പുറത്താക്കിയ വിവരം അറിയിച്ച് മാരാരിക്കുളത്ത് പല സ്ഥലങ്ങളിലും പാർട്ടി പോസ്റ്ററുകളും പതിച്ചു

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽഡിഎഫിലെ സിപിഐ സ്ഥാനാർഥിക്കെതിരേ കുടുംബശ്രീ ഭാരവാഹി മത്സരരംഗത്ത്. സംഭവത്തിൽ ഒൻപതു പ്രാദേശിക നേതാക്കളെ സിപിഎം പുറത്താക്കി. മുൻ പഞ്ചായത്ത് മെമ്പറും കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്‌സണുമായ ആശ ഉല്ലാസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ജി. അനിൽകുമാർ, പി. രാജു, ലതീഷ് കുമാർ, പാർട്ടി അംഗങ്ങളായ അജയകുമാർ, ഉത്തമൻ, അശോകൻ, പി.ആർ. ഭാസ്കരൻ, കെ.പി. ബിജു എന്നിവരെയാണ് സിപിഎം മാരാരിക്കുളം ലോക്കൽ കമ്മിറ്റി പുറത്താക്കിയത്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ ആശ ഉല്ലാസ് മത്സരിക്കാനായി നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. സിപിഐയിലെ എൻ.കെ. ബാബുവാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. സ്വതന്ത്രയായി മത്സരിക്കുന്ന ആശ ഉല്ലാസിനൊപ്പം വോട്ടുതേടി ഇറങ്ങിയതിനാലാണ് മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരെയും അഞ്ചു മെമ്പർമാരെയും സിപിഎം പുറത്താക്കിയത്. ഇവരെ പുറത്താക്കിയ വിവരം അറിയിച്ച് മാരാരിക്കുളത്ത് പല സ്ഥലങ്ങളിലും പാർട്ടി പോസ്റ്ററുകളും പതിച്ചു.
എൽഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററിനൊപ്പമാണ് അച്ചടക്കനടപടി പോസ്റ്ററും പതിച്ചിട്ടുള്ളത്. ആശ ഉല്ലാസ് എൽഡിഎഫിലെ സിപിഐ സ്ഥാനാർഥിയായി മത്സരിച്ചാണ് നേരത്തേ പഞ്ചായത്ത് അംഗമായത്. പിന്നീട്, സിപിഐ അച്ചടക്കനടപടി സ്വീകരിച്ചപ്പോൾ സിപിഎമ്മിൽ ചേർന്നു. കുടുംബശ്രീ പഞ്ചായത്തുതല ഭാരവാഹിയും മാരാരിക്കുളം സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായി.
സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും അനുമതിയോടെയാണ് മാരാരിക്കുളത്ത് കൂട്ട അച്ചടക്ക നടപടി സ്വീകരിച്ചത്. പാർട്ടി തീരുമാനം ഇല്ലാതെ നാമനിർദേശപത്രിക സമർപ്പിച്ച പ്രാദേശിക നേതാക്കളുമായി സിപിഎം സമവായ ചർച്ചപോലും നടത്തിയില്ല. ലോക്കൽ കമ്മിറ്റി കൂടി പുറത്താക്കാൻ തീരുമാനം എടുത്ത് ഏരിയ കമ്മിറ്റിക്കു നൽകുകയായിരുന്നു.
Content Highlights: Mass Expulsion in CPI(M) Mararikulam: Nine Leaders Including Branch Secretaries Sacked for Supporting Rebel Candidate Asha Ullas
Published: 24 Nov 2025, 10:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented