കുട്ടനാട്: ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം കുട്ടനാട്ടിൽ തദ്ദേശതിരഞ്ഞെടുപ്പ് സീറ്റുവിഭജനത്തിൽ കീറാമുട്ടിയാകുന്നു. പരസ്പരം പോരടിക്കുന്ന സമീപനമാണ് കുട്ടനാട്ടിലെമ്പാടും കഴിഞ്ഞ കുറച്ചുനാളായി ഇടതുമുന്നണിയിലെ പ്രബലർക്ക്. രാമങ്കരി തന്നെയാണ് ശ്രദ്ധാകേന്ദ്രം.

To advertise here,

ഇവിടെ സിപിഎമ്മും സിപിഐയും തമ്മിൽ മത്സരിക്കുമെന്ന് ഉറപ്പായി. പഞ്ചായത്ത് ഭരണംപിടിക്കുക എന്ന ലക്ഷ്യത്തോടെ എട്ടു സീറ്റിലാണ് സിപിഐ മത്സരിക്കുക. ഒരുതരത്തിലും ഒന്നിച്ചുപോകാനാവില്ലെന്ന് ഇരുപാർട്ടികളും തറപ്പിച്ചു പറയുന്നു.

സിപിഐ വിരോധംകാരണം സിപിഎം കോൺഗ്രസിന് കൈകൊടുത്ത സ്ഥലമാണ് രാമങ്കരി. വിഭാഗീയത മൂത്ത് സിപിഎമ്മിന്റെ ടിക്കറ്റിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ രാജേന്ദ്രകുമാറിനെ താഴെയിറക്കാൻ അവർതന്നെ അവിശ്വാസം കൊണ്ടുവന്നിരുന്നു. അവിശ്വാസം ചർച്ചയ്‌ക്കെടുക്കുംമുൻപ് രാജേന്ദ്രകുമാർ രാജിവെച്ചൊഴിഞ്ഞു. പിന്നീട് സിപിഎം പിന്തുണയോടെ കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തു.

സിപിഎം- സിപിഐ തർക്കങ്ങളുടെ പ്രധാനകേന്ദ്രം എന്നനിലയിൽ രാമങ്കരി ശ്രദ്ധാകേന്ദ്രമാണ്. അഞ്ച് സീറ്റാണ് രാമങ്കരിയിൽ സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സീറ്റ് മാത്രമേനൽകൂ എന്നാണ് സിപിഎം നിലപാട്. ഇതിൽ പ്രതിഷേധിച്ചാണ് എട്ടിടത്ത് സിപിഐ സ്വന്തംനിലയ്ക്ക് സ്ഥാനാർഥികളെ നിർത്തുന്നത്. മുട്ടാറിലും സമാനമായ സാഹചര്യമാണ്.

മൂന്നു സീറ്റാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരെണ്ണമേ നൽകൂ എന്ന സിപിഎം നിലപാടിൽ പ്രതിഷേധിച്ച് കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് സിപിഐ തീരുമാനം.

തങ്ങളുടെ സിറ്റിങ് സീറ്റുകൾപോലും പലയിടത്തും സിപിഎം വിട്ടുനൽകുന്നില്ലെന്ന പരാതി സിപിഐക്കുണ്ട്.

നീലംപേരൂർ, കാവാലം, ചമ്പക്കുളം, എടത്വാ, നെടുമുടി, കൈനകരി എന്നിവിടങ്ങളിൽ സീറ്റുതർക്കത്തിനു പരിഹാരമായിട്ടില്ല. കൈനകരിയിൽ രണ്ട് സീറ്റുകൾ സിപിഐക്ക് നൽകാൻ ധാരണയായെങ്കിലും ഏതൊക്കെയെന്നതിലാണ് തർക്കം.

തലവടിയിൽ നീരേറ്റുപുറം അടക്കം നാലുസീറ്റുകൾ സിപിഐ ആവശ്യപ്പെട്ടു, തകഴിയിൽ സീറ്റ് ചർച്ച നടക്കുമ്പോൾത്തന്നെ ഏകപക്ഷീയമായി സിപിഎം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. തർക്കമുള്ള എല്ലായിടത്തും സിപിഎം വഴങ്ങുന്നില്ലെങ്കിൽ തനിച്ചു മത്സരിക്കാനാണ് സിപിഐ തീരുമാനം.