കുമാത്രം സ്വന്തം ചെറുവഞ്ചിയിൽ മറുകരകളിലെത്തും. പുറംലോകത്തെ വാർത്തകൾ അറിയാൻ റേഡിയോ മാത്രമായിരുന്നു ആശ്രയം. കൃത്യമായ രാഷ്ട്രീയനിലപാടുള്ള ജോസഫ്, തിരഞ്ഞെടുപ്പിലെ ഓരോ വാർത്തയും അറിഞ്ഞിരുന്നതും റേഡിയോ വഴി. ഇപ്പോൾ എല്ലാദിവസവും മറുകരയിൽപ്പോയി പത്രം വായിക്കും.

ഷീറ്റുവലിച്ചുകെട്ടിയ ഒറ്റമുറിവീട്ടിലാണ് താമസം. സ്വന്തമായി റേഷൻകാർഡ് ഇല്ലാത്തതാണ് ലൈഫ് ഉൾപ്പെടെയുള്ള ഭവനപദ്ധതിയിൽ വീടുകിട്ടാൻ തടസ്സമായത്. കാർഡ് കിട്ടിയപ്പോൾ എപിഎൽ വിഭാഗത്തിലായതും സഹായങ്ങൾ ലഭ്യമാകാൻ തടസ്സമായി. നിലവിൽ ബിപിഎല്ലിലേക്ക് മാറിയിട്ടുണ്ട്.

പരിമിതമായ സൗകര്യങ്ങൾക്കിടയിലും പരാതിയേതുമില്ലാതെ തന്റെ സംരക്ഷകരായ അഞ്ചു വളർത്തുനായകൾക്കൊപ്പം ജോസഫ് ജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. 1341-ലെ മഹാപ്രളയത്തിലാണ് വൈപ്പിൻ ദ്വീപസമൂഹങ്ങളിൽനിന്ന്‌ വേർപെട്ട് ‘മുറിക്കൽ’ ദ്വീപുണ്ടാകുന്നത്.