തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലും മലപ്പുറത്തും സിപിഎമ്മിന് കനത്ത തിരിച്ചിടിയുണ്ടായെന്നും അത് ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എല്ലാ ജില്ലാ കമ്മിറ്റികളും ഈ മാസം ചേര്‍ന്ന് പരിശോധനകള്‍ നടത്തും. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം ഉണ്ടായിട്ടും എങ്ങനെ ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടായി എന്നതും പരിശോധിക്കുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനങ്ങള്‍ക്കായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.

To advertise here,

കപ്പല്‍ അങ്ങനെ മുങ്ങുന്നില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഇപ്പോഴും വ്യക്തമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

'മധ്യകേരളത്തിലും മലപ്പുറത്തും ഉണ്ടായ പരാജയം സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. ഏതെങ്കിലും വിഭാഗം ഞങ്ങള്‍ക്കെതിരായി എന്ന് പറയാന്‍ കഴിയില്ല. മലപ്പുറത്ത് 10 ലക്ഷം വോട്ട് എല്‍ഡിഎഫിനുണ്ട്. ന്യൂനപക്ഷം കൈവിട്ടിട്ടില്ലെന്നതിന്റെ സൂചനയാണ് അത്' ഗോവിന്ദന്‍ പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകള്‍ ചോരുന്നതില്‍ വെള്ളാപ്പള്ളി നടേശന് പങ്കുണ്ടോ എന്ന ചോദ്യത്തിന് പാര്‍ട്ടി അതും പരിശോധിക്കുമെന്നും ഗോവിന്ദന്‍ മറുപടി നല്‍കി. 'വെള്ളാപ്പള്ളിയുടെ പങ്കും പരിശോധിക്കും. ആരുടെ പങ്ക് പരിശോധിക്കുന്നതിലും പേടിയില്ല' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തിരഞ്ഞെടുപ്പ് വിധിയെ അംഗീകരിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം. കുതിര കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന സമീപനം സ്വീകരിക്കില്ല. ഇടതുപക്ഷവുമായി സഹകരിക്കാന്‍ മുന്നോട്ട് വരുന്ന സ്വതന്ത്രരുള്‍പ്പടെയുള്ളവരുമായി ചേര്‍ന്ന് ചിലയിടങ്ങളില്‍ ഭരണത്തിലേക്ക് വരും.

ബിജെപിയുള്‍പ്പടെയുള്ളവരുമായും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയ യുഡിഎഫുമായും ഒരു സഖ്യവും ഉണ്ടാക്കില്ല. കൊല്ലം കോര്‍പ്പറേഷനില്‍ നല്ല പോലെ തോറ്റു, അതില്‍ ഗൗരവപൂര്‍വ്വമായ പരിശോധന നടത്തും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തീരാതെ നടപടിയെടുക്കുന്ന പ്രശ്നമേയില്ല. ആരേയും സംരക്ഷിക്കില്ല. ശബരിമല വിഷയം തിരിച്ചടിയായോ ഇല്ലയോ എന്നത് പരിശോധിച്ചാലെ അറിയൂ. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ഇത്ര സീറ്റ് കിട്ടിയാല്‍ മതിയോ എന്നും ഗോവിന്ദന്‍ ചോദിച്ചു.

വോട്ടിന്റെ കണക്കില്‍ എല്‍ഡിഎഫിനാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്‍കൈ ഉള്ളതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. 'തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 1.75 ലക്ഷം വോട്ട് എല്‍ഡിഎഫിനുണ്ട്. ബിജെപിക്ക് 1.60 ലക്ഷം വോട്ടെ ഉള്ളൂ. യുഡിഎഫിന് 1.25 ലക്ഷം വോട്ടാണുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നേടിയ വിജയം ചൂണ്ടിക്കാട്ടി കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കി എന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന സീറ്റ് ഇത്തവണ ഇല്ല. നിലവിലുള്ള പഞ്ചായത്ത് ഭരണവും നഗരസഭയും അവര്‍ക്ക് നഷ്ടപ്പെട്ടു. പാലക്കാട് കേവല ഭൂരിപക്ഷം നേടിയിട്ടില്ല. പന്തളത്ത് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. ക്ഷേത്ര നഗരങ്ങള്‍ പിടിക്കുക എന്നത് അവരുടെ പ്രധാന പദ്ധതിയായിരുന്നു. അതില്‍ അവര്‍ വിജയിച്ചില്ല' എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ ഉള്‍പ്പടെയുള്ള വര്‍ഗീയ ശക്തികള്‍ ലീഗിനും കോണ്‍ഗ്രസിനും വേണ്ടി എല്‍ഡിഎഫിനെതിരെ നല്ല പ്രചാരവേല നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.